കോവിഡ് നഷ്ടപരിഹാരം: കെഎംസിസി കോണ്‍സുലേറ്റ് ജനറലിനെ സമീപിച്ചു

യുഎഇ കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍, ഉപദേശക സമിതി ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹിയിദ്ദീന്‍, ജന.സെക്രട്ടറി അന്‍വര്‍ നഹ എന്നിവര്‍ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരിയെ കണ്ട് കോവിഡ്19 ബാധിച്ച് മരിച്ച പ്രവാസി ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന നിവേദനം സമര്‍പ്പിച്ചപ്പോള്‍

മരിച്ച പ്രവാസികള്‍ക്കും സഹായം ലഭ്യമാക്കണമെന്ന് നിവേദനം

ദുബൈ: കോവിഡ്19 ബാധിച്ച് മരിച്ച പ്രവാസി ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന നിവേദനവുമായി യുഎഇ കെഎംസിസി ഭാരവാഹികള്‍ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിനെ സമീപിച്ചു. സുപ്രീം കോടതി ഇന്ത്യാ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടത് പ്രകാരമുള്ള നഷ്ടപരിഹാരം ലഭിക്കുന്നവരില്‍ കോവിഡ് മൂലം മരിച്ച പ്രവാസികളുടെ കുടുംബങ്ങളെയും ഉള്‍പ്പെടുത്തണമെന്ന നിവേദനമാണ് കെഎംസിസി സമര്‍പ്പിച്ചത്. കെഎംസിസി നേതാക്കളെ ഹാര്‍ദമായി സ്വീകരിച്ച കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍പുരി നിവേദനം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന ഉറപ്പു നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു.
ദേശീയ ദുരന്തമായി പ്രഖ്യാപിക്കപ്പെട്ട കോവിഡ്19 ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന സുപ്രീം കോടതിയുടെ ചരിത്ര പ്രധാനമായ വിധിയുടെ പശ്ചാത്തലത്തിലാണ് കെഎംസിസി കോണ്‍സുല്‍ ജനറലിന് മുന്‍പാകെ നിവേദനം സമര്‍പ്പിച്ചത്. പ്രവാസ ലോകം മുഴുവന്‍ ഈ ആവശ്യം ഉന്നയിക്കുകയാണ്. കോവിഡ്19 നഷ്ടപരിഹാരം നല്‍കുക എന്നത് പ്രധാനമന്ത്രി അധ്യക്ഷനായ ദേശീയ ദുരന്ത നിവാരണ അഥോറിറ്റിയുടെ ചുമതലയാണെന്ന പരമോന്നത നീതിപീഠത്തിന്റെ നിര്‍ദേശം ആറെ ആശ്വാസം നല്‍കുന്ന ഒന്നാണ്. മരിച്ചവരുടെ കുടുംബത്തിന് മിനിമം സഹായം നല്‍കണമെന്നാണ് തുക എത്രയെന്ന് പറയാതെ സുപ്രീം കോടതി നിര്‍ദേശിച്ചത്. ഇന്ത്യാ ഗവണ്‍മെന്റ് ഈ നഷ്ടപരിഹാരത്തുക നല്‍കുമ്പോള്‍ അതില്‍ പ്രവാസി ഇന്ത്യക്കാരെ ഉള്‍പ്പെടുത്തണമെന്നത് സാമൂഹിക നീതിയുടെ പ്രശ്‌നമാണ്. പ്രവാസ ലോകത്തിന്റെ ക്ഷേമ കാര്യങ്ങളില്‍ സ്വന്തം നിലക്കും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഇടപെടലുകള്‍ നടത്തിയും പ്രവര്‍ത്തിക്കുന്ന കെഎംസിസിയെ അഭിനന്ദിച്ചു കൊണ്ടാണ് നിവേദനം കോണ്‍സുല്‍ ജനറല്‍ സ്വീകരിച്ചത്. നിവേദനത്തിലെ നിര്‍ദേശങ്ങള്‍ വിദേശ കാര്യ വകുപ്പിന് കൈമാറുമെന്ന് കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍പുരി ഉറപ്പു നല്‍കിയതായും യുഎഇ കെഎംസിസി പ്രസിഡന്റ് പുത്തുര്‍ റഹ്മാന്‍ വ്യക്തമാക്കി. പുത്തൂര്‍ റഹ്മാനോടൊപ്പം, യുഎഇ കെഎംസിസി നാഷണല്‍ കമ്മിറ്റി ഉപദേശക സമിതി ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹിയിദ്ദീന്‍, ജന.സെക്രട്ടറി അന്‍വര്‍ നഹ എന്നിവരാണ് കോണ്‍സുല്‍ ജനറലിനെ കണ്ടത്.