ദുബൈ: നീറ്റ് പരീക്ഷാ കേന്ദ്രം ദുബൈയില്‍ അനുവദിച്ചതില്‍ യുഎഇ കെഎംസിസിയും ആഹ്ളാദത്തില്‍. ഇതുസംബന്ധമായി യുഎഇ കെഎംസിസി നടത്തിയ ശ്രമം ഫലം കണ്ടതില്‍ ഏറെ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്, ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹ, ട്രഷറര്‍ നിസാര്‍ തളങ്കര എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
കുടുംബ സമേതം പ്രവാസ ലോകത്ത് ജീവിക്കുന്നവരുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു നീറ്റ് പരീക്ഷക്ക് പ്രവാസികള്‍ ഏറ്റവുമധികം അധിവസിക്കുന്ന രാജ്യങ്ങളില്‍ പരീക്ഷാ കേന്ദ്രം ഏര്‍പ്പെടുത്തണമെന്നത്. ഈയാവശ്യത്തിന് മേല്‍ കേന്ദ്ര സര്‍ക്കാര്‍ കുവൈത്തില്‍ പരീക്ഷാ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഏറ്റവുമധികം സ്കൂളുകളും വിദ്യാര്ത്ഥികളുമുള്ള യുഎഇയില്‍ കൂടി പരീക്ഷാ കേന്ദ്രം വന്നാല്‍ മാത്രമേ പ്രവാസികള്‍ക്ക് കോവിഡ്19 സാഹചര്യത്തില്‍ യഥാര്‍ത്ഥ പ്രയോജനം ലഭിക്കുകയുള്ളൂവെന്ന് ചൂണ്ടിക്കാട്ടി യുഎഇ കെഎംസിസി ഉപദേശക സമിതി ചെയര്മാന് ഷംസുദ്ദീന് ബിന്‍ മുഹ്യുദ്ദീനോടൊപ്പം തങ്ങള്‍ മുന്‍ കോണ്‍സുല്‍ ജനറല്‍ വിപുലിനെ 2020 ജൂണ്‍ 20ന് കണ്ട് നല്കിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരുന്നുവെന്ന് നേതാക്കള്‍ പറഞ്ഞു.
കുവൈത്തിന് പുറമെ, യുഎഇ കെഎംസിസിയുടെ നിവേദന ഫലമായി ദുബൈയിലും ഈ വര്‍ഷം പരീക്ഷാ കേന്ദ്രം അനുവദിക്കപ്പെട്ടത് ഏറെ സന്തോഷവും സംതൃപ്തിയുമുളവാക്കുന്നതാണ്.
ദീര്‍ഘ നാളത്തെ പ്രവാസികളുടെ ഈയാവശ്യത്തിനും നമ്മുടെ ഇടപെടലുകളിലൂടെ ഫലം കണ്ടത് വലിയ കാര്യം തന്നെയാണ്. ഇതു പോലുള്ള പ്രവാസികള്‍ അഭിമുഖീകരിക്കുന്ന വിഷയങ്ങള്‍ക്ക് കൂട്ടായ യത്നത്തിലൂടെ പരിഹാരം കാണാനാകുമെന്നതിന് തെളിവാണിത്. പ്രവാസികളുടെ ആവശ്യങ്ങള്‍ക്ക് അനുഭാവപൂര്‍വം പരിഗണന നല്കിയ നിലവിലെ കോണ്‍സുല്‍ ജനറല്‍ ഡോ. അമന് പുരിക്കും സഹപ്രവര്‍ത്തകര്‍ക്കും യുഎഇ കെഎംസിസി നേതാക്കള്‍ അനുമോദനങ്ങളറിയിച്ചു. നീറ്റ് പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് വിജയാശംസകളും നേര്‍ന്നു.