ദുബൈ കെഎംസിസി ലീഗല്‍ വെബിനാര്‍ നടത്തി

ദുബൈ കെഎംസിസി ലീഗല്‍ സെല്‍ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വെബിനാര്‍ അഡ്വ. മുസാബ് അലി അല്‍ നഖ്ബി ഉദ്ഘാടനം ചെയ്യുന്നു

ദുബൈ: കോവിഡ്19 പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് യുഎഇയിലെ തൊഴില്‍, യാത്രാ നിയമങ്ങളില്‍ സമകാലികമായി വന്ന ഭേദഗതികളെ കുറിച്ച് സംവദിക്കാന്‍ ദുബൈ കെഎംസിസി ലീഗല്‍ സെല്‍ ആഭിമുഖ്യത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു.
ദുബൈ കമ്യൂണിറ്റി ഡെവലപ്‌മെന്റ് അഥോറിറ്റിയുടെ അനുമതിയോടെ ഇത് മൂന്നാം തവണയാണ് യുഎഇയിലെ പ്രമുഖ അഭിഭാഷകരുടെ നേതൃത്വത്തില്‍ വെബിനാര്‍ ഒരുക്കിയത്.
വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള തൊഴിലാളികളും തൊഴിലുടമകളും പങ്കെടുത്ത വെബിനാറില്‍ തൊഴില്‍, പാസ്‌പോര്‍ട്ട്,
വിസ, യാത്ര, താമസം, ബിസിനസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നങ്ങള്‍ അഭിഭാഷകരുമായി മുഖാമുഖം സംവദിച്ച് പരിഹാര മാര്‍ഗങ്ങള്‍ ആരാഞ്ഞു.
ദുബൈ കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ അഡ്വ. മുസാബ് അലി അല്‍ നഖ്ബി വെബിനാര്‍ ഉദ്ഘാടനം ചെയ്തു. ലീഗല്‍ സെല്‍ ചെയര്‍മാന്‍ അഡ്വ. ഇബ്രാഹിം ഖലീല്‍ അധ്യക്ഷത വഹിച്ചു. അഡ്വ. മുഹമ്മദ് റാഫി, അഡ്വ. അഷ്‌റഫ് കൊവ്വല്‍, അഡ്വ. നാസിയ തുടങ്ങിയവര്‍ പങ്കെടുത്തു. ലീഗല്‍ സെല്‍ ജന.കണ്‍വീനര്‍ അഡ്വ. മുഹമ്മദ് സാജിദ് സ്വാഗതവും അഡ്വ. ഫൈസല്‍ നന്ദിയും പറഞ്ഞു.