കോവിഡ്19: സര്‍ക്കാര്‍ സാമ്പത്തിക സഹായ പദ്ധതിയില്‍ മരിച്ച പ്രവാസീ കുടുംബങ്ങളെ കൂടി ഉള്‍പ്പെടുത്തണം -ഇന്‍കാസ്‌

ഷാര്‍ജ: കോവിഡ്19 പിടിപെട്ട് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്ന സുപ്രീം കോടതി വിധി ഏറെ ആശ്വാസകരമാണെന്നും മരിച്ച പ്രവാസികളെ കൂടി കോടതി വിധിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും ഇന്‍കാസ് യുഎഇ ആക്റ്റിംഗ് പ്രസിഡണ്ട് ടി.എ രവീന്ദ്രനും ജന.സെക്രട്ടറി പുന്നക്കല്‍ മുഹമ്മദലിയുംസംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ആയിരക്കണക്കിന് കോടിയുടെ വിദേശ നാണ്യം കേരളത്തിന് നേടിത്തരുന്ന പവാസികളെ പല പ്രതിസന്ധി ഘട്ടങ്ങളിലും വിസ്മരിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായുള്ളത്. ഏറ്റവും ദുരിതപൂര്‍ണമായ കാലഘട്ടത്തില്‍ ജോലി നഷ്ടപ്പെട്ട് സാമ്പത്തികമായി തകര്‍ന്ന, കോവിഡ്19 മൂലം ജീവന്‍ നഷ്ടപ്പെട്ട പ്രവാസീ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയെന്നത് സര്‍ക്കാറിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ആശ്വാസമാണ്. ആയിരക്കണക്കിന് പ്രവാസികളാണ് കൊറോണ വൈറസ് മൂലം ഗള്‍ഫില്‍ മരിച്ചത്. നിര്‍ധനരായ പ്രവാസി കുടുംബങ്ങളെ മുഖ്യ ധാരയിലെത്തിക്കാന്‍ സുപ്രീം കോടതി വിധി ബാധക മാക്കുന്നതോടെ സാധിക്കുമെന്ന് ഇന്‍കാസ് നേതാക്കള്‍ സൂചിപ്പിച്ചു. കേരളത്തിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ റാപിഡ് പിസിആര്‍ ടെസ്റ്റുകളില്‍ കടുത്ത വിവേചനമാണ് തുടരുന്നത്. പ്രത്യേകിച്ചും, ഭൂരിഭാഗം പ്രവാസികള്‍ ആശ്രയിക്കുന്ന കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍. 2,400 രൂപ നെടുമ്പാശ്ശേരിയിലും തിരുവനന്തപുരത്തും ഈടാക്കുമ്പോള്‍ കരിപ്പൂരില്‍ 3,500 രൂപയാണ് വാങ്ങുന്നത്. റാപിഡ് പിസിആര്‍ ടെസ്റ്റുകള്‍ മുഴുവന്‍ എയര്‍പോര്‍ട്ടുകളിലും സൗജന്യമാക്കണമെന്നും ഇന്‍കാസ് നേതാക്കള്‍ ആവശ്യപ്പെട്ടു. കോവിഡ്19 രണ്ടാം വകഭേദത്തിന്റെ തീവ്രതയിലകപ്പെട്ട് രണ്ടു മാസമായി നാട്ടില്‍ കഴിയുന്ന പ്രവാസികള്‍ക്ക് എത്രയും വേഗം ഗള്‍ഫില്‍ തിരിച്ചെത്താനും ജോലിയില്‍ പ്രവേശിക്കാനുമുള്ള സാഹചര്യമുണ്ടാക്കാന്‍ ആവശ്യമായ ഇടപെടല്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്നും ഇന്‍കാസ് നേതാക്കള്‍ ആവശ്യപ്പെട്ടു. യാത്രക്ക് മുന്നോടിയായ പരിശോധനാ സംവിധാനങ്ങള്‍ 4 എയര്‍പോര്‍ട്ടുകളിലു സജ്ജമാക്കാന്‍ സര്‍ക്കാറിന്റെ അടിയന്തിര ശ്രദ്ധയുണ്ടാ വണമെന്നും നേതാക്കള്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.