സിബിഎസ്ഇ പ്‌ളസ് ടു പരീക്ഷയില്‍ ഉജ്വല വിജയവുമായി ഗള്‍ഫ് ഏഷ്യന്‍ ഇംഗ്‌ളീഷ് സ്‌കൂള്‍

186

ഷാര്‍ജ: സിബിഎസ്ഇ പ്‌ളസ് ടു പരീക്ഷയില്‍ ഉജ്വല വിജയം ആവര്‍ത്തിച്ച് ഗള്‍ഫ് ഏഷ്യന്‍ ഇംഗ്‌ളീഷ് സ്‌കൂള്‍. ഇത്തവണ 85 പെണ്‍കുട്ടികളെയും 99 ആണ്‍കുട്ടികളെയുമാണ് സ്‌കൂള്‍ പരീക്ഷക്കിരുത്തിയത്. പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മിന്നും വിജയം നേടാനായത് സ്‌കൂളിന്റെ നേട്ടത്തിന്റെ മാറ്റ് കൂട്ടി. സയന്‍സ് വിഭാഗത്തില്‍ 87.87 ശതമാനം വിദ്യാര്‍ത്ഥികളും കൊമേഴ്‌സ് വിഭാഗത്തില്‍ 71.76 ശതമാനം വിദ്യാര്‍ത്ഥികളും ഡിസ്റ്റിംഗ്ഷനോടെ മികച്ച വിജയം നേടി.

കൊമേഴ്‌സ് വിഭാഗത്തില്‍ 97 ശതമാനം മാര്‍ക്ക് നേടി വാഷ കന്‍വല്‍ സ്‌കൂള്‍ ടോപറായി. ഇതേ വിഭാഗത്തില്‍ 93.8 ശതമാനം മാര്‍ക്ക് നേടി അതിഥി റാവു, ശാമില അബ്ബാസ് എന്നിവര്‍ സെക്കന്റ് ടോപറും 93.6 ശതമാനം മാര്‍ക്കോടെ നിസാം മുഹമ്മദ് തേഡ് ടോപറുമായി.
96.4 ശതമാനം മാര്‍ക്ക് നേടി കെസിയ മറിയം ഷാജി, 95.8 ശതമാനം മാര്‍ക്കോടെ ടിയ മറിയം തോമസ്, 95.3 മാര്‍ക്കോടെ അഷിന്‍ മുരളീധരന്‍ എന്നിവര്‍ സയന്‍സ് വിഭാഗത്തില്‍ സ്‌കൂള്‍ ടോപര്‍മാരായി. പ്രതിസന്ധികളുടെ കാലത്തും മികച്ച പ്രയത്‌നത്തിലൂടെ ഉജ്വല വിജയം നേടിയ വിദ്യാര്‍ത്ഥികളെ പേസ് ഗ്രൂപ് ചെയര്‍മാന്‍ പി.എ ഇബ്രാഹിം ഹാജി, സ്‌കൂള്‍ ഡയറക്ടര്‍ സുബൈര്‍ ഇബ്രാഹിം, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. നസ്‌റീന്‍ ബാനു ബി.ആര്‍ എന്നിവര്‍ അഭിനന്ദിച്ചു.