നല്ല വാക്ക് മന:സമാധാനം നല്‍കും

32

അല്ലാഹു പറയുന്നു: ഏറ്റവും ഉദാത്തമായ സംസാരമേ ആകാവൂവെന്ന് താങ്കള്‍ എന്റെ അടിമകളോട് പറയുക (സൂറത്തുല്‍ ഇസ്‌റാഅ് 53). ജനങ്ങളോട് ഇടപഴകുമ്പോള്‍ നല്ല വാക്കുകളും നല്ല പ്രയോഗങ്ങളും മാത്രമേ മൊഴിയാവൂ എന്നാണ് പ്രസ്തുത ആയത്തിന്റെ പ്രേരണ. മറ്റൊരു സൂക്തത്തില്‍ കാണാം: ജനങ്ങളോട് നല്ലത് മാത്രം പറയുക (സൂറത്തുല്‍ ബഖറ 83). പോസിറ്റീവായ മൊഴികള്‍ മനസ്സിന് സമാധാനവും ആശ്വാസവുമേകും.
പ്രതീക്ഷാ നിര്‍ഭരമായ വാക്കും ശുഭാപ്തി നിര്‍ഗളമായ പ്രയോഗങ്ങളും പരിശുദ്ധ ഖുര്‍ആനിന്റെ ശൈലിയാണ്.
മൂസാ നബി(അ)യുടെ ഉമ്മക്ക് നദിയില്‍ കുഞ്ഞിനെ എറിഞ്ഞാല്‍ സുരക്ഷിതമായി തിരിച്ചേല്‍പ്പിക്കുമെന്ന് മനോധൈര്യവും നിര്‍ഭയവുമേകുന്ന വാക്കുകളാണ് അല്ലാഹു നല്‍കിയത്: ഭയപ്പെടുകയോ സങ്കടപ്പെടുകയോ വേണ്ട, അവനെ നിങ്കലേക്ക് തന്നെ നാം തിരിച്ചെത്തിക്കുന്നതും ദൈവ ദൂതരില്‍ ഒരാളാക്കുന്നതുമാകുന്നു (സൂറത്തുല്‍ ഖസസ് 07). മൂസാ നബി(അ)യുടെയും സഹോദരന്‍ ഹാറൂന്‍ നബി(അ)യുടെയും ഭയപ്പാട് അകറ്റി അല്ലാഹു പറഞ്ഞിരിക്കുന്നു: നിങ്ങളിരുവരും ഭയപ്പെടേണ്ട, കണ്ടും കേട്ടും നിങ്ങള്‍ക്കൊപ്പം തന്നെയുണ്ട് ഞാന്‍ (സൂറത്തു ത്വാഹാ 46).
ആശ്വാസ സംസാരങ്ങള്‍ പ്രവാകചന്മാരും തുടര്‍ന്നിട്ടുണ്ട്. യഅ്ഖൂബ് നബി (അ) മക്കളോട് അചഞ്ചമായ ദൈവ വിശ്വാസത്തിന്റെ കരുത്ത് വാക്കുകളിലൂടെ പകര്‍ന്നിട്ടുണ്ട്. അല്ലാഹുവിലുള്ള വിശ്വാസം കൈവിടരുതെന്നും നിരാശ വരരുതെന്നും ഉണര്‍ത്തി യഅ്ഖൂബ് നബി (അ) അവരോട് പറഞ്ഞു: നിങ്ങള്‍ അല്ലാഹുവിന്റെ അനുഗ്രഹത്തെ കുറിച്ച് ആശയറ്റു പോകരുത്. നിഷേധികളായ ജനങ്ങള്‍ മാത്രമേ അവന്റെ അനുഗ്രഹത്തെപ്പറ്റി ഭഗ്‌നാശരാകൂ (സൂറത്തു യൂസുഫ് 87). ഈസാ നബി(അ)യുടെ ഉമ്മ മര്‍യമിനോട് ജിബ്‌രീല്‍ (അ) ദു:ഖിക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞു കൊണ്ടുള്ള ആശ്വാസ വാക്കുകള്‍ പറയുന്നതും ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്: പഴം ഭുജിക്കുകയും ജലപാനം നടത്തുകയും ആഹ്‌ളാദ നിര്‍ഭരരാവുകയും ചെയ്യുക (സൂറത്തു മര്‍യം 26).
നമ്മുടെ പ്രവാചകര്‍ മുഹമ്മദ് നബി (സ്വ) പ്രിയ അനുചരന്‍ അബൂബക്കര്‍ സിദ്ദീഖി(അ)നോട് സത്യവിശ്വാസത്തില്‍ ചാലിച്ച നിര്‍ഭയത്വം തുളുമ്പുന്ന വാക്കുകള്‍ മൊഴിയുന്നുണ്ട്: ദുഖിക്കേണ്ട, അല്ലാഹു നാമ്മോടൊന്നിച്ചുണ്ട്, തീര്‍ച്ച (സൂറത്തുത്തൗബ 40). പോസിറ്റീവായ വാക്കുകള്‍ ആഴത്തില്‍ ഫലമുണ്ടാക്കുന്നവയാണ്. പറയുന്നയാള്‍ക്കും ശ്രോതാവിനും മനക്കുളിര്‍മ നല്‍കുന്നുവെന്ന് മാത്രമല്ല, നല്ല പ്രതിഫലനങ്ങളുണ്ടാക്കുകയും ചെയ്യും. നല്ല സംസാരങ്ങള്‍ അല്ലാഹുവിന്റെ പ്രീതി ഉറപ്പു വരുത്തുമെന്നും അന്ത്യനാള്‍ വരെ അത് അങ്ങനെ തന്നെ രേഖപ്പെടുത്തപ്പെടുമെന്നുമാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് മുസ്‌ലിം 2988, ഇബ്‌നു മാജ 3969).