ഈദ് സമ്മാനമായി യൂണിയന്‍ കോപ് അല്‍ബര്‍ഷ സൗത്ത് സെന്ററിന് സമാരംഭം

75

6 കോടി ദിര്‍ഹം ചെലവ്.
ഗ്രൗണ്ട് ഫ്‌ളോറില്‍ 209 പാര്‍ക്കിംഗ് ഇടങ്ങളും 25 ഷോപ്പുകളും, ഒന്നാം നിലയില്‍ ഹൈപര്‍ മാര്‍ക്കറ്റും 20 ഷോപ്പുകളും

ജലീല്‍ പട്ടാമ്പി
അബുദാബി: അല്‍ ബര്‍ഷ സൗത്തിലെ യൂണിയന്‍ കോപ്പിന്റെ പുതിയ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. 22ാമത് ഹൈപര്‍ മാര്‍ക്കറ്റ് ബ്രാഞ്ചും നിരവധി സ്റ്റോറുകളും ഉള്‍പ്പെടുന്ന പുതിയ സെന്റര്‍ 6 കോടി ദിര്‍ഹം ചെലവഴിച്ചാണ് 232,000 ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മിച്ചിരിക്കുന്നത്. പുതിയ കേന്ദ്രം കൂടി തുറന്നതോടെ ദുബൈയിലെ യൂണിയന്‍ കോപ് ഹൈപര്‍ മാര്‍ക്കറ്റുകളുടെ എണ്ണം 22 ആയി ഉയര്‍ന്നു.
യൂണിയന്‍ കോപ് ചെയര്‍മാന്‍ മാജിദ് ഹമദ് റഹ്മ അല്‍ ഷംസിയും സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസിയും ചേര്‍ന്നാണ് സെന്റര്‍ ഉദ്ഘാടനം ചെയ്തത്. യൂണിയന്‍ കോപ്പിന്റെ വിവിധ വകുപ്പ് മേധാവികള്‍, മാനേജര്‍മാര്‍, ഉദ്യോഗസ്ഥര്‍, വിതരണക്കാര്‍ പങ്കെടുത്തു.

യൂണിയന്‍ കോപ് ചെയര്‍മാന്‍ മാജിദ് ഹമദ് റഹ്മ അല്‍ ഷംസിയും സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസിയും ചേര്‍ന്ന് അല്‍ബര്‍ഷ സൗത്ത് സെന്റര്‍ ഉദ്ഘാടനം ചെയ്തപ്പോള്‍

രാജ്യത്തെ റീടെയില്‍ വിപണിയിലെ വികാസത്തിന്റെയും കോവിഡ്19 പ്രത്യാഘാതങ്ങളില്‍ നിന്ന് പ്രാദേശിക സാമ്പത്തിക രംഗം മെച്ചപ്പെടുന്നതിന്റെയും ഭാഗമായാണ് പുതിയ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയതെന്ന് ചെയര്‍മാന്‍ പറഞ്ഞു. ഇത് ഈദ് സമ്മാനമായി ഉപഭോക്താക്കള്‍ക്ക് സമര്‍പ്പിക്കുകയാണ്.
സൗകര്യപ്രദമായ ഷോപ്പിംഗ് സംവിധാനമാണ് യൂണിയന്‍ കോപ് അവലംബിച്ചിട്ടുള്ളതെന്നും എല്ലാ ഭക്ഷ്യ, ഭക്ഷ്യ ഇതര ഉല്‍പന്നങ്ങളും യൂണിയന്‍ കോപ്പിന്റെ വിവിധ കേന്ദ്രങ്ങള്‍, ശാഖകള്‍, ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ (സ്മാര്‍ട് ആപ്പ്, വെബ് സ്റ്റോര്‍) എന്നിവ വഴി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലൊക്കേഷന്റെ പ്രത്യേകത കൊണ്ട് എല്ലാ വിഭാഗം ആളുകളുടെയും ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഈ കേന്ദ്രത്തിന് കഴിയും. പ്രത്യേകിച്ചും, അല്‍ബര്‍ഷ സൗത്തില്‍ 1, 2, 3, 4 എന്നിവിടങ്ങളിലും അല്‍ ബര്‍ഷ 1, 2, 3ലും ദുബൈ മിറക്കിള്‍ ഗാര്‍ഡനിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് ഈ കേന്ദ്രം പ്രയോജനകരമാണെന്ന് സിഇഒ അല്‍ ഫലാസി പറഞ്ഞു.
ഓഹരി ഉടമകള്‍ക്കും ഉപഭോക്താക്കള്‍ക്കും ഗുണകരമാകുന്ന രീതിയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതാണ് യൂണിയന്‍ കോപ്പിന്റെ ഭാവി പദ്ധതിയെന്നും ലോക്കല്‍, അന്താരാഷ്ട്ര ഉല്‍പന്നങ്ങള്‍ ഗുണനിലവാരവും മിതമായ വിലയും ഉറപ്പാക്കി ദുബൈയിലെ താമസക്കാരിലേക്ക് എത്തിക്കുന്നത് ലക്ഷ്യമിട്ടാണ് യൂണിയന്‍ കോപ് പുതിയ കേന്ദ്രങ്ങള്‍ തുറക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബേക്കറി, മാംസം, ചീസ്, മത്സ്യം, ബ്യൂട്ടി, പച്ചക്കറികള്‍, മറ്റ് സെക്ഷനുകള്‍ എന്നിവ അല്‍ ബര്‍ഷ സൗത്ത് സെന്ററില്‍ ഒരുക്കിയിട്ടുണ്ട്.
ഗ്രൗണ്ട് ഫ്‌ളോറില്‍ 209 പാര്‍ക്കിംഗ് ഇടങ്ങളും 25 കടകളും ഒരുക്കിട്ടുണ്ട്. ഒന്നാം നിലയില്‍ ഹൈപര്‍ മാര്‍ക്കറ്റും 20 കടകളുമാണുള്ളതെന്ന് ഇന്‍വെസ്റ്റ്‌മെന്റ് ഡിവിഷന്‍ ഡയറക്ടര്‍ ആര്‍ക്കിടെക്റ്റ് മാദിയ അല്‍ മര്‍റി പറഞ്ഞു.