ഹബീബിലൂടെ എംഎസ്എഫ് ആന്തരിക കരുത്ത് നേടി

58
എംഎസ്എഫ് അലുംനി യുഎഇ ചാപ്റ്റര്‍ സംഘടിപ്പിച്ച ഹബീബ് അനുസ്മരണത്തില്‍ രമേശ് ചെന്നിത്തല മുഖ്യ പ്രഭാഷണം നടത്തുന്നു

ദുബൈ: എംഎസ്എഫ് മുന്‍ സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി.ഹബീബ് റഹ്മാന്റെ മുപ്പത്തിയൊന്നാമത് ഓര്‍മ ദിനത്തില്‍ വെര്‍ച്വല്‍ പ്‌ളാറ്റ്‌ഫോമില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടി വിദ്യാര്‍ത്ഥി രാഷ്ട്രീയ ചരിത്രവും സമകാലിക രാഷ്ട്രീയവും ഗൗരവത്തോടെ ചര്‍ച്ച ചെയ്ത വേദിയായി മാറി. എംഎസ്എഫ് അലുംനി യുഎഇ ചാപ്റ്റര്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നിസ്വാര്‍ത്ഥനും കഠിനാധ്വാനിയുമായ പ്രതിഭാശാലിയായ വിദ്യാര്‍ത്ഥി നേതാവായിരുന്നു അഡ്വ. പി.ഹബീബ് റഹ്മാനെന്ന് സാദിഖലി തങ്ങള്‍ അനുസ്മരിച്ചു. എംഎസ്എഫ് അലുംനി യുഎഇ ചാപ്റ്റര്‍ പ്രസിഡണ്ട് പി.കെ അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു. ‘ആശയ വൈവിധ്യവും ജനാധിപത്യ സമന്വയവും’ എന്ന വിഷയത്തില്‍ വെബിനാറും നടന്നു. രമേശ് ചെന്നിത്തല മുഖ്യ പ്രഭാഷണം നടത്തി. വ്യത്യസ്ത അഭിപ്രായങ്ങളും വൈവിധ്യമാര്‍ന്ന ചിന്തകളും ആഗ്രഹിക്കുന്ന ജനങ്ങള്‍ ജീവിക്കുന്ന രാജ്യത്ത് മൗലികാവകാശങ്ങളും ജനാധിപത്യാവകാശങ്ങളും ധ്വംസിക്കുന്ന നടപടികളാണ് ഭരണകൂടങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യം രാജ്യത്ത് ഇല്ലാതാകുന്നു. ജനകീയാഭിപ്രായങ്ങളെയും പൗരാവകാശങ്ങളെയും അടിച്ചമര്‍ത്തുന്ന ഭരണകൂട നയം കേന്ദ്രത്തിലും സംസ്ഥാനത്തും തുടരുകയാണ്. ഇത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയാണെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. പി.കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ മുഖ്യാതിഥിയായിരുന്നു.
ഹബീബ് റഹ്മാന്‍ സംഘടനാ പ്രവര്‍ത്തകര്‍ക്ക് എക്കാലവും പ്രചോദനവും കരുത്തുമാണെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന കുതന്ത്രമാണ് കേന്ദ്രത്തിലും കേരളത്തിലും നടക്കുന്നത്. പ്രത്യേക വിഭാഗങ്ങള്‍ക്ക് നീതി നിഷേധിക്കുകയെന്നത് സര്‍ക്കാറുകള്‍ അജണ്ടയായി സ്വീകരിച്ചിരിക്കുകയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സി.പി ജോണ്‍ ഹബീബ് അനുസ്മരണ പ്രഭാഷണം നടത്തി.
ഹബീബിലൂടെ എംഎസ്എഫ് ആന്തരിക കരുത്ത് നേടിയെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളും മിത്രങ്ങളുമില്ലെന്ന് അന്വര്‍ത്ഥമാക്കിയ വിദ്യാര്‍ത്ഥി നേതാവായിരുന്നു ഹബീബ്. രാഷ്ട്രീീയത്തില്‍ സൗഹൃദമില്ല. സൗഹൃദത്തിന് രാഷ്ട്രീയവുമില്ല എന്ന സന്ദേശമാണ് ഹബീബ് കൈമാറിയത്. എംഎസ്എഫിന്റെ സംഘടനാ താല്‍പര്യം മാത്രമായിരുന്നു ഹബീബിന് പ്രധാനം. ഹബീബുമായുള്ള ആത്മബന്ധമാണ് എം.വി രാഘവന്റെ ബദല്‍ രേഖക്ക് പിന്തുണ നല്‍കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് സി.പി ജോണ്‍ പറഞ്ഞു. എംഎസ്എഫുകാരുമായുള്ള സൗഹൃദം വഴി ലീഗിനെ മാത്രമല്ല, മുസ്‌ലിം ജീവിതത്തെയും ആഴത്തില്‍ പഠിക്കാന്‍ അവസരമുണ്ടായെന്ന് അദ്ദേഹം നിരീക്ഷിച്ചു. ‘മുന്നണിയെ ശക്തമാക്കുക, മുന്നണിയെ സംതൃപ്തമാക്കുക’ എന്ന ഹബീബിന്റെ ആശയത്തിന് പുതിയ കാലത്ത് ഏറെ പ്രസക്തിയുണ്ടെന്നും സി.പി ജോണ്‍ കൂട്ടിച്ചേര്‍ത്തു.
ഡോ. പുത്തൂര്‍ റഹ്മാന്‍, ടി.വി ഇബ്രാഹിം എംഎല്‍എ, അഡ്വ. കെ.എം ഹസൈനാര്‍, ടി.ടി ഇസ്മായില്‍, ടി.പി അഷ്‌റഫലി, പി.കെ നവാസ്, പി.എ റഹ്മാന്‍ മമ്പാട്, ടി.എ ഖാലിദ്, എം.പി മുഹമ്മദലി, ഇബ്രാഹിം മുറിച്ചാണ്ടി, വി.പി അഹമ്മദ് കുട്ടി മദനി പ്രസംഗിച്ചു. എംഎസ്എഫ് അലുംനി യുഎഇ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ഇസ്മായില്‍ ഏറാമല സ്വാഗതവും ട്രഷറര്‍ മജീദ് അണ്ണാന്‍തൊടി നന്ദിയും പറഞ്ഞു.