ചീത്ത ചങ്ങാത്തവും ലഹരിയും

നല്ല കൂട്ടുകാരനെ കസ്തൂരി ചുമക്കുന്നയാളോടും ചീത്ത കൂട്ടുകാരനെ ഇരുമ്പു പണിപ്പുരയിലെ തീയില്‍ ഊതുന്നയാളോടുമാണ് നബി (സ്വ) ഉപമിച്ചത്. കസ്തൂരി വാഹകനില്‍ നിന്ന് ആ സുഗന്ധം കിട്ടാനോ വാങ്ങോനോ, അതുമല്ലെങ്കില്‍ മണക്കാനെങ്കിലും സാധിക്കും. തീയില്‍ ഊതുന്ന ഇരുമ്പു പണിക്കാരനില്‍ നിന്ന് വസ്ത്രത്തിലേക്ക് തീപ്പൊരികള്‍ ഏല്‍ക്കുകയും ദുഷിച്ച വാസന മണക്കുകയും ചെയ്‌തേക്കാം (ഹദീസ് ബുഖാരി, മുസ്‌ലിം). നന്മയിലേക്കും തിന്മയിലേക്കും നയിക്കാന്‍ കഴിയുന്നയാളാണ് കൂട്ടുകാരന്‍. നന്മയുള്ള കൂട്ടുകാരനെയാണ് സത്യവിശ്വാസി തെരഞ്ഞെടുക്കേണ്ടത്. കൂട്ടുകാരന്റേത് പ്രകാരമായിരിക്കും ഒരാളുടെ ആദര്‍ശമുണ്ടായിക്കുകയെന്നും. അതിനാല്‍ നല്ല വണ്ണം ചിന്തിച്ചാലോചിച്ചായിരിക്കണം കൂട്ടുകാരനെ തെരഞ്ഞെടുക്കേണ്ടതെന്നും നബി (സ്വ) ഉണര്‍ത്തിയിട്ടുണ്ട് (ഹദീസ് അബൂദാവൂദ് 4833, തുര്‍മുദി 2378).
പലരും ലഹരി ഭ്രമത്തിലെത്തിപ്പെടുന്നത് കൂട്ടുകെട്ടുകളിലൂടെയാണ്. 95 ശതമാനം ലഹരി ആസക്തിയുള്ളവരും ചീത്ത ചങ്ങാത്തത്തില്‍ പെട്ടു പോയവരാണ്. രക്ഷിതാക്കള്‍ മക്കളെ നന്നായി ശ്രദ്ധിക്കണം. കൗമാരം മത്തു പിടിച്ച് കളയേണ്ടതല്ല. ചെറുപ്പത്തില്‍ തന്നെ മക്കളില്‍ ദീനീ ബോധവും സല്‍സ്വഭാവങ്ങളും ഉണ്ടാക്കിയെടുക്കണം. അവരുടെ ചങ്ങാതിമാര്‍ ആരൊക്കെയെന്ന് അറിഞ്ഞിരിക്കണം. നല്ല കൂട്ടുകാരെ തെരഞ്ഞടുക്കാന്‍ സഹായിക്കുകയും വേണം. സത്യവിശ്വാസികളോടല്ലാതെ കൂട്ടു കൂടരുത് (ഹദീസ് അബൂ ദാവൂദ് 4832, തുര്‍മുദി 2395). മക്കളോട് കൂടെയിരിക്കാനും സംസാരിക്കാനുമുള്ള കുടുംബാന്തരീക്ഷം മാതാപിതാക്കള്‍ ഉണ്ടാക്കണം. മോശം സൗഹൃദങ്ങളില്‍ നിന്ന് അകറ്റാനും അപകടങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാനും സാധിക്കണം. ലഹരിയാസക്തിയില്‍ അമര്‍ന്നവരിലധികവും കെട്ടുറപ്പും സുഭ്രദതയുമുള്ള കുടുബമില്ലാത്തവരാണ്. നമ്മുടെ മക്കളെ ഈ ചതിക്കുഴികളില്‍ പെടാതെ വളര്‍ത്തേണ്ടത് നമ്മുടെ ബാധ്യതയാണ്.
ലഹരിക്ക് അടിമപ്പെട്ടയാള്‍ സ്വമേധയാലോ കുടുംബക്കാര്‍ മുഖേനയോ ലഹരി മുക്ത ചികിത്സക്കായി ബന്ധപ്പെടുകയാണെങ്കില്‍ യുഎഇ ലഹരി നിയമം 43ാം അനുഛേദം പ്രകാരം മാപ്പ് നല്‍കുന്നതാണ്. ബന്ധമുള്ള ആരെങ്കിലും ലഹരി അടിമപ്പെട്ടെന്ന് അറിഞ്ഞാല്‍ ദേശീയ പുനരധിവാസ കേന്ദ്രത്തെയോ (നമ്പര്‍ 800 2252) മറ്റു ഔദ്യോഗിക വൃത്തങ്ങളെയോ വിവരമറിയിക്കണം. അവരുടെയും മറ്റുള്ളവരുടെയും ഭാവിക്കും ജീവിതത്തിനും നാം അങ്ങനെയെങ്കിലും രക്ഷ നല്‍കണം.