ഇന്ത്യന്‍ ജനജീവിതം പറയുന്ന മസറത്തിന്റെ ചിത്രങ്ങള്‍ ശ്രദ്ധേയം

മസറത്ത് ഫാത്തിമ സുലൈമാനി

ജലീല്‍ പട്ടാമ്പി
ദുബൈ: കലയെ പരീക്ഷണത്തിന് വിധേയമാക്കി തന്റെ കലാസപര്യയെ നിരന്തരം പരിഷ്‌കരിച്ചു കൊണ്ടിരിക്കുന്ന അതുല്യ കലാകാരി ഗുജറാത്തില്‍ നിന്നുള്ള മസറത്ത് ഫാത്തിമ സുലൈമാനിയുടെ ചിത്ര പ്രദര്‍ശനം മറ്റു എട്ടു ഇന്ത്യന്‍ ആര്‍ട്ടിസ്റ്റുകളുടെ സൃഷ്ടികള്‍ക്കൊപ്പം ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. കടലാസ് മുറിച്ച് അത് കലാപരമായി ഡിസൈന്‍ ചെയ്താണ് മസറത്ത് ഫാത്തിമ തന്റെ ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വെളിച്ചവും നിഴലും സമന്വയിക്കുന്ന അപൂര്‍വ കലാരൂപമാണ് മസറത്ത് ത്രീ ഡൈമന്‍ഷനല്‍ ആയി തയാറാക്കിയിട്ടുള്ളത്. കലക്ക് വ്യത്യസ്തമായ മാനം നല്‍കുകയാണ് ഇതു വഴി ഈ കലാകാരി. പ്രകൃതി, സംസ്‌കാരം, വികാരം, വാസ്തു കല എന്നിവയില്‍ നിന്നും പ്രചോദനുള്‍ക്കൊണ്ടാണ് മസറത്ത് തന്റെ കലയെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നത്. കടലാസില്‍ വെട്ടിയെടുക്കുന്ന ചിത്രങ്ങള്‍ അടുക്കുകളായി ഫ്രെയിമില്‍ ഒട്ടിക്കുന്നതാണ് രീതി. ഈ കലാരൂപങ്ങള്‍ എല്ലായ്‌പ്പോഴും ഒരു കഥയെ അടിസ്ഥാനമാക്കിയായിരിക്കും ചിത്രീകരിച്ചിട്ടുണ്ടാവുക. സ്വന്തത്തെയും ലോകത്തെയും മനസ്സിലാക്കാന്‍ ഈ കല തനിക്ക് സഹായകമാകുന്നുവെന്ന് പറഞ്ഞ മസറത്ത്, ഇത് ലോക സമൂഹത്തിനും പകരുന്നുവെന്നും വ്യക്തമാക്കി. ഇതൊരു കലാ പ്രയാണമാണെന്നും മസറത്ത് അഭിപ്രായപ്പെടുന്നു. സിക്ക ആര്‍ട്ട് ഫെയര്‍, വേള്‍ഡ് ആര്‍ട്ട് ദുബൈ (ഡബ്‌ള്യുഎഡി) തുടങ്ങി യുഎഇയിലെ എണ്ണംപറഞ്ഞ കലാ വേദികളില്‍ മസറത്ത് ഫാത്തിമ കലാ പ്രദര്‍ശനങ്ങള്‍ അവതരിപ്പിച്ച് പ്രേക്ഷക പ്രശംസ നേടിയിട്ടുണ്ട്. ഡബ്‌ള്യുഎഡിയില്‍ ഇന്‍സ്റ്റലേഷന് ഇവര്‍ക്ക് ക്ഷണം ലഭിച്ചത് അപൂര്‍വ സൗഭാഗ്യമാണ്. അടുത്തിടെ യുഎഇ ഗവണ്‍മെന്റിന്റെ ഗോള്‍ഡന്‍ വിസ ഇവര്‍ക്ക് ലഭിക്കുകയുണ്ടായി. ബറോഡയിലെ മഹാരാജ സയാജിറാവു (എംഎസ്) യൂണിവേഴ്‌സിറ്റിയില്‍ നിന്നും വിഷ്വല്‍ ആര്‍ട്‌സില്‍ ബിരുദം കരസ്ഥമാക്കിയ മസറത്ത്, വിവിധ ആര്‍ട്ട് സെന്ററുകളിലെ ആര്‍ട്ട് ഇന്‍സ്ട്രക്ടര്‍ ആയി പ്രവര്‍ത്തിച്ചു വരികയാണിപ്പോള്‍.
മുഗള്‍ ആര്‍ട്ടില്‍ നിന്നും വാസ്തു കലയില്‍ നിന്നും ഇന്ത്യന്‍ ജനതയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ ചിത്രീകരണം നടത്തുന്നതെന്ന് മസറത്ത് ഫാത്തിമ പറഞ്ഞു. ഇന്ത്യയുടെ പരമ്പരാഗതമായ സാഞ്ജി ആര്‍ട്ടിനെ മുന്‍നിര്‍ത്തി സമകാലിക ചിത്ര രീതികള്‍ കൂടി ഉള്‍പ്പെടുത്തിയാണ് മസറത്ത് തന്റെ ചിത്ര സമാഹാരങ്ങള്‍ സന്നിവേശിപ്പിച്ചിരിക്കുന്നത്. ”ഇന്ത്യന്‍ ജനതക്കുള്ള സമര്‍പ്പണമാണ് ഈ സൃഷ്ടികള്‍” -മസറത്ത് വ്യക്തമാക്കി.
മസറത്ത് ഫാത്തിമ സുലൈമാനി അടക്കമുള്ള യുഎഇയിലെ 9 ഇന്ത്യക്കാരുടെ സൃഷ്ടികള്‍ സ്വതന്ത്ര ഇന്ത്യയുടെ 75ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹാളില്‍ പ്രദര്‍ശനത്തിലുള്ളത്. അടുത്തിടെയാണ് പ്രദര്‍ശനം കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി ഉദ്ഘാടനം ചെയ്തത്. മസറത്ത് ഫാത്തിമക്കൊപ്പം അതുല്‍ പനാസെ, സ്വപ്നില്‍ ജ്വവാലെ, അഞ്ജനി പി.ലയ്തു, അക്ഷയ് അറോറ, ശ്രുതിക ഗോസാവി, പൂനം എ. സലേച്ച, വിദിശാ പാണ്ഡെ, സൗമ്യ ശ്രീ എന്നിവരുടെ സൃഷ്ടികളാണ് പ്രദര്‍ശനത്തിലുള്ളത്. സെപ്തംബര്‍ 8 വരെ പ്രദര്‍ശനം തുടരും. സന്ദര്‍ശക സമയം: തിങ്കള്‍, ചൊവ്വ, ബുധന്‍ -ഉച്ച 2 മുതല്‍ വൈകുന്നേരം 6 വരെ.