മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഖത്തറില്‍ പുതിയ ആഭരണ നിര്‍മാണ കേന്ദ്രം തുറക്കും

27
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഖത്തറില്‍ നിര്‍മിക്കുന്ന പുതിയ ആഭരണ നിര്‍മാണ ഫാക്ടറിയുടെ ശിലാസ്ഥാപനം ശൈഖ് ഹമദ് നാസര്‍ എ.എ അല്‍ ഥാനി, ശൈഖ് അബ്ദുള്ള നാസര്‍ എ.എ അല്‍ ഥാനി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചപ്പോള്‍. മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് റീജ്യണല്‍ ഹെഡ് ടി.വി സന്തോഷ്, സോണല്‍ ഹെഡ് ടി.നൗഫല്‍, എ.കെ ഉസ്മാന്‍ തുടങ്ങിയവര്‍ സമീപം

പ്രതിവര്‍ഷം 5,000 കിലോ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ലക്ഷ്യം.
കാസ്റ്റിംഗ്, സിഎന്‍സി, കാഡ്ക്യാം 3ഡി പോലുള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി ഉയര്‍ന്ന നിലവാരവും പൂര്‍ണതയുമുള്ള വൈവിധ്യമാര്‍ന്ന സ്വര്‍ണാഭരണങ്ങളാണ് നിര്‍മിക്കുക.
എക്‌സ്‌ക്‌ളൂസിവ് ഡയമണ്ടും മറ്റ് അമൂല്യ രത്‌നാഭരണങ്ങളും നിര്‍മിക്കാനുള്ള ഈ സൗകര്യം ഖത്തറിലെ ആദ്യത്തേതായിരിക്കും.
പരിസ്ഥിതി സൗഹൃദ നിര്‍മാണ രീതികളും ഉപകരണങ്ങളുമായിരിക്കും ഫാക്ടറിയില്‍ ഉപയോഗിക്കുക.

ദോഹ: 10 രാജ്യങ്ങളിലായി 260ലധികം ഔട്‌ലെറ്റുകളുടെ ശക്തമായ റീടെയില്‍ ശൃംഖലയുള്ള ആഗോള തലത്തിലെ മുന്‍നിര ജ്വല്ലറി ബ്രാന്റുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഖത്തറിലെ മനാതെക് എകണോമിക് സോണ്‍ ഭാഗമായ ബിര്‍കാത് അല്‍ അവാമര്‍ ലോജിസ്റ്റിക് പാര്‍ക്കില്‍ ലീസ് ചെയ്ത 3,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ പുതിയ ആഭരണ നിര്‍മാണ ശാല ആരംഭിക്കുന്നു.
ഫാക്ടറിയുടെ ശിലാസ്ഥാപനം ജൂലൈ 5ന് ശൈഖ് ഹമദ് നാസര്‍ എ.എ അല്‍ ഥാനി, ശൈഖ് അബ്ദുള്ള നാസര്‍ എ.എ അല്‍ ഥാനി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ചടങ്ങില്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് റീജ്യണല്‍ ഹെഡ് ടി.വി സന്തോഷ്, സോണല്‍ ഹെഡ് ടി.നൗഫല്‍, എ.കെ ഉസ്മാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
കാസ്റ്റിംഗ്, സിഎന്‍സി, കാഡ്ക്യാം 3ഡി പോലുള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി ഉയര്‍ന്ന നിലവാരവും പൂര്‍ണതയുമുള്ള 5,000 കിലോ സ്വര്‍ണാഭരണങ്ങള്‍ പ്രതിവര്‍ഷം നിര്‍മിക്കാന്‍ ഫാക്ടറിക്ക് സാധിക്കും. സിഎന്‍സി കട്ടിംഗ്, മാലകള്‍, പാദസരങ്ങള്‍, മോതിരങ്ങള്‍, വളകള്‍, 22-24 ക്യാരറ്റ് സ്വര്‍ണ നാണയങ്ങള്‍, കുവൈത്തി നെക്‌ലേസ് തുടങ്ങിയ ആഭരണങ്ങള്‍ നിര്‍മിക്കാനായി വിവിധ വിഭാഗങ്ങളോട് കൂടിയ ഈ ഫാക്ടറി 2022 ജൂലൈയോടെ പ്രവര്‍ത്തനമാരംഭിക്കും. ഫാക്ടറി 200ഓളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
പുതിയ ആഭരണ നിര്‍മാണ കേന്ദ്രത്തില്‍ വജ്രവും മറ്റ് അമുല്യ രത്‌നാഭരണങ്ങളും നിര്‍മിക്കാനുള്ള സൗകര്യവുമുണ്ട്. ഖത്തറിലെ ഇത്തരത്തിലുള്ള ആദ്യ നിര്‍മാണ കേന്ദ്രമാണിത്. 2013 മുതല്‍ ഖത്തറില്‍ പ്രവര്‍ത്തിച്ചു വരുന്ന നിലവിലുള്ള നിര്‍മാണ കേന്ദ്രത്തിന് പുറമെയാണിത്. 50 വിദഗ്ധരായ ആഭരണ നിര്‍മാണ തൊഴിലാളികള്‍ ജോലി ചെയ്യുന്ന നിലവിലുള്ള ഫാക്ടറിക്ക് പ്രതിവര്‍ഷം 1,200 കിലോ ആഭരണ നിര്‍മാണ ശേഷിയാണുള്ളത്.
ഗ്രൂപ് സുസ്ഥിര വികസനത്തിന് ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായി, കാര്യക്ഷമമായി ഊര്‍ജം കൈകാര്യം ചെയ്യുന്നതും, പരിസ്ഥിതി സൗഹൃദവുമായ വിവിധ സവിശേഷതകള്‍ സംയോജിപ്പിച്ചു കൊണ്ട് ക്‌ളീന്‍ എനര്‍ജിയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് ഈ സ്ഥാപനത്തെ രൂപകല്‍പന ചെയ്യുന്നത്.
ജലത്തില്‍ നിന്ന് ഇന്ധനം ഉല്‍പാദിപ്പിക്കുന്ന ഹൈഡ്രജന്‍ ജനറേറ്ററുകള്‍ പുറംതള്ളുന്ന വ്യാവസായിക മാലിന്യങ്ങളില്‍ നിന്ന് വിഷ കണികകളെയും വാതകങ്ങളെയും നീക്കം ചെയ്യുന്ന വായു മലിനീകരണ നിയന്ത്രണ ഉപകരണം, മലിനജല ശുദ്ധീകരണ പ്‌ളാന്റില്‍ നിന്ന് ദുര്‍ഗന്ധമുള്ളതും വിഷജന്യവുമായ വാതകങ്ങള്‍ നീക്കം ചെയ്യാനുള്ള ഡ്രൈ സ്‌ക്രബിംഗ് സിസ്റ്റം തുടങ്ങിയ നിരവധി അത്യാധുനിക സൗകര്യങ്ങള്‍ ഫാക്ടറിയില്‍ ഉള്‍പ്പെടുത്തും.
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന് നിലവില്‍ 14 ആഭരണ നിര്‍മാണ കേന്ദ്രങ്ങളുണ്ട്. കൂടാതെ, 14 ഹോള്‍സെയില്‍ യൂണിറ്റുകള്‍, ഓഫീസുകള്‍, ഡിസൈന്‍ സെന്ററുകള്‍ എന്നിവ ഇന്ത്യ, മിഡില്‍ ഈസ്റ്റ്, ഫാര്‍ ഈസ്റ്റ്, യുഎസ്എ എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്നു.