ലുലു ആഗോള റീടെയില്‍ കമ്പനികളുടെ പട്ടികയില്‍

ദുബൈ: പ്രമുഖ ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റ് 2021 വര്‍ഷത്തെ ആഗോള തലത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന റീടെയില്‍ സ്ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. മിഡില്‍ ഈസ്റ്റില്‍ നിന്നും ലുലു ഗ്രൂപ്, മാജിദ് അല്‍ ഫുതൈം (ക്യാരിഫോര്‍) എന്നിവ മാത്രമാണ് പട്ടികയില്‍ ഇടം പിടിച്ചത്.
അമേരിക്കന്‍ സ്ഥാപനങ്ങളായ വാള്‍ മാര്‍ട്ട്, ആമസോണ്‍, കോസ്റ്റ്‌കോ കോര്‍പറേഷന്‍ എന്നിവ പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയപ്പോള്‍ ജര്‍മന്‍ കമ്പനിയായ ഷ്വാര്‍സ് ഗ്രൂപ്പാണ് നാലാമത്. അമേരിക്കയില്‍ തന്നെയുള്ള ക്രോഗെര്‍ കമ്പനിയാണ് പട്ടികയില്‍ അഞ്ചാമത്.
10 രാജ്യങ്ങളില്‍ പ്രവര്‍ത്തനമുള്ള ലുലു ഗ്രൂപ്പിന് റിപ്പോര്‍ട്ട് പ്രകാരമുള്ള വിറ്റുവരവ് 5 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 7.40 ബില്യന്‍ ഡോളറാണ്. അതേസമയം, 16 രാജ്യങ്ങളില്‍ പ്രവര്‍ത്തനമുള്ള മാജിദ് അല്‍ ഫുതൈമിന്റെ വിറ്റുവരവ് 6.5 വാര്‍ഷിക വളര്‍ച്ചയോടെ 7.65 ബില്യന്‍ ഡോളറാണ്.
ലോകത്ത് അതിവേഗം വളരുന്ന റീടെയില്‍ കമ്പനികളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള റിലയന്‍സും ഇടം പിടിച്ചിട്ടുണ്ട്
കോവിഡ്19 പ്രതിസന്ധി ഓണ്‍ലൈന്‍ വ്യാപാരത്തിന് കൂടുതല്‍ സാധ്യതകള്‍ നല്‍കിയപ്പോള്‍ ഭക്ഷ്യ വസ്തുക്കള്‍ വിപണനം ചെയ്യുന്ന മുന്‍നിര റീടെയില്‍ കമ്പനികള്‍ ഈ അനുകൂല ഘടകം ഉപയോഗപ്പെടുത്തുന്നതാണ് വാണിജ്യ ലോകം കണ്ടത്. അതേസമയം, ഫാഷന്‍-ലക്ഷ്വറി ഉല്‍പന്നങ്ങള്‍ വിപണനം നടത്തുന്ന സ്ഥാപനങ്ങളായ ലോര്‍ഡ് ആന്റ് ടെയ്‌ലര്‍, നീമാന്‍ മാര്‍കസ്, ജെസി പെന്നി ഉള്‍പ്പെടെയുള്ള പ്രമുഖ റീടെയില്‍ സ്ഥാപനങ്ങള്‍ക്ക് കോവിഡ്19 വ്യാപനം കടുത്ത പ്രതിസന്ധികളാണ് നല്‍കിയത്.
കോവിഡ്19 വ്യാപനം ആഗോള വാണിജ്യ വ്യവസായങ്ങളെ മന്ദഗതിയിലാക്കുമ്പോള്‍ 4 ഇകൊമേഴ്‌സ് സെന്ററുകള്‍ അടക്കം 26 പുതിയ ഹൈപര്‍ മാര്‍ക്കറ്റുകളാണ് ലുലു ഗ്രൂപ് ഗള്‍ഫ് രാജ്യങ്ങള്‍, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലായി 2020 മാര്‍ച്ചിന് ശേഷം ആരംഭിച്ചത്. ഇക്കാലയളവില്‍ 3,000ത്തിലധികം പേര്‍ക്ക് പുതുതായി തൊഴില്‍ ലഭ്യമാക്കാനും ലുലുവിന് കഴിഞ്ഞിട്ടുണ്ടെന്ന് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലി പറഞ്ഞു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 30 പുതിയ ഹൈപര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നതിനോടൊപ്പം ഇകൊമേഴ്‌സ് രംഗം വ്യാപകമായി വിപുലീകരിക്കാനും ഉദ്ദേശിക്കുന്നതായി അദ്ദേഹം പറഞ്ഞു.