തൂണേരി പഞ്ചാ.പ്രസിഡണ്ട് പി.ഷാഹിനക്ക് സോഷ്യോ എക്‌സലന്‍സ് അവാര്‍ഡ്

പി. ഷാഹിന

വടകര: സാമൂഹിക-ജീവകാരുണ്യ മേഖലകളില്‍ മികവ് പുലര്‍ത്തുന്ന വടകര താലൂക്കിലെ വനിതാ ജനപ്രതിനിധിക്ക് ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് ആന്റ് ഹ്യുമാനിറ്റേറിയന്‍ ഏര്‍പ്പെടുത്തിയ സോഷ്യോ എക്‌സലന്‍സ് അവാര്‍ഡിന് തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ഷാഹിന അര്‍ഹയായി. സാമൂഹിക വിഷയങ്ങളിലെ ധീരമായ ഇടപെടലുകളും
സാന്ത്വന പരിചരണ രംഗത്തെ മികച്ച സേവനവും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമാണ് ഷാഹിനയെ അവാര്‍ഡിന് അര്‍ഹയാക്കിയത്.
ഈ മാസം തൂണേരിയില്‍ നടക്കുന്ന ചടങ്ങില്‍
കെ.മുരളീധരന്‍ എംപി അവാര്‍ഡ് സമ്മാനിക്കും.
വനിതാ ലീഗ് പഞ്ചായത്ത് സെക്രട്ടറിയായ ഷാഹിന നേരത്തെ തന്നെ നല്ലൊരു പാലിയേറ്റീവ് പ്രവര്‍ത്തകയാണ്. 2015 മുതല്‍ ജനപ്രതിനിധിയായി പ്രവര്‍ത്തിക്കുന്ന ഇവര്‍ കഴിഞ്ഞ ഭരണ സമിതിയില്‍ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍ പേഴ്‌സണായിരുന്നു. അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കും കോവിഡ് പോസിറ്റീ
വായതോടെ ജനങ്ങള്‍ പകച്ചു നിന്നപ്പോള്‍ ഷാഹിന മുന്‍കൈയെടുത്ത് നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
കഴിഞ്ഞ ആറു മാസമായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയില്‍ പല വിഷയങ്ങളിലും ഷാഹിന ശ്രദ്ധേയമായ ഇടപെടലുകളാണ് നടത്തിയതെന്ന് അവാര്‍ഡ് നിര്‍ണയ സമിതി അംഗങ്ങളായ ദാസന്‍ കെ.പെരുമണ്ണ, സൂപ്പി തിരുവള്ളൂര്‍, അഡ്വ. വി.കെ ഷംന എന്നിവര്‍ അറിയിച്ചു.
പേരോട്ടെ പുളിയുള്ളതില്‍ അബ്ദുല്‍ റഷീദിന്റെ ഭാര്യയാണ് ഷാഹിന. ഫാത്തിമ ഷെഹ്ദ, മുഹമ്മദ് റഫീദ് മക്കളാണ്.