മെയ്ത്രയുടെ കാര്‍ഡിയാക് സെന്റര്‍ കനേഡിയനില്‍: ഫൈസല്‍ കോട്ടിക്കൊള്ളോനും അല്‍ഫലാസിയും ധാരണയില്‍ ഒപ്പിട്ടു

കെഫ് ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍ ഫൈസല്‍ ഇ.കോട്ടിക്കൊള്ളോനും സിഎസ്എച്ച് ചെയര്‍മാന്‍ മുഹമ്മദ് റാഷിദ് അല്‍ഫലാസിയുമാണ് ധാരണാപത്രത്തില്‍ ഒപ്പു വെക്കുന്ന ചടങ്ങില്‍

ദി സെന്റര്‍ ഫോര്‍ കാര്‍ഡിയാക് സയന്‍സസ് 2021 ഒക്‌ടോബറില്‍ പ്രവര്‍ത്തനമാരംഭിക്കും.
ശസ്ത്രക്രിയ അടക്കമുള്ള മുഴുവന്‍ മുന്‍നിര കാര്‍ഡിയോളജി സേവനങ്ങളും സംയുക്തമായി ലഭ്യമാക്കും

ദുബൈ: മുന്‍നിര ഹൃദയരോഗ സേവനങ്ങള്‍ സമ്പൂര്‍ണമായും നല്‍കാന്‍ ലക്ഷ്യമിട്ട് ദുബൈയില്‍ ദി സെന്റര്‍ ഫോര്‍ കാര്‍ഡിയാക് സയന്‍സസ് സ്ഥാപിക്കാനായുള്ള ധാരണാപത്രത്തില്‍ കെഫ് ഹെല്‍ത്ത് കെയറും കനേഡിയന്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലും (സിഎസ്എച്ച്) തമ്മില്‍ ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു. കെഫ് ഹോള്‍ഡിംഗ്‌സിന്റെയും മെയ്ത്ര ഹോസ്പിറ്റലിന്റെയും സ്ഥാപക ചെയര്‍മാന്‍ ഫൈസല്‍ ഇ.കോട്ടിക്കൊള്ളോനും സിഎസ്എച്ച് ചെയര്‍മാന്‍ മുഹമ്മദ് റാഷിദ് അല്‍ഫലാസിയുമാണ് ധാരണാപത്രത്തില്‍ ഒപ്പു വെച്ചത്.
കെഫ് ഹെല്‍ത്ത് കെയറിന്റെ ആഭിമുഖ്യത്തിലുള്ള കോഴിക്കോട്ടെ മെയ്ത്ര കെയര്‍ നെറ്റ്‌വര്‍ക്കിന് (എംസിഎന്‍) കീഴിലാകും സിഎസ്എച്ച് സമുച്ചയത്തിനകത്ത് സഥാപിക്കുന്ന കാര്‍ഡിയാക് സെന്റര്‍ പ്രവര്‍ത്തിക്കുക. മെയ്ത്ര ഹോസ്പിറ്റലിലെ സര്‍ജന്‍മാരുടെയും ഫിസിഷ്യന്മാരുടെയും ഒരു പാനല്‍ ഉള്‍ക്കൊള്ളുന്ന പ്രശസ്ത സ്‌പെഷ്യലിസ്റ്റുകളുടെ നിര തന്നെ കാര്‍ഡിയാക് സെന്ററിലുണ്ടാകും. 2021 ഒക്‌ടോബറില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഈ സെന്റര്‍, ലോക നിലവാരത്തിലുള്ള മികച്ച സേവനങ്ങള്‍ താങ്ങാനാകുന്ന നിരക്കില്‍ ലഭ്യമാക്കും. യുഎഇ, കുവൈത്ത്, ഒമാന്‍, ഇറാഖ്, ഖത്തര്‍ എന്നീ അഞ്ചു രാജ്യങ്ങളുമായി ബന്ധമുള്ളതായിരിക്കും സെന്ററെന്നും അധികൃതര്‍ ഇതുസംബന്ധിച്ച വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
കരാറിന്റെ ഭാഗമായി എംസിഎന്‍ ടീം കാര്‍ഡിയാക് സെന്ററില്‍ സദാ സേവന സന്നദ്ധമായിരിക്കും. സമ്പൂര്‍ണ സൗകര്യങ്ങളുള്ള കാര്‍ഡിയാക് സെന്റര്‍ ഹൃദ്‌രോഗ ശസ്ത്രക്രിയാ സംബന്ധമായ മുഴുവന്‍ നടപടിക്രമങ്ങളും നിര്‍വഹിക്കാന്‍ ശേഷിയുള്ളതാകും. അസ്ഥിരോഗ ശസ്ത്രക്രിയാ സേവനങ്ങളാണ് ഇവിടെ കൂടുതലായി ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നത്. റോബോട്ടിക് സര്‍ജറിയും നട്ടെല്ല് സംബന്ധമായ അതീവ സൂക്ഷ്മ പരിചരണവും മുന്‍നിര ന്യൂറോ സേവനങ്ങളും ഇവിടെ ലഭ്യമാക്കുന്നതാണ്.
”ലോകമെങ്ങും നിന്നുള്ള എംസിഎന്നിലെ വിദഗ്ധരുടെയും മെഡിക്കല്‍ പ്രൊഫഷണലുകളുടെയും സാന്നിധ്യം ദുബൈയിലേക്ക് കൊണ്ടു വരികയാണ് ഈ ധാരണയിലൂടെ എന്ന നേട്ടമുണ്ട്. രോഗികളുടെ വിജയകരമായ പരിചരണത്തിന് സഹകരണത്തിലധിഷ്ഠിതമായ അവസരങ്ങള്‍ എംസിഎന്‍ പ്രദാനം ചെയ്യും. അതുവഴി നഗരത്തിലെ റീജ്യനല്‍ ഹെല്‍ത്ത് കെയര്‍ ഹബ്ബെന്ന യശസ്സ് വര്‍ധിപ്പിക്കാനുമാകും” -കാര്‍ഡിയാക് സയന്‍സസ് സെന്റര്‍ സംബന്ധമായി ഫൈസല്‍ ഇ.കോട്ടിക്കൊള്ളോന്‍ അഭിപ്രായപ്പെട്ടു.
”എംസിഎന്നിനെ പിന്തുണക്കുന്ന വിധത്തില്‍ രോഗികള്‍ക്ക് ആഗോള നിലവാരമുള്ള മുന്‍നിര ഹൃദയരോഗ ആരോഗ്യ പരിചരണം തടസ്സങ്ങളില്ലാതെ പ്രത്യേകമായി നല്‍കാനാകുമെന്ന നിലയില്‍ സിഎസ്എച്ചിനെ സംബന്ധിച്ചിടത്തോളം ഈ കേന്ദ്രം തുറക്കുന്നത് ഒരു നാഴികക്കല്ലാണ്” -സിഎസ്എച്ച് ചെയര്‍മാന്‍ മുഹമ്മദ് റാഷിദ് അല്‍ഫലാസി പറഞ്ഞു. മിഡില്‍ ഈസ്റ്റില്‍ തന്നെ ആദ്യത്തേതായ ഈ കേന്ദ്രം ശക്തമായ ഡിജിറ്റല്‍ പശ്ചാത്തലവും നൂതന സാങ്കേതിക ശേഷിയുമുള്ളതാണെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയെന്നും അദ്ദേഹം വ്യക്തമാക്കി.
സിഎസ്എച്ചിനെ രാഷ്ട്രാന്തരീയ തലത്തില്‍ ഉയര്‍ത്തുന്നതായിരിക്കും ഈ ധാരണയെന്ന് ചീഫ് സ്ട്രാറ്റജിക് ഓഫീസര്‍ എസ്.ഗോപിനാഥ് പറഞ്ഞു. രോഗികള്‍, ഡോക്ടര്‍മാര്‍, പ്രാഥമിക-ദ്വിതീയ-തൃതീയ -സൂക്ഷ്മ പരിചരണ ദാതാക്കള്‍ എന്നിവയെ ഇവിടെ ഒരു സംയോജിത സംവിധാനത്തിലാക്കിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക പ്രസിദ്ധ ഹൃദയ-ശ്വാസകോശ മാറ്റിവെക്കല്‍ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. കെ.ആര്‍ ബാലകൃഷ്ണനാണ് എംസിഎന്‍-സിഎസ്എച്ച് പങ്കാളിത്തത്തില്‍ മുഖ്യ പങ്ക് വഹിക്കുന്നത്. കാര്‍ഡിയോ തൊറാസിക് സര്‍ജറിയില്‍ നല്ല പ്രാവീണ്യമുള്ള ഡോ. ബാലകൃഷ്ണന്റെ ആരോഗ്യ പരിചരണ മേഖലയിലെ പ്രാമാണിക സമീപനം ഏറെ ഖ്യാതിയുള്ളതാണ്.