യുഎഇയിലേക്കുള്ള ഇന്ത്യക്കാരുടെ പ്രവേശന വിലക്ക് ഈ മാസാവസാനം പിന്‍വലിക്കും: കോണ്‍സുല്‍ ജനറല്‍

146
ഡോ. അമന്‍ പുരി

ജലീല്‍ പട്ടാമ്പി
ദുബൈ: ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് ഈ മാസം അവസാനത്തോടെ പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി. ഇതുസംബന്ധിച്ച നടപടികള്‍ പുരോഗമിക്കുന്നതായാണ് അറിയാനാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷമായ ‘ആസാദി കാ അമൃത് മഹോല്‍സവി’നോടനുബന്ധിച്ച് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഒരുക്കിയ 9 ഇന്ത്യന്‍ ആര്‍ട്ടിസ്റ്റുകളുടെ കലാപ്രദര്‍ശനം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുമ്പോഴാണ് ഡോ. അമന്‍ പുരി ഇങ്ങനെ പറഞ്ഞത്.
എക്‌സ്‌പോ 2020 ഒക്‌ടോബര്‍ 1ന് ആരംഭിക്കുന്നതിന് മുന്നോടിയായി യാത്രാ മേഖല സുഗമമാക്കാന്‍ യുഎഇ അധികൃതര്‍ താല്‍പര്യപ്പെടുന്നുവെന്ന് അറിയുന്നു. യുഎഇ അധികൃതരുമായി ഇതുസംബന്ധിച്ച് നയതന്ത്ര കാര്യാലയം നിരന്തരം ചര്‍ച്ചകള്‍ നടത്തി വരുന്നുണ്ട്. ഈ മാസം അവസാനത്തോടെ യാത്രാ നിയന്ത്രണം നീക്കുമെന്ന് തന്നെയാണ് വര്‍ധിച്ച പ്രതീക്ഷ. എന്നാല്‍, ആര്‍ക്കൊക്കെയായിരിക്കും ആദ്യ ഘട്ടത്തില്‍ പ്രവേശനമെന്നത് ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ. നിശ്ചയമായും, റെസിഡെന്‍സ് വിസയുള്ളവര്‍ക്കായിരിക്കും ആദ്യ പരിഗണനയെന്നാണ് മനസ്സിലാകുന്നത്. ഇവിടെ ജോലിയുള്ളവര്‍ക്കും കുടുംബങ്ങള്‍ക്കും തന്നെയാകും മുന്‍ഗണന. തുടര്‍ന്ന്, മറ്റുള്ളവരെയും പരിഗണിക്കും. എന്നാല്‍, ഇതുസംബന്ധിച്ച് യുഎഇ അധികൃതരില്‍ നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര വിദേശ കാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറും സഹ മന്ത്രി വി.മുരളീധരനും യുഎഇ അടക്കമുള്ള ജിസിസി രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥരുമായി ഈയിടെ ചര്‍ച്ച നടത്തിയിരുന്നു. വിമാന യാത്രാ നിയന്ത്രണം നീക്കാനുള്ള നടപടികളായിരുന്നു അജണ്ടയില്‍ മുഖ്യം.
കോവിഡ്19 രൂക്ഷമായതിനെ തുടര്‍ന്ന് ഏപ്രില്‍ 24 മുതലാണ് ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തി വെച്ചത്. ഇന്ത്യ, ശ്രീലങ്ക, പാക്കിസ്താന്‍, ബംഗ്‌ളാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി മെയ് 13 മുതല്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. യുഎഇയിലെ തൊഴില്‍ ശക്തിയിലെ 70 ശതമാനം വരുന്നവര്‍ക്കാണ് ഇതോടെ പ്രവേശന വിലക്കായത്. ജൂലൈ 24 വരെ യാത്രാ നിരോധം നിലനില്‍ക്കുമെന്ന് അടുത്തിടെ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അതിനു ശേഷമുള്ള ഏറ്റവും പുതിയ വിവരമാണിപ്പോള്‍ കോണ്‍സുല്‍ ജനറല്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
യാത്രാ വിലക്ക് നീക്കുന്നതിനായി വിദേശ കാര്യ മന്ത്രാലയം ഏതാനും ആഴ്ചകളായി യുഎഇക്ക് പുറമെ, മറ്റു ജിസിസി സര്‍ക്കാറുകളുമായി നിരന്തരം ബന്ധപ്പെട്ടു വരുന്നുണ്ട്. എന്നാല്‍, ഡെല്‍റ്റ വൈറസ് വകഭേദം പുതുതായി പ്രത്യക്ഷപ്പെട്ടത് ആശങ്ക വര്‍ധിപ്പിച്ചു.
90 ലക്ഷം ഇന്ത്യക്കാര്‍ ജിസിസി രാജ്യങ്ങളില്‍ ജോലി ചെയ്യുന്നതില്‍ 34 ലക്ഷത്തിലധികം പേര്‍ യുഎഇയിലാണുള്ളതെന്നാണ് കണക്ക്. യുഎഇയിലെ ഇന്ത്യക്കാരില്‍ 60 ശതമാനം മലയാളികളാണ് എന്നത് എടുത്തു പറയേണ്ടതാണ്. യുഎഇ അടക്കമുള്ള രാജ്യങ്ങളിലേക്ക് പ്രവേശന വിലക്ക് വന്നതോടെ മലയാളികളടക്കം ലക്ഷക്കണക്കിന് പേരാണ് ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്നത്. ഏതായാലും, ഈ മാസാവസാനത്തോടെ പ്രവേശന വിലക്ക് നീങ്ങുമെന്ന വിവരം ഇന്ത്യന്‍ സമൂഹത്തില്‍ വലിയ ആശ്വാസമാണുണ്ടാക്കിയിരിക്കുന്നത്.