‘വിവേകാനന്ദം’ പ്രകാശനം ചെയ്തു

96
'വിവേകാനന്ദം: ഒരു പ്രവാസി മാധ്യമ പ്രവര്‍ത്തകന്റെ അകംപൊരുള്‍' പുസ്തകത്തിന്റെ പ്രകാശനം എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ഷാജഹാന്‍ മാടമ്പാട്ട് ഇസിഎച്ച് സിഇഒ ഇഖ്ബാല്‍ മാര്‍കോണിക്ക് നല്‍കി നിര്‍വഹിച്ചപ്പോള്‍. ജസിത സഞ്ജിത്, സി.പി ജലീല്‍, സുജിത് സുന്ദരേശന്‍, സാദിഖ് കാവില്‍, പോള്‍ ടി.ജോസഫ്, പുന്നക്കന്‍ മുഹമ്മദലി, ചിത്രാ ആനന്ദ്, തന്‍സി ഹാഷിര്‍, ഇ.കെ രാജേന്ദ്രന്‍, രാജു മാത്യു, സലാം പാപ്പിനിശ്ശേരി, ടി.പി അഷ്‌റഫ് സമീപം

ദുബൈ: മധ്യപൂര്‍വദേശത്തെ ആദ്യ മലയാളി മാധ്യമ പ്രവര്‍ത്തകനും യുഎഇ ഇന്ത്യന്‍ മീഡിയ ഫ്രറ്റേണിറ്റി (ഐഎംഎഫ്) സ്ഥാപക പ്രസിഡന്റുമായിരുന്ന പി.വി വിവേകാനന്ദിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകരായ സാദിഖ് കാവിലും തന്‍സി ഹാഷിറും എഡിറ്റ് ചെയ്ത പുസ്തകം ‘വിവേകാനന്ദം: ഒരു പ്രവാസി മാധ്യമ പ്രവര്‍ത്തകന്റെ അകംപൊരുള്‍’ പ്രകാശനം ചെയ്തു. ഐഎംഎഫ് ആഭിമുഖ്യത്തില്‍ ചിരന്തന സാംസ്‌കാരിക വേദിയും ഇസിഎച്ചും സംയുക്തമായി ഒരുക്കിയ ചടങ്ങില്‍ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ഷാജഹാന്‍ മാടമ്പാട്ട് ഇസിഎച്ച് സിഇഒ ഇഖ്ബാല്‍ മാര്‍കോണിക്ക് നല്‍കിയാണ് പ്രകാശനം ചെയ്തത്. പിവി വിവേകാനന്ദിനെ കുറിച്ചുളള ഹ്രസ്വ വീഡിയോ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ചടങ്ങുകള്‍ തുടങ്ങിയത്. ഐഎംഎഫ് കോ ഓര്‍ഡിനേറ്ററും മാധ്യമപ്രവര്‍ത്തകനുമായ രാജു മാത്യു പുസ്തക പരിചയം നടത്തി. ഐഎംഎഫ് കോ ഓര്‍ഡിനേറ്റര്‍ സുജിത് സുന്ദരേശന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ചിരന്തന സാംസ്‌കാരിക വേദി പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ തോമസ് ജേക്കബ് വീഡിയോയിലൂടെ ആശംസകള്‍ അറിയിച്ചു. പി.വി വിവേകാനന്ദിന്റെ പത്‌നി ചിത്രാ ആനന്ദ്, മകള്‍ വിസ്മയ ആനന്ദ്, മകന്‍ അനൂപ് ആനന്ദ് തുടങ്ങിയവരും സന്നിഹിതരായിരുന്നു. വിവേകാനന്ദിന്റെ ബാല്യകാല സുഹൃത്ത് ഇ.കെ രാജേന്ദ്രനും പ്രവാസ ലോകത്തെ ആത്മ സുഹൃത്ത് പോള്‍.ടി ജോസഫും ഓര്‍മകള്‍ പങ്കു വെച്ചു. മാധ്യമപ്രവര്‍ത്തകരായ ഇസ്മായില്‍ മേലടി, എം.സി.എ നാസര്‍, ഭാസ്‌കര്‍ രാജ്, എല്‍വിസ് ചുമ്മാര്‍, ജലീല്‍ പട്ടാമ്പി, രമേശ് പയ്യന്നൂര്‍, ഫൈസല്‍ ബിന്‍ ഷംസുദ്ദീന്‍ തുടങ്ങിയവരും; റോജിന്‍ പൈനുംമൂട്, ടി.എ രവീന്ദ്രന്‍ സലാം പാപ്പിനിശ്ശേരി, സി.പി ജലീല്‍ തുടങ്ങിയവരും ആശംസകള്‍ നേര്‍ന്നു. ചിരന്തന സെക്രട്ടറി ടി.പി അഷ്‌റഫ് നന്ദി പറഞ്ഞു. മാധ്യമപ്രവര്‍ത്തകയായ ജസിത സഞ്ജിത് അവതാരകയായിരുന്നു. ചിരന്തനയുടെ 34ാമത് പുസ്തകമാണ് ‘വിവേകാനന്ദം’.