കാസര്‍കോട് ജില്ലാ മുസ്‌ലിം ലീഗ് ബൃഹദ് പദ്ധതികള്‍ വിജയിപ്പിക്കാന്‍ ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസി

ദുബൈ: കാസര്‍കോട് ജില്ലാ മുസ്‌ലിം ലീഗ് നടപ്പാക്കുന്ന ബൃഹദ് പദ്ധതികള്‍ക്ക് ഉറച്ച പിന്തുണയുമായി ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസിയുടെ സഹായ ഹസ്തം. ആരോഗ്യ കേരളത്തിന് മുസ്‌ലിം ലീഗിന്റെ മഹനീയ സംഭാവനയായ സിഎച്ച് സെന്റര്‍ എന്ന കാരുണ്യ രംഗത്തെ മഹദ് സംരംഭം ജില്ലാ കമ്മിറ്റിയുടെ കീഴില്‍ ആരംഭിക്കുമ്പോള്‍ അതിന് കലവറയില്ലാത്ത പിന്തുണയാണ് ജില്ലാ കെഎംസിസിയുടെ ഭാഗത്ത് നിന്നുള്ളത്. നിരാലംബര്‍ക്ക് സാന്ത്വന സ്പര്‍ശമായി കാസര്‍കോട്ട് നിലവില്‍ വരുന്ന സിഎച്ച് സെന്ററിന് അഞ്ച് ലക്ഷം രൂപയുടെ സഹായമാണ് ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസി നല്‍കുന്നത്. ജില്ലാ മുസ്‌ലിം ലീഗ് ഉടന്‍ തുടങ്ങുന്ന സിഎച്ച് മുഹമ്മദ് കോയ പൊളിറ്റിക്കല്‍ സ്‌കൂളിനും എംപ്‌ളോയ്‌മെന്റ് സെല്ലിനുമായി ഒരു ലക്ഷം രൂപയുടെ സഹായവും ജില്ലാ കെഎംസിസി നല്‍കുന്നതാണ്. ജൂലൈ 4ന് ഞായറാഴ്ച വൈകുന്നേരം 4ന് കാസര്‍കോട് സിറ്റി ടവറില്‍ നടക്കുന്ന പ്രൗഢ ചടങ്ങില്‍ ജില്ലാ കെഎംസിസിയുടെ സഹായ ഹസ്തം കൈമാറും. ചടങ്ങില്‍ നാട്ടിലുള്ള മുഴുവന്‍ കെഎംസിസി പ്രവര്‍ത്തകരും നേതാക്കളും പങ്കെടുക്കണമെന്ന് ജില്ലാ കെഎംസിസി പ്രസിഡണ്ട് അബ്ദുള്ള ആറങ്ങാടി, ജന.സെക്രട്ടറി സലാം കന്യാപ്പാടി, ട്രഷറര്‍ ഹനീഫ് ടി.ആര്‍, ഓര്‍ഗ.സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ എന്നിവര്‍ അറിയിച്ചു.