കോവിഡ്19: മരിച്ച പ്രവാസികളുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം ഉറപ്പ് വരുത്തണം -അബുദാബി കെഎംസിസി

അബുദാബി: കോവിഡ്19 മൂലം മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാര പട്ടികയില്‍ നിന്നും വിദേശത്ത് മരിച്ച പ്രവാസികളെ ഒഴിവാക്കരുതെന്ന് അബുദാബി കെഎംസിസി ആവശ്യപ്പെട്ടു.ജോലി തേടി വിദേശ രാജ്യങ്ങളിലെത്തിയ തങ്ങളുടെ പ്രിയപ്പെട്ടവര്‍ മരിച്ചതോടെ നിരവധി കുടുംബങ്ങളുടെ ഭാവി ഇരുളടഞ്ഞ അവസ്ഥയിലാണ്.
കെഎംസിസി നേരത്തെ തന്നെ പല ഘട്ടങ്ങളിലായി ഈ വിഷയം കേരള സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. അനുകൂലമായി ഒരു തീരുമാനവും ഇതു വരെ ഉണ്ടായിട്ടില്ല. സുപ്രീം കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കുമ്പോഴെങ്കിലും പ്രവാസികള്‍ തഴയപ്പെടരുത്.
ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ മലയാളികളുടെ ലിസ്റ്റ് കെഎംസിസി തയാറാക്കി നല്‍കുമെന്നും അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങല്‍, ജന.സെക്രട്ടറി അഡ്വ. കെ.വി മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ പി.കെ അഹമ്മദ് എന്നിവര്‍ അറിയിച്ചു.