ഏക യാത്രക്കാരനായി ഇസ്മായില്‍; പൈലറ്റായി നാട്ടുകാരന്‍ ബിജു

355

ദുബൈ: ഏക യാത്രക്കാരനുമായി എയര്‍ അറേബ്യയുടെ വിമാനം കോഴിക്കോട് നിന്നും ഷാര്‍ജയിലേക്ക് പറന്നു. മുന്‍നിര റീടെയ്ല്‍ ഗ്രൂപ്പായ അല്‍ മദീന ഗ്രൂപ്പിന്റെ ഡയറക്ടറും ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റി ട്രഷററുമായ പി.കെ ഇസ്മായില്‍ പൊട്ടങ്കണ്ടിയാണ് യാത്രക്കാരന്‍.
കോവിഡ്19 നിയന്ത്രണങ്ങളുടെ ഭാഗമായുള്ള യാത്രാ വിലക്കില്‍ പെട്ട് കമ്പനിയുടെ ബോര്‍ഡ് മീറ്റിംഗിലും അടിയന്തര പ്രാധാന്യമുള്ള ഇടപാടുകളിലും പങ്കെടുക്കാന്‍ കഴിയാതെ കഴിഞ്ഞ കുറച്ചു മാസങ്ങളായി നാട്ടില്‍ കഴിയുകയായിരുന്നു ഇസ്മായില്‍. ഗോള്‍ഡന്‍ വിസക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നുവെങ്കിലും നാട്ടിലായതിനാല്‍ വിസ സ്റ്റാമ്പ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. കമ്പനിയുടെ സിഇഒ അസീസ് പാലേരിയുടെ ശ്രമ ഫലമായി കോസ്‌മോ ട്രാവല്‍സ് മുഖേന പ്രത്യേക അനുമതി സംഘടിപ്പിച്ചാണ് യാത്ര സാധ്യമാക്കിയത്. എയര്‍പോര്‍ട്ടിലെത്തി ബോര്‍ഡിംഗ് പാസ് കിട്ടിയ ശേഷമാണ് താന്‍ മാത്രമേ യാത്രക്കാരനായുള്ളൂവെന്ന് അറിഞ്ഞതെന്ന് ഇസ്മായില്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലക്കാരന്‍ തന്നെയായ മട്ടന്നൂര്‍ സ്വദേശി ബിനുവാണ് പൈലറ്റ് എന്നതും കൗതുമായതായി അദ്ദേഹം പറഞ്ഞു.
ഈ മാസം മൂന്നിനാണ് യാത്രാനുമതി തേടി അപേക്ഷ നല്‍കിയത്. ടിക്കറ്റിന് 8,000 ദിര്‍ഹമാണ് (ഒരു ലക്ഷത്തി അമ്പത്തി അയ്യായിരം രൂപ) യാത്രക്ക് ചെലവായത്.