ആസ്റ്റര്‍ ഗ്രൂപ്പിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാ മെഡി.ജീവനക്കാര്‍ എന്നിവരുള്‍പ്പെട്ട 73 അംഗ സംഘം മടങ്ങിയെത്തി

ആസ്റ്റര്‍ ഗ്രൂപ്പിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാ മെഡി.ജീവനക്കാര്‍ എന്നിവരുള്‍പ്പെട്ട 73 അംഗ സംഘം മടങ്ങിയെത്തി

ദുബൈ: ആസ്റ്റര്‍ ഗ്രൂപ്പിന്റെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ അടക്കമുള്ള ജീവനക്കാര്‍ ആസ്റ്ററിനെ പിന്തുണച്ച് അനുവദിക്കപ്പെട്ട പ്രത്യേക അനുമതിയോടെ ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് മടങ്ങിയെത്തി.
ഇന്ത്യയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാ മെഡിക്കല്‍ ജീവനക്കാര്‍ എന്നിവരുള്‍പ്പെട്ട 73 അംഗ സംഘമാണ് യുഎഇയിലേക്ക് മടങ്ങിയെത്തിയത്. ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്കും ക്‌ളിനിക്കുകള്‍ക്കുമായി ദുബൈ ഹെല്‍ത് അഥോറിറ്റി (ഡിഎച്എ) നല്‍കിയ അനുമതി ലഭിച്ചതോടെ 73 ആരോഗ്യ പ്രവര്‍ത്തകരുടെ രണ്ട് ബാച്ചുകള്‍ ബുധനാഴ്ച യുഎഇയിലേക്ക് പുറപ്പെടുകയായിരുന്നു. യുഎഇയിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍, ക്‌ളിനിക്കുകള്‍ എന്നിവയടക്കമുള്ള ആസ്റ്റര്‍ ശൃംഖലയുടെ വിവിധ യൂണിറ്റുകളില്‍ ജോലി ചെയ്തു വരുന്ന ആരോഗ്യ പ്രവര്‍ത്തകരും ഈ ടീമില്‍ ഉള്‍പ്പെടുന്നു. ഇപ്പോഴും നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ യുഎഇയിലേക്ക് തിരിച്ചു വരാന്‍ സാധിക്കാതെ ഇന്ത്യയില്‍ തുടരുകയാണ്.


കോവിഡ്19 അനുബന്ധ യാത്രാ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നപ്പോള്‍ നിരവധി ആരോഗ്യ പരിചരണ വിദഗ്ധരും നാട്ടില്‍ അവധിയിലായിരുന്നു. തീവ്ര പരിചരണ വിഭാഗങ്ങളില്‍ പരിചയ സമ്പന്നരായ മെഡിക്കല്‍ പ്രൊഫഷണലുകളും കോവിഡ്19 രോഗികളെ ചികിത്സിക്കുന്നതില്‍ വൈദഗ്ധ്യം നേടിയവരും അടങ്ങുന്നതാണ് ഈ ടീം.
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് മടങ്ങാന്‍ കഴിയാതെ വന്ന ഞങ്ങളുടെ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകരെ കൊണ്ടുവരാന്‍ ഒരു പ്രത്യേക വിമാന യാത്രാ അനുമതിക്കായി ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ ഡിഎച്എയെ സമീപിക്കുകയായിരുന്നു. ഡിഎച്എ ഇതിന് അനുമതി നല്‍കുകയും അംഗീകൃത യാത്രക്കാരുടെ പട്ടിക എമിറേറ്റ്‌സിന് കൈമാറുകയും ചെയ്തു.
വിദേശ കാര്യ മന്ത്രാലയം നിര്‍ദേശിച്ച എല്ലാ അനുമതികളും ടീമിന് ലഭ്യമായെന്ന് യുഎഇയിലെ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്റ് ക്‌ളിിനിക്‌സ് സിഇഒ ഡോ. ഷെര്‍ബാസ് ബിച്ചു പറഞ്ഞു. കര്‍ണാടക, കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, മഹാരാഷ്ട്ര (മുംബൈ), ഹൈദരാബാദ്, മധ്യപ്രദേശ് (ഇന്‍ഡോര്‍) എന്നീ ഭാഗങ്ങളില്‍ നിന്ന് ആരോഗ്യ പരിപാലന വിദഗ്ധര്‍ ജൂലൈ 7ന് കൊച്ചി, ബംഗളൂരു എനനീ ടെര്‍മിനലുകളില്‍ എത്തുകയും യുഎഇയിലേക്ക് യാത്ര ചെയ്യുകയുമായിരുന്നു. ഈ ക്രമീകരണം സാധ്യമാക്കാന്‍ ആസ്റ്ററിന് നല്‍കിയ എല്ലാ പിന്തുണക്കും ദുബൈ സര്‍ക്കാര്‍, ദുബൈ ഹെല്‍ത് അഥോറിറ്റി, ദുബൈ എയര്‍പോര്‍ട്ട് അഥോറിറ്റി, എമിറേറ്റ്‌സ് എയര്‍ലൈന്‍ എന്നിവയോട് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ”ഈ മഹാമാരിയുടെ സമയത്ത് ഞങ്ങളുടെ ദുബൈയിലെ ആശുപത്രികളുടെ ശൃംഖലയിലുടനീളമുള്ള ജീവനക്കാരുടെ കുറവ് നികത്താന്‍ ഇവരുടെ തിരിച്ചുവരവ് നിര്‍ണായകമായിരുന്നു. യുഎഇയിലെ കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും സമൂഹത്തിനാകെയും ആരോഗ്യ സേവനങ്ങള്‍ എത്തിക്കുകയെന്ന ഞങ്ങളുടെ സുപ്രധാനമായ ലക്ഷ്യം കൂടുതല്‍ ശക്തിയോടെയും ആത്മവിശ്വാസത്തോടെയും തുടരും” -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.