മാനസിക വെല്ലുവിളി നേരിടുന്ന മകളെ പോറ്റാന്‍ തുടങ്ങിയ കട അടപ്പിച്ചു; വീട്ടമ്മക്ക് താങ്ങായി എം.എ യൂസഫലി

30

കുടിശ്ശിക തുകയായ 9 ലക്ഷത്തിന് പുറമെ, കട വീണ്ടും തുടങ്ങാന്‍ 2 ലക്ഷം രൂപയുടെ സഹായവും

കൊച്ചി: മറൈന്‍ ഡ്രൈവില്‍ 54കാരി പ്രസന്ന നടത്തിയിരുന്ന കട വാടക കുടിശ്ശിക നല്‍കാത്തതിന്റെ പേരില്‍ ജിസിഡിഎ അധികൃതര്‍ അടച്ചുപൂട്ടി. ഉപജീവന മാര്‍ഗം ഇല്ലാതായതോടെ നാലു ദിവസമായി കടക്ക് മുന്നില്‍ സമരത്തിലാണിവര്‍. വാടക കുടിശ്ശിക ഇനത്തില്‍ 9 ലക്ഷം രൂപ അടക്കാനുണ്ടെന്ന് ജിസിഡിഎ അധികൃതര്‍ പറയുന്നു.
അതേസമയം, പ്രസന്നയുടെ ഭുരിതം പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ അറിഞ്ഞ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ് ചെയര്‍മാനുമായ എം.എ യൂസഫലി പ്രസന്ന അടക്കാനുള്ള തുക മുഴുവന്‍ അടക്കുമെന്ന് അറിയിച്ചു. ഇതോടൊപ്പം, കടയിലേക്ക് വില്‍പനക്ക് വേണ്ട സാധനങ്ങള്‍ വാങ്ങാന്‍ 2 ലക്ഷം രൂപയും നല്‍കുമെന്നും എം.എ യൂസഫലി പറഞ്ഞു.
താന്തോന്നിത്തുരുത്ത് സ്വദേശിനിയായ പ്രസന്നയുടെ ഏക വരുമാന മാര്‍ഗമായിരുന്നു കട. മാനസിക വെല്ലുവിളി നേരിടുന്ന ഒരു മകളും ഇവര്‍ക്കുണ്ട്. മറ്റൊരു മകള്‍ അപകടത്തില്‍ പെട്ട് കുട്ടിയും മരിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് 2015ല്‍ ഇവര്‍ക്ക് തറ വാടക ഈടാക്കി ഇവിടെ കട തുടങ്ങാന്‍ അനുമതി നല്‍കിയത്. ഇപ്പോള്‍ പ്രതിമാസം 13,800 രൂപയാണ് വാടക. മൂന്നര ലക്ഷം രൂപ വായ്പയെടുത്ത് കട പണിതു. പ്രളയവും കോവിഡ്19 ലോക്ക് ഡൗണും നടപ്പാത നവീകരണവുമൊക്കെ കാരണമായി രണ്ട് വര്‍ഷമായി കച്ചവടം ഇല്ലാത്തതിനാല്‍ വാടക കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം കട തുറന്നപ്പോഴാണ് ജിസിഡിഎ അധികൃതരെത്തി ഒഴിപ്പിക്കല്‍ നടത്തിയത്. ഒരു നിശ്ചിത തുക അടച്ചാല്‍ കട തുറക്കാന്‍ അനുവദിക്കാമെന്നും ചെയര്‍മാന്‍ പറഞ്ഞു. ഇതിനിടെ, ലുലു ഗ്രൂപ് പ്രസന്നക്ക് സഹായം വാഗ്ദാനം ചെയ്തു. എം.എ യൂസഫലിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് എത്തിയ ലുലു ഗ്രൂപ് മീഡിയ കോഓര്‍ഡിനേറ്റര്‍ എന്‍.ബി സ്വരാജ് തുട അടക്കുമെന്നുള്ള വിവരങ്ങള്‍ പ്രസന്നയെ അറിയിച്ചു. ഞായറാഴ്ച തന്നെ കുടിശ്ശിക തുക മുഴുവന്‍ അടക്കാന്‍ ജിസിഡിഎയെ ചെയര്‍മാനുമായി ബന്ധപ്പെട്ടെങ്കിലും ഓഫീസ് അവധിയായതിനാല്‍ നടന്നില്ല. തിങ്കളാഴ്ച രാവിലെ തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ജിസിഡിഎ ചെയര്‍മാന്‍ അറിയിച്ചു.
നാളെ തന്നെ (തിങ്കള്‍) ലുലു ഗ്രൂപ് തുക മുഴുവന്‍ ജിസിഡിഎയില്‍ അടക്കുമെന്ന് എംഎ യൂസഫലി അറിയിച്ചു.