ദുബൈയില്‍ നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിച്ചത് സ്വാഗതാര്‍ഹം: അബുദാബി കെഎംസിസി

അബുദാബി: നിരവധി നിവേദനങ്ങള്‍ക്കും മുറവിളികള്‍ക്കും ശേഷം ദുബൈയില്‍ നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്ന് അബുദാബി കെഎംസിസി അഭിപ്രായപ്പെട്ടു. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് നിലവില്‍ നാട്ടില്‍ പോയി പരീക്ഷയെഴുതാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. ഈ വിഷയം ഉയര്‍ത്തിക്കാട്ടി കെഎംസിസി ഇന്ത്യന്‍ സ്ഥാനാപതിക്കും കോണ്‍സുല്‍ ജനറലിനും നേരത്തെ നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഇന്ത്യന്‍ മാധ്യമങ്ങളും ഈ വിഷയം ഉയര്‍ത്തിയിരുന്നു.
കോവിഡ്19 പ്രതിസന്ധിക്ക് ശേഷം ഏതൊരാളും ആഗ്രഹിക്കുന്നത് പോലെ യാത്ര ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തില്‍ യുഎഇയില്‍ പരീക്ഷാ കേന്ദ്രം അനുവദിച്ചത് ആശ്വാസകരമാണെന്നും അബുദാബി കെഎംസിസി പ്രസിഡണ്ട് ശുക്കൂര്‍ അലി കല്ലുങ്ങല്‍, ജന.സെക്രട്ടറി അഡ്വ. കെ.വി മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ പി.കെ അഹമ്മദ് ബല്ലാകടപ്പുറം എന്നിവര്‍ അഭിപ്രായപ്പെട്ടു.