ഡോ. ആസാദ് മൂപ്പന്‍ ദുബൈ ഇന്റര്‍നാഷണല്‍ ചേംബര്‍ ഉപദേശക സമിതിയംഗം

38

ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബൈ ഇന്റര്‍നാഷണല്‍ ചേംബറിന്റെ പുതിയ ഡയറക്ടര്‍ ബോര്‍ഡിനെയും ഉപദേശക സമിതിയെയും പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെ ആരോഗ്യ സംരക്ഷണ രംഗത്ത് നിന്നുള്ള പ്രതിനിധിയായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും എംഡിയുമായ ഡോ. ആസാദ് മൂപ്പന്‍ ഉപദേശക സമിതിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു.
ദുബൈ ഇന്റര്‍നാഷണല്‍ ചേംബറിലെ എലൈറ്റ് അഡൈ്വസറി കൗണ്‍സിലിലേക്ക് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നാമനിര്‍ദേശം ചെയ്തത് വലിയ അംഗീകാരവും പദവിയുമായി കാണുന്നതായി ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. വ്യാപാരത്തിന്റെയും ബിസിനസിന്റെയും കേന്ദ്രമെന്ന നിലയില്‍ ദുബൈയുടെ സ്ഥാനം വിപുലീകരിക്കാന്‍ പ്രവര്‍ത്തിക്കാന്‍ അതത് മേഖലകളിലെ ആഗോള വിദഗ്ധരെ യോജിപ്പിക്കുന്നതില്‍ ദുബൈ ഇന്റര്‍നാഷണല്‍ ചേംബര്‍ സുപ്രധാന പങ്ക് വഹിക്കുന്നു. ദുബൈയെ മിഡില്‍ ഈസ്റ്റിലെ ലോകോത്തര ആരോഗ്യ സംരക്ഷണത്തിന്റെ സുപ്രധാന കേന്ദ്രമാക്കി മാറ്റാനും, മെനാ റീജ്യനിലെയിലും അതിനപ്പുറത്തുമുള്ള മേഖലകളിലെ പ്രതിഭകളെയും രോഗികളെയും ആകര്‍ഷിക്കാനുള്ള ഈ ശ്രമത്തിന്റെ ഭാഗമാവാന്‍ അവസരം നല്‍കിയതിന് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് വാഗ്ദാനം ചെയ്യുന്നതായും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.
1987ല്‍ ദുബൈയില്‍ ഒറ്റ ഡോക്ടര്‍ ക്‌ളിനിക്കിലൂടെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ആരംഭിച്ച ഡോ. ആസാദ് മൂപ്പന്‍, യുഎഇയിലെ ആരോഗ്യ പരിചരണ മേഖലയെ ഇന്നത്തെ നിലയിലേക്ക് രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിത്വമാണ്. ജിസിസിയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ സംയോജിത ആരോഗ്യ സംരക്ഷണ ശൃംഖലകളിലൊന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന് 360ലധികം സ്ഥാപനങ്ങളുടെ ശക്തമായ ശൃംഖലയും 21,000 ജീവനക്കാരും ഉള്ളതിനൊപ്പം ആഗോള തലത്തില്‍ പ്രതിവര്‍ഷം 15.5 ദശലക്ഷം രോഗികള്‍ക്ക് ആരോഗ്യ സേവനവും നല്‍കുന്നു. ഇന്ത്യാ ഗവണ്‍മെന്റിന്റെ നാലാമത്തെ പരമോന്നത സിവിലിയന്‍ അവാര്‍ഡായ പദ്മശ്രീ പുരസ്‌ക്കാരം ഡോ. ആസാദ് മൂപ്പന്‍ നേടിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ പ്രവാസി ഭാരതീയ സമ്മാന്‍, ഫോബ്‌സ് മിഡില്‍ ഈസ്റ്റ് മാഗസിന്‍ ടോപ് ഇന്ത്യന്‍ ബിസിനസ് ലീഡര്‍ അവാര്‍ഡ്, മുന്‍ കാലങ്ങളില്‍ അറബ് ഹെല്‍ത്ത് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ദുബൈ ഹെല്‍ത്ത് കെയര്‍ സിറ്റിയുടെയും അല്‍ ജലീല ഫൗണ്ടേഷന്റെയും സ്ഥാപക പങ്കാളിയാണ് ആസ്റ്റര്‍. 2018 മുതല്‍ യുഎഇ ആരോഗ്യ കൗണ്‍സില്‍ അംഗമാണ് ഡോ. ആസാദ് മൂപ്പന്‍.