ലുലു ഗ്രൂപ്പിന്റെ വൈ ഇന്റര്‍നാഷണലിന് ബ്രിട്ടീഷ് എക്‌സലന്‍സ് അവാര്‍ഡ്

യുകെ ബര്‍മിംഗ്ഹാമിലെ വൈ ഇന്റര്‍നാഷനല്‍ ആസ്ഥാനം

ലണ്ടന്‍: ബ്രിട്ടനിലെ വാണിജ്യ-വ്യാപാര മേഖലകളില്‍ നല്‍കിയ മികച്ച സംഭാവനകള്‍ക്കുള്ള ഉന്നത ബ്രിട്ടീഷ് ബഹുമതി ലുലു ഗ്രൂപ്പിന്റെ ബ്രിട്ടനിലെ ഉപ സ്ഥാപനമായ വൈ ഇന്റര്‍നാഷണല്‍ കരസ്ഥമാക്കി. ഗ്രേറ്റര്‍ ബര്‍മിംഗ്ഹാം ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ 2021 വര്‍ഷത്തെ ‘എക്‌സലന്‍സ് ഇന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്’ ആണ് വൈ ഇന്റര്‍നാഷണല്‍ യുകെക്ക് ലഭിച്ചത്.
200 വര്‍ഷത്തിലേറെയായി ബര്‍മിംഗ്ഹാമിലെ വാണിജ്യ-വ്യവസായ മേഖലകളെ ഏകോപിപ്പിക്കുന്ന കേന്ദ്രീകൃത സ്ഥാപനമായ ബര്‍മിംഗ്ഹാം ചേംബര്‍ ഓഫ് കോമേഴ്‌സ് യൂറോപ്പിലെ തന്നെ ഏറ്റവും പഴക്കമുള്ള ചേംബര്‍ ഓഫ് കോമേഴ്‌സ് ആണ്.
ബ്രിട്ടനിലെ ഭക്ഷ്യ സംസ്‌കരണ രംഗത്ത് 2013 മുതല്‍ സാന്നിധ്യമുള്ള വൈ ഇന്റര്‍നാഷണല്‍ ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സില്‍ അഡ്വാന്‍സ്ഡ് മാനുഫാക്ചറിംഗ് സോണിലെ അത്യാധുനിക ഭക്ഷ്യ സംസ്‌കരണ കേന്ദ്രത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ബ്രിട്ടനിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന ഭക്ഷ്യ-ഭക്ഷ്യേതര ഉല്‍പന്നങ്ങള്‍ സംഭരിച്ച് ഗള്‍ഫ് രാജ്യങ്ങളിലും ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളിലുള്ള ലുലു ഹൈപര്‍ മാര്‍ക്കറ്റുകളിലേക്ക് കയറ്റിയയക്കുന്നു.
ബര്‍മിംഗ്ഹാം ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ എക്‌സലന്‍സ് പുരസ്‌കാരം ബ്രിട്ടനിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്താന്‍ പ്രേരകമാക്കുമെന്ന് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു.
വാണിജ്യ-വ്യാപാര രംഗങ്ങളിലെ മികവിന് ബ്രിട്ടനിലെ ഉന്നത പുരസ്‌കാരമായ ക്വീന്‍സ് അവാര്‍ഡ് എലിസബത്ത് രാജ്ഞി 2017ല്‍ യൂസഫലിക്ക് നല്‍കി ആദരിച്ചിരുന്നു. തദ്ദേശീയള്‍ ഉള്‍പ്പെടെ 350ല്‍ പരം പേരാണ് വൈ ഇന്റര്‍നാഷണല്‍ യുകെയില്‍ ജോലി ചെയ്യുന്നത്.
ബ്രിട്ടനിലെ ഹോസ്പിറ്റാലിറ്റി രംഗത്തെ ഏറ്റവും പ്രമുഖമായതും ചരിത്ര പ്രസിദ്ധവുമായ സ്‌കോട്‌ലാന്‍ഡ് യാര്‍ഡ് പൈതൃക മന്ദിരം, എഡിന്‍ബര്‍ഗിലെ കാലെഡോണിയന്‍ മന്ദിരം എന്നിവ ലുലു ഗ്രൂപ്പിന്റേതാണ്.