കിറ്റെക്‌സ് കേരളം വിട്ടു പോകരുത്; കോവിഡ് മൂലം മരിച്ച പ്രവാസികളുടെ കുടുംബത്തിന് സാമ്പത്തിക സഹായത്തിന് ശ്രമിക്കും: എം.എ യൂസുഫലി

ജലീല്‍ പട്ടാമ്പി
ദുബൈ: കിറ്റെക്‌സ് കമ്പനി കേരളം വിട്ടു പോകരുതെന്ന് ആഗ്രഹിക്കുന്നതായി വ്യവസായി എം.എ യൂസുഫലി. 3,500 കോടിയുടെ നിക്ഷേപമായാലും ഒരു കോടിയുടെ നിക്ഷേപമായാലും അത് കേരളത്തിന് വലുതാണ്. വ്യവസായ സംരംഭങ്ങള്‍ കേരളം വിട്ടു പോകുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും കിറ്റെക്‌സ് എംഡി സാബു ജേക്കബുമായി ഇതുസംബന്ധിച്ച് താന്‍ സംസാരിക്കുമെന്നും യൂസുഫലി ലുലു ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കിറ്റെക്‌സ് സ്ഥാപനങ്ങളില്‍ ഒരു മാസത്തിനിടെ 11 പരിശോധനകള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാറുമായി ചേര്‍ന്ന് നടപ്പാക്കാനിരുന്ന വന്‍കിട പദ്ധതിയില്‍ നിന്ന് കിറ്റെക്‌സ് പിന്‍മാറിയിരുന്നു. 3,500 കോടി രൂപയുടെ പദ്ധതിയാണ് ഒഴിവാക്കിയത്. കൊച്ചിയിലെയും തിരുവനന്തപുരത്തെയും പാലക്കാട്ടെയും മൂന്ന് വ്യവസായ പാര്‍ക്കുകള്‍ ഉള്‍പ്പെടെ ആയിരുന്നു ഇത്. സംസ്ഥാനത്ത് 2025ഓടെ പദ്ധതിക്ക് കീഴില്‍ 25,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് കണക്കാക്കിയിരുന്നത്.
കോവിഡ്19 മൂലം മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കാന്‍ നോര്‍കയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒക്‌ടോബര്‍ ഒന്നിന് ആരംഭിക്കുന്ന ദുബൈ വേള്‍ഡ് എക്‌സ്‌പോ 2020മായി ലുലു ഗ്രൂപ് സഹകരിക്കുമെന്ന് യൂസുഫലി വെളിപ്പെടുത്തി. ഇത് യുഎഇയുടെ വ്യാപാര-വാണിജ്യ മേഖലകള്‍ക്ക് പുത്തനുണര്‍വ് പകരുമെന്നും യൂസുഫലി കൂട്ടിച്ചേര്‍ത്തു.
ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ്19 മൂലം മരിച്ച പ്രവാസികളുടെ പേരും സര്‍ക്കാറിന്റെ കണക്കില്‍ ഉള്‍പ്പെടുത്താന്‍ പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നോര്‍കയുമായും മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.