പ്രവാസി യുവാവ് അജ്മാനില്‍ നിര്യാതനായി

ഹംസ പൊതുവത്ത്

അജ്മാന്‍: മലപ്പുറം ജില്ലയിലെ തെന്നല വെസ്റ്റ് ബസാര്‍ സ്വദേശിയും അജ്മാനില്‍ ഫാര്‍മസി ജീവനക്കാരനുമായ ഹംസ പൊതുവത്ത് (35) നിര്യാതനായി. കഴിഞ്ഞ നാല് വര്‍ഷമായി അജ്മാനില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു.
സൗമ്യമായ പെരുമാറ്റം കൊണ്ടും ക്രിയാത്മകമായ ഇടപെടല്‍ കൊണ്ടും എല്ലാവരാലും ശ്രദ്ധിക്കപ്പെട്ടിരുന്ന ഹംസയുടെ പെട്ടെന്നുള്ള വിയോഗം നാടിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.
നാട്ടിലെ പൊതുപ്രവര്‍ത്തന രംഗത്തും അര്‍ഹരായവര്‍ക്ക് സൗജന്യ മരുന്ന് സേവനമുള്‍പ്പെടെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലുമെല്ലാം മുന്നില്‍ നിന്ന് നയിച്ചിരുന്ന വ്യക്തി കൂടിയായിരുന്നതിനാല്‍ തന്നെ നാട്ടിലും മറുനാട്ടിലുമുള്ള സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കുമിത് തീര്‍ത്തും അവിശ്വസനീയ വാര്‍ത്തയായി മാറി.
തെന്നല പ്രദേശത്തെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായി നേതൃത്വം നല്‍കി വരുന്ന പൗര പ്രമുഖന്‍ പൊതുവത്ത് മരക്കാര്‍ ഹാജിയുടെ അഞ്ചു മക്കളില്‍ രണ്ടാമനാണ് ഹംസ. കുഞ്ഞീരം ഹജ്ജുമ്മയാണ് മാതാവ്. ജസീല തന്‌സിയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് അസ്മില്‍ (12), ആയിഷ അസ്മിന (5). സഹോദരങ്ങള്‍:
ശരീഫ്, ഷൗക്കത്ത്, ഹസീന, ഫാത്തിമ സുഹറ.