സമയം വിലക്കപ്പെട്ടതല്ല, ഉപയോഗപ്പെടുത്തുക

14

സമയം വിലപ്പെട്ടതാണ്. വിലക്കപ്പെട്ടതല്ല. പാഴാക്കരുത്. ഉപയോഗപ്പെടുത്തണം. സമയമെന്ന ദൈവാനുഗ്രഹത്തെ കളഞ്ഞ് കാലം കഴിയാതെ നല്ലതിനായി വിനിയോഗിക്കണം. അധികമാളുകളും ഉപയോഗപ്പെടുത്താതെ തോറ്റു പോകുന്നത് രണ്ടു അനുഗ്രഹങ്ങളുടെ കാര്യത്തിലാണ്, ആരോഗ്യവും ഒഴിവു സമയവും (ഹദീസ് ബുഖാരി 6412).
കൂടുതലാരും ഈ രണ്ടിന്റെയും മൂല്യമറിയുന്നില്ല. വില മതിക്കാനാവാത്ത മൂല്യമുള്ളതാണ് സമയം. ആത്മീയ കാര്യങ്ങളോ മറ്റു ഭൗതികമായ ആവശ്യങ്ങളോ ചെയ്യാതെ വെറുതെ ഇരിക്കുന്നയാളെ വെറുപ്പാണെന്നാണ് സ്വഹാബി വര്യന്‍ ഇബ്‌നു മസ്ഊദ് (റ) പറഞ്ഞത്.
സമയത്തെ ക്രമപ്പെടുത്തി വിനിയോഗിക്കുന്നത് സംസ്‌കാരികോന്നതിയുടെ അടയാളമാണ്. വ്യക്തിയുടെയോ സമൂഹത്തിന്റെയോ സമയനിഷ്ഠ അവരുടെ വികാസത്തെയും സംസ്‌കാരത്തെയുമാണ് സൂചിപ്പിക്കുന്നത്.
ചരിത്രത്തില്‍ പറയപ്പെട്ട മഹാന്മാരൊക്കെയും സമയത്തെ യഥാവിധി വിനിയോഗിച്ചു കൊണ്ടാണ് മനുഷ്യര്‍ക്ക് നാനോന്മുഖ സംഭാവനകള്‍ അര്‍പ്പിച്ചിരിക്കുന്നത്. നിര്‍ബന്ധ നിര്‍വഹണത്തിനായി സമയമൊക്കെയും ചെലവഴിച്ചവരാണ് ഉത്തമ മനുഷ്യര്‍. സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അഞ്ചു നേരങ്ങളിലുള്ള നമസ്‌കാരങ്ങളാണ് നിര്‍ബന്ധ ശ്രേഷ്ഠ കര്‍മങ്ങള്‍. ഒരിക്കല്‍ ഒരാള്‍ നബി(സ്വ)യോട് ചോദിച്ചു: ഏത് കര്‍മമാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടം? നബി (സ്വ) മറുപടി നല്‍കി: സമയ നിഷ്ഠയോടെയുള്ള നമസ്‌കാരം (ഹദീസ് ബുഖാരി, മുസ്‌ലിം).
ഉദ്യോഗാര്‍ത്ഥികളും തൊഴിലാളികളും ജോലി സമയത്ത് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ കിണയണം. പരിപാടികളിലും കൂടിച്ചേരലുകളിലും കണിശമായി സമയം പാലിക്കപ്പെടണം. മറ്റുള്ളവരുടെ സമയത്തിനും വില നല്‍കണം. കാര്യങ്ങള്‍ വൈകിപ്പിക്കരുത്. ജോലി അനുബന്ധ തിരക്കുകള്‍ക്ക് ശേഷം കുടുംബത്തിനു വേണ്ടിയും സമയം ചെലവഴിക്കണം. കുട്ടികളോടൊപ്പം ഇരുന്ന് സംസാരിച്ച് കാര്യങ്ങളറിയണം. കുടുംബക്കാരുടെ വീടുകള്‍ സന്ദര്‍ശിക്കണം. അന്വേഷണങ്ങള്‍ നടത്തണം. ഓരോരുത്തര്‍ക്കും സ്രഷ്ടാവിനോടും സ്വന്തത്തോടും കുടുംബത്തോടും കടപ്പാടുണ്ടെന്നും ഓരോരുത്തരോടും അത് ചെയ്തു തീര്‍ക്കണമെന്നുമാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് ബുഖാരി 6139).
സമയങ്ങളെല്ലാം കഴിഞ്ഞു പോകും. സമയത്തെ ശരിയായി വിനിയോഗിച്ചതിന്റെ ഫലങ്ങള്‍ നിത്യമായിരിക്കും. സമയങ്ങളെ ചിട്ടപ്പെടുത്തി നേര്‍വഴിയില്‍ നിക്ഷേപിക്കല്‍ നല്ലൊരു സംസ്‌കാരമാണ്. വിശ്വാസിയുടെ ധാര്‍മിക ബാധ്യതയും.
ജനങ്ങളില്‍ ഉത്തമര്‍ ആരെന്ന് ചോദിച്ചയാളോട് ദീര്‍ഘായുസ്സോടെ സത്കര്‍മ സന്നദ്ധനായവന്‍ എന്നാണ് നബി (സ്വ) മറുപടി നല്‍കിയത് (മുസ്‌നദു അഹ്മദ് 17794). പാരത്രിക ലോകത്ത് വെച്ച് ഓരോരുത്തരും അല്ലാഹുവിങ്കലായി സമയത്തെ കുറിച്ചും ആയുസ്സിനെ കുറിച്ചും വിചാരണ ചെയ്യപ്പടുന്നതായിരിക്കും.
മക്കള്‍ക്ക് അവധിക്കാലങ്ങളില്‍ പഠനങ്ങള്‍ക്ക് അവധി നല്‍കരുത്. സമയം കളിക്ക് മാത്രമാക്കരുത്. ഖുര്‍ആന്‍ പഠനത്തിനും സമയം ഉറപ്പു വരുത്തണം. ആവുന്നത്ര ഖുര്‍ആന്‍ ഭാഗങ്ങള്‍ ഹൃദിസ്ഥമാക്കിക്കുകയും വേണം. ഖുര്‍ആന്‍ പഠിച്ചവനും പഠിപ്പിച്ചവനും ഏറ്റവും ശ്രേഷ്ഠരെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് ബുഖാരി 5027). നല്ല പുസ്തകങ്ങളുടെ വായന ശീലിപ്പിക്കണം. സന്നദ്ധ സേവനം പരിശീലിപ്പിക്കണം. നാടിനും സമൂഹത്തിനും ഉപകാരപ്രദമാം വിധം മക്കളുടെ സമയങ്ങളും വിനിയോഗിപ്പിക്കണം.