ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള എമിറേറ്റ്‌സ് സര്‍വീസ് അനിശ്ചിതമായി നിര്‍ത്തി

19

ജലീല്‍ പട്ടാമ്പി
ദുബൈ: ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള എമിറേറ്റ്‌സ് സര്‍വീസ് മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ അനിശ്ചിത കാലത്തേക്ക് നിര്‍ത്തി വെച്ചതായി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഇന്ത്യയിലൂടെ യാത്ര ചെയ്യുന്നവരെ മറ്റേതൊരു സ്ഥലത്തു നിന്നും യുഎഇയിലേക്ക് സ്വീകരിക്കിലല്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍, യുഎഇ പൗരന്മാര്‍, യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചവര്‍, നയതന്ത്ര കാര്യാലയ ഉദ്യോഗസ്ഥര്‍ എന്നിവരെ പരിഷ്‌കരിച്ച കോവിഡ്19 ചട്ടങ്ങള്‍ പാലിച്ചു കൊണ്ട് യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇന്ത്യയില്‍ കോവിഡ്19 കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അഥോറിറ്റി (ജിസിഎഎ), ദി നാഷണല്‍ എമര്‍ജെന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്‌റ്റേഴ്‌സ് എമര്‍ജെന്‍സി മാനേജ്‌മെന്റ് അഥോറിറ്റി (എന്‍സിഇഎംഎ) എന്നിവയുടെ പ്രഖ്യാപനമനുസരിച്ച് ആദ്യം ഏപ്രില്‍ 24 മുതല്‍ ജൂണ്‍ 30 വരെ ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള ദേശീയ-അന്തര്‍ദേശീയ വിമാനങ്ങളുടെ സര്‍വീസ് റദ്ദാക്കിയിയിരുന്നു. ഇക്കാലയളവില്‍ ചില ഗോള്‍ഡന്‍ വിസാ ഉടമകള്‍ സ്വകാര്യ ജെറ്റുകളിലും മറ്റും തിരിച്ച് യുഎഇയിലെത്തിയിരുന്നു.
പിന്നീട് ഈ സര്‍വീസ് സസ്‌പെന്‍ഷന്‍ കാലപരിധി നീട്ടുകയാണ് ചെയ്തത്. കഴിഞ്ഞാഴ്ച ജിസിഎഎ ഇറക്കിയ അറിയിപ്പില്‍ ഇന്ത്യയടക്കം 13 രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ ജൂലൈ 21 രാത്രി 11.59 വരെയാക്കി സര്‍വീസ് റദ്ദാക്കിയത് പിന്നെയും നീട്ടി. ഇതാണിപ്പോള്‍ അനിശ്ചിതമായി വീണ്ടും നീട്ടി വെച്ചിരിക്കുന്നത്.
വിമാന സര്‍വീസ് റദ്ദായതിനെ തുടര്‍ന്ന്, ഇന്ത്യയില്‍ കുടുങ്ങിയ ആയിരക്കിന് പ്രവാസികളാണിപ്പോള്‍ വലഞ്ഞിരിക്കുന്നത്.