പ്രവാസത്തിനു വിട; സുനില്‍ മുഹമ്മദ് നാട്ടിലേക്ക്

സുനില്‍ മുഹമ്മദ്

ദുബൈ: ദീര്‍ഘ കാലമായി സാമൂഹിക പ്രവര്‍ത്തനങ്ങളുമായി പ്രവാസ ലോകത്ത് നിറഞ്ഞു നിന്ന സുനില്‍ മുഹമ്മദ് നിറഞ്ഞ സന്തോഷത്തോടെ ദുബൈയോട് വിട പറയുന്നു.
1993ല്‍ ആരംഭിച്ച പ്രവാസ ജീവിതം എല്ലാവരെയും പോലെ പ്രതിസന്ധികളുടേതായിരുന്നു. അര്‍പ്പണ ബോധത്തോടെയും നിശ്ചയ ദാര്‍ഢ്യത്തോടെയുമുള്ള പ്രവര്‍ത്തനം വഴി ആഗ്രഹിച്ച കാര്യങ്ങളൊക്കെ നേടാന്‍ കഴിഞ്ഞെന്ന് സുനില്‍ പറയുന്നു. ഇതിനിടെ, ചൈന, ഇറ്റലി, അമേരിക്ക, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ തുടങ്ങിയ നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധിച്ചു.
കോവിഡ്19 മഹാമാരിക്കാലത്ത് നിരവധി നിരാലംബര്‍ക്ക് അത്താണിയാവാന്‍ മുന്നിലുണ്ടായിരുന്ന സുനില്‍,
ആലപ്പുഴ അരൂക്കുറ്റി സ്വദേശിയാണ്. ദുബൈയിലെ ഒട്ടേറെ സാമൂഹിക പ്രവര്‍ത്തനങ്ങളിലും മഹല്ല് കൂട്ടായ്മയിലും ഭാഗഭാക്കായി. കെഎംസിസി പോലുള്ള ജീവകാരുണ്യ സംഘടനകളുമായി ചേര്‍ന്ന് നാട്ടില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളിലും മുന്നില്‍ നിന്നു.
ദുബൈയിലെ പ്രശസ്തമായ അല്‍ഷംസി കമ്പനിയില്‍ മാനേജര്‍ തസ്തികയില്‍ നിന്നാണ് സ്തുത്യര്‍ഹമായ 27 വര്‍ഷത്തെ സേവനത്തിന് ശേഷമുള്ള പടിയിറക്കം.
സുസ്മി (ബി.കോം വിദ്യാര്‍ത്ഥിനി), സഹല്‍ മുഹമ്മദ് (ഒന്‍പതാം ക്‌ളാസ് വിദ്യാര്‍ത്ഥി) മക്കളാണ്.