കുവൈത്തില്‍ കോവിഡ്19 ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് സഹായധനം നല്‍കും: ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്

41
കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ്19 ബാധിച്ച് മരിച്ച നിര്‍ധനരായ ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപയുടെ സഹായധനം അനുവദിച്ച് കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്. 120 ദിനാറില്‍ കുറഞ്ഞ ശമ്പളമുള്ളവര്‍ക്കാണ് ഈ ആനുകൂല്യം നല്‍കുകയെന്നും ഇന്ത്യന്‍ എംബസിയില്‍ നടന്ന ഓപണ്‍ ഹൗസ് പരിപാടിയില്‍ അദ്ദേഹം അറിയിച്ചു. ഇന്ത്യന്‍ കമ്യൂണിറ്റി സപ്പോര്‍ട്ട് ഗ്രൂപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്നും അംബാസഡര്‍ പറഞ്ഞു. കോവിഡ് ബാധിച്ചു വിദേശ രാജ്യങ്ങളില്‍ മരിച്ച പ്രവാസികളെ സര്‍ക്കാറുകള്‍ അവഗണിക്കുന്നുവെന്ന പരാതികള്‍ ഉയരുന്നതിനിടയിലാണ് സുപ്രധാന പ്രഖ്യാപനവുമായി കുവൈത്തിലെ ഇന്ത്യന്‍ എംബസി മുന്നോട്ട് വന്നത്. ചരിത്രപരമായ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അംബാസര്‍ഡര്‍ക്ക് നന്ദി അറിയിക്കുന്നതായും കുവൈത്ത് കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത് പറഞ്ഞു.
കോവിഡ് മൂലം മരിച്ച കുവൈത്തിലെ പ്രവാസികളുടെ ആശ്രിതര്‍ക്ക് കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നും സഹായം നല്‍കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കഴിഞ്ഞ വര്‍ഷം അംബാസഡറെ സന്ദര്‍ശിച്ചപ്പോള്‍ കുവൈത്ത് കെഎംസിസി ഭാരവാഹികള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. അതിന്റെ സാധുത പഠിച്ച് വേണ്ടത് ചെയ്യാമെന്ന് അംബാസഡര്‍ നല്‍കിയ ഉറപ്പാണ് ഇപ്പോള്‍ നടപ്പായിരിക്കുന്നത്. താഴ്ന്ന വരുമാനക്കാരായ കൂടുതല്‍ പേരുടെ ആശ്രിതര്‍ക്ക് കൂടി ഈ ആനുകൂല്യം വ്യാപിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് അവരും.