ജോയ് ആലുക്കാസ് സുവര്‍ണ നായകരെ ആദരിച്ചു

ദുബൈ: കോവിഡ്19 മുന്നണിപ്പോരാളികളായി പ്രവര്‍ത്തിച്ച നി:ശബ്ദ ഹീറോകളെ ജോയ് ആലുക്കാസ് ആദരിച്ചു. മഹാമാരിയുടെ വ്യാപനത്തിനിടെ നിസ്വാര്‍ത്ഥ സേവനം നല്‍കുന്ന ആരും അറിയപ്പെടാത്ത നിരവധി നായകരുണ്ട്. സമൂഹത്തിന് വേണ്ടി അവര്‍ അര്‍പ്പിച്ച സംഭാവനകളെ മികച്ച രീതിയില്‍ അംഗീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ കാമ്പയിന്‍ നടപ്പാക്കിയത്. ഡെലിവറി ബോയ്‌സ്, ശുചീകരണ തൊഴിലാളികള്‍, ഓഫീസ് ബോയ്‌സ്, ഡ്രൈവര്‍മാര്‍ എന്നിവരുള്‍പ്പെടെയുള്ള ഈ തൊഴിലാളികളെ തിരിച്ചറിഞ്ഞ് പ്രതിഫലം നല്‍കുന്ന ആസൂത്രിതവും വ്യവസ്ഥാപിതവുമായ രണ്ടാഴ്ച നീളുന്ന കാമ്പയിനായിരുന്നു സംഘടിപ്പിക്കപ്പെട്ടത്.
ഒരു സഹായ ഹസ്തം നീട്ടാന്‍ ഈ തൊഴിലാളികളെല്ലാം തങ്ങളുടെ നിശ്ചിതമായ ജോലിക്കപ്പുറം സമൂഹത്തിനായി പ്രയത്‌നിച്ചു. ജോയ് ആലുക്കാസ് ഗ്രൂപ് ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് മേധാവികളും ആര്‍ജെ മിഥുന്‍ രമേശും പങ്കെടുത്ത പരിപാടിയില്‍ തെരഞ്ഞെടുത്ത എല്ലാ സുവര്‍ണ നായകര്‍ക്കും 1,000 ദിര്‍ഹം വിലയുള്ള ജോയ് ആലുക്കാസ് ഗിഫ്റ്റ് വൗച്ചറും മെമെന്റോയും സമ്മാനിച്ചു. യുഎഇയിലെ പ്രമുഖ റേഡിയോ സ്റ്റേഷനുകളായ ഹിറ്റ് എഫ്എം, സിറ്റി എഫ്എം എന്നിവയുമായി ഏകോപിപ്പിച്ചാണ് പൊതുജനങ്ങള്‍ക്കിടയില്‍ മികച്ച സ്വീകാര്യത ലഭിച്ച ഈ കാമ്പയിന്‍ ജോയ് ആലുക്കാസ് ഗ്രൂപ് ഒരുക്കിയത്.