മാര്‍ ഈവാനിയോസിന്റെ 68ാമത് ശ്രാദ്ധ പെരുന്നാള്‍: ലേബര്‍ ക്യാമ്പുകളില്‍ ഭക്ഷണം വിതരണം ചെയ്ത് സിജു പന്തളം

മാര്‍ ഈവാനിയോസിന്റെ 68ാമത് ശ്രാദ്ധ പെരുന്നാളില്‍ സാമൂഹിക പ്രവര്‍ത്തകന്‍ സിജു പന്തളത്തിന്റെ മകള്‍ ഏയ്ഞ്ചലാ സിജു വിവിധ ലേബര്‍ ക്യാമ്പുകളില്‍ നേര്‍ച്ച വിതരണം ചെയ്തപ്പോള്‍

അജ്മാന്‍: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുണ്യ പിതാവ് മാര്‍ ഈവാനിയോസിന്റെ 68ാമത് ശ്രാദ്ധ പെരുന്നാളില്‍ ദുബൈ, ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളില്‍ വിവിധ ലേബര്‍ ക്യാമ്പുകളില്‍ നേര്‍ച്ച വിതരണം ചെയ്ത് യുഎഇയിലെ സാമൂഹിക പ്രവര്‍ത്തകന്‍ സിജു പന്തളം അശരണര്‍ക്ക് ആശ്വാസമായി. കേരളത്തിലെ നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ സാമൂഹിക പരിഷ്‌കര്‍ത്താക്കളോടു ചേര്‍ന്ന് നിന്ന് കൊണ്ട് 1930
കളില്‍ സന്യാസി വര്യനായി ജീവിച്ച ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 67ാമത് ഓര്‍മപ്പെരുന്നാള്‍ മലങ്കര സുറിയാനി കത്തോലിക്ക സഭ ആചരിച്ച ഈ ദിവസങ്ങളിലാണ് ആ സഭയിലെ അംഗമായ സിജു പന്തളം മുന്‍ വര്‍ഷങ്ങളിലേതു പോലെ ഇക്കൊല്ലവും വിവിധ ലേബര്‍ ക്യാമ്പുകളില്‍ 250ല്‍ പരം ബിരിയാണി പൊതികള്‍ തന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ ചെറിയ നീക്കിയിരിപ്പില്‍ നിന്ന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി സഹോദരങ്ങള്‍ക്ക് എത്തിച്ചു കൊടുത്ത് മാതൃകയായത്. സിജുവിന്റെ മകള്‍ ഏയ്ഞ്ചലാ സിജുവാണ് വിതരണം ചെയ്തത്. ഈ വര്‍ഷം കോവിഡ്19 രൂക്ഷത കാരണം ദൈവാലയത്തിലെ ആരാധനാ കര്‍മങ്ങളില്‍ ഇവിടെ പങ്കെടുക്കാന്‍ കഴിയാതായപ്പോള്‍ ഈവനിയോസിന്റെ നാമത്തില്‍ തന്റെ സഹോദരങ്ങള്‍ക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കാന്‍ സാധ്യമായത് ആ പുണ്യ വ്യക്തിത്വത്തിന്റെ അനുഗ്രഹം കൊണ്ട് മാത്രമാണെന്ന് സിജു പറഞ്ഞു. മാവേലിക്കര രൂപതയില്‍ കുടശ്ശനാട് സെന്റ് തോമസ് ദൈവാലയ ഇടവക അംഗമായ സിജു ദുബൈ മലങ്കര കത്തോലിക്ക കൂട്ടായ്മയുടെ ഭാഗമാണ്.