അജ്മാന്: ബലിപെരുന്നാളിനോടനുബന്ധിച്ച് മെംബേഴ്സ് മീറ്റ് സംഘടിപ്പിച്ച് മലയാളി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് കള്‍ചറല്‍ സെന്റര്‍ (മാസ്ക). അജ്മാനിലെ റിയല്‍ സെന്റര്‍ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡണ്ട് ഇ.പി ജോണ്സണ് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ മാസ്ക ചെയര്മാന് ബിബി ജോണ്‍ അധ്യക്ഷത വഹിച്ചു. സത്താര്‍ മാമ്പ്ര സ്വാഗതം ആശംസിച്ചു. യുഎഇയിലെ സാമുഹിക രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായ അഷ്റഫ് താമരശ്ശേരി, പ്രവാസി ഇന്ത്യ യുഎഇ പ്രസിഡണ്ട് അബുല്ലൈസ് തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ മാസ്ക അംഗങ്ങളുടെ മക്കളെ ചടങ്ങില്‍ ആദരിച്ചു. പരിപാടിയില്‍ ‘മെഹര്‍ജാന്‍ സൂപ്പര്‍ സിക്സ്’ എന്ന പേരില്‍ മാപ്പിളപ്പാട്ട് മഹോത്സവവും സംഘടിപ്പിച്ചു. യുഎഇയില്‍ പുതുതായി രൂപീകരിച്ച ‘കട്ടന്‍ ചായ’ എന്ന മ്യൂസിക് ബാന്‍ഡിന്റെ ലോഗോ പ്രകാശനം ബിബി ജോണ്‍ നിര്‍വഹിച്ചു. ബാന്‍ഡിന്റെ ആദ്യ പരിപാടിയും മെംബേഴ്സ് മീറ്റില്‍ അവതരിപ്പിച്ചു. വരുംദിനങ്ങളില്‍ യുഎഇയിലെ വേദികളില്‍ ‘കട്ടന്‍ ചായ’ ബാന്‍ഡ് വിസ്മയം തീര്‍ക്കുമെന്ന് കോഓര്‍ഡിനേറ്റര്‍ നിഷാദ് തിരുമല അറിയിച്ചു. 200 പേര് പങ്കെടുത്ത പരിപാടിയില്‍ മാസ്ക വളണ്ടിയര്‍ സിറു സിറാജ് നന്ദി അറിയിച്ചു.