രക്തദാനം മാതൃകാപരം: ഹനീഫ് ചെര്‍ക്കള

ദുബൈ: രക്തദാനത്തെ പ്രോത്സാഹിപ്പിക്കാന്‍ പ്രവാസി സമൂഹങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് ഹനീഫ് ചെര്‍ക്കള പറഞ്ഞു. കൈന്റ്‌നസ് ബ്‌ളഡ് ഡൊണേഷന്‍ ടീമുമായി സഹകരിച്ച് ദുബൈ ഹെല്‍ത്ത് അഥോറിറ്റി(ഡിഎച്ച്എ)യുടെ ബ്‌ളഡ് ബാങ്കിലേക്ക് ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസി നടത്തിയ രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രക്തദാനത്തിലൂടെ നാം നല്‍കുന്നത് ഒരു ജീവന്‍ രക്ഷിക്കുന്നതിനപ്പുറത്ത് അനേകം കുടുംബങ്ങളില്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും തിരി തെളിയിക്കുന്നതാണെന്നും കെഎംസിസി നടത്തുന്ന മാനുഷികമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ എക്കാലവും പ്രവാസ ലോകത്ത് അടയാളപ്പെട്ട് കിടക്കുമെന്നും രക്തദാനം കൂടുതല്‍ പ്രോത്സാഹിപ്പിക്കേണ്ട ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ കെഎംസിസി കൈന്റ്‌നസ് ബ്‌ളഡ് ഡൊണേഷന്‍ ടീമിമായി സഹകരിച്ച് ഈ കോവിഡ് കാലത്തും രണ്ടായിരത്തോളം യൂണിറ്റ് രക്തം ക്യാമ്പുകളിലൂടെ ദുബൈ ഹെല്‍ത്ത് അഥോറിറ്റിക്ക് നല്‍കിയതിന് ഡിഎച്ച്എയുടെ പ്രത്യേക ബഹുമതിയും ജില്ലാ കമ്മിറ്റിക്ക് ലഭിച്ചിരുന്നു.
ബലിപെരുന്നാളിന്റെ ത്യാഗ സന്ദേശമുയര്‍ത്തിപ്പിടിച്ച് ദേര സബ്ഖ ഭാഗത്ത് രണ്ടു സ്ഥലങ്ങളിലായി സംഘടിപ്പിച്ച രക്തദാന ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ് സി.എച്ച് നുറുദ്ദീന്‍ കാഞ്ഞങ്ങാട് അധ്യക്ഷത വഹിച്ചു. ജില്ലാ ജന.സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ദുബൈ കെഎംസിസി സംസ്ഥാന ഓര്‍ഗ.സെക്രട്ടറി ഹംസ തൊട്ടി, സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍, ജില്ലാ ഭാരവാഹികളായ മഹ്മൂദ് ഹാജി പൈവളിക, റാഫി പള്ളിപ്പുറം, സലാം തട്ടാനിച്ചേരി, ഹസൈനാര്‍ ബീഞ്ചന്തടുക്ക, ഫൈസല്‍ മുഹ്‌സിന്‍, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ഫൈസല്‍ പട്ടേല്‍, ഇസ്മായില്‍ നാലാം വാതുക്കല്‍, ഇഖ്ബാല്‍ വള്‍വക്കാട്, ഡോ. ഇസ്മായില്‍, സത്താര്‍ ആലമ്പാടി, കൈന്റ്‌നസ് ബ്‌ളഡ് ഡൊണേഷന്‍ ഗ്രൂപ് അംഗങ്ങളായ സിയാബ് തെരുവത്ത്, അന്‍വര്‍ വയനാട് സംസാരിച്ചു. ജില്ലാ ഓര്‍ഗ.സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ നന്ദി പറഞ്ഞു.
സമയക്കുറവ് കാരണം രക്തദാനം നടത്താന്‍ സാധിക്കാത്തവര്‍ക്കായി ഈ മാസാവസാനം രക്തദാന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് അബ്ദുള്ള ആറങ്ങാടിയും സലാം കന്യാപ്പാടിയും അറിയിച്ചു.