പ്രവാസികളുടെ യാത്രാ പ്രതിസന്ധി: കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിഷേധ സംഗമം 25ന്

തൃശ്ശൂര്‍: പ്രവാസികളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട വിധത്തില്‍ ഇന്ത്യാ ഗവണ്‍മെന്റ് പ്രവാസികള്‍ക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കാത്ത സ്ഥിതിയാണുള്ളതെന്നും ഫ്‌ളൈറ്റുകള്‍ ചാര്‍ട്ടര്‍ ചെയ്യാതെയും മറ്റും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാല്‍ ഇതില്‍ പ്രതിഷേധിച്ച് തൃശ്ശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രവാസ ലോകത്തെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ച് വെര്‍ച്വല്‍ പ്രതിഷേധ സംഗമം ജൂലൈ 25ന് ഇന്ത്യന്‍ സമയം രാത്രി 9 മണിക്ക് ഒരുക്കുമെന്നും ബന്ധപ്പെട്ടവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള ഇരുന്നൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന സംഗമം യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ ഉദ്ഘാടനം ചെയ്യും. തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റ് എം.പി വിന്‍സെന്റ് അധ്യക്ഷത വഹിക്കും. പ്രതിനിധികളായി എന്‍.പി രാമചന്ദ്രന്‍, ടി.എ രവീന്ദ്രന്‍, സുരേഷ് ശങ്കര്‍, എ.പി മണികണ്ഠന്‍, കെ.എം അബ്ദുല്‍ മനാഫ് എന്നിവര്‍ അഭിസംബോധന ചെയ്യും. വ്യത്യസ്ത ഭൂഖണ്ഡങ്ങളില്‍ നിന്നായി കെ.എച്ച് താഹിര്‍, സലീം ചെറക്കല്‍, ബി.പവിത്രന്‍, ഫൈസല്‍ തഹാനി, നാസര്‍ അല്‍ദാരാ, അലി ആളൂര്‍, ജലിന്‍ തൃപ്രയാര്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ സംസാരിക്കുന്നതാണ്. പ്രവാസ ലോകത്തെ വിഷയങ്ങളെ കുറിച്ച് പ്രമേയം അവതരിപ്പിക്കുമെന്നും എം.പി വിന്‍സെന്റ് പറഞ്ഞു.