കോവിഡ്19 സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അക്കാഫ് വളണ്ടിയര്‍ ഗ്രൂപ്പിന്റെ ആദരം

കോവിഡ്19 സന്നദ്ധ പ്രവര്‍ത്തകരെ ആദരിക്കാന്‍ അക്കാഫ് വളണ്ടിയര്‍ ഗ്രൂപ് ഒരുക്കിയ ചടങ്ങില്‍ സംബന്ധിച്ച അതിഥികള്‍ സംഘാടകര്‍ക്കൊപ്പം

ദുബൈ: കോവിഡ്19 മഹാമാരി ആരംഭിച്ച കാലം മുതല്‍ ദുബൈയില്‍ സന്നദ്ധ രംഗത്ത് മാതൃകാ പ്രവര്‍ത്തനങ്ങളാണ് അക്കാഫ് വളണ്ടിയര്‍ ഗ്രൂപ് കാഴ്ച വെച്ചത്. കോവിഡ് ബാധിച്ചവരെ ഐസൊലേറ്റ് ചെയ്യാനും അവര്‍ക്ക് മെഡിക്കല്‍ സപ്പോര്‍ട്ട് നല്‍കാനും ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ആഹാരം പാകം ചെയ്യാന്‍ പലവ്യഞ്ജന സാധനങ്ങള്‍ എത്തിക്കാനും ജോലി നഷ്ടപ്പെട്ട് കുടുങ്ങിപ്പോയവരെ വിമാനത്തില്‍ സൗജന്യമായി നാട്ടിലെത്തിക്കാനും നോര്‍കയുമായി ചേര്‍ന്ന് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ എത്തിക്കാനും വാക്‌സിനേഷന്‍ സെന്ററുകളില്‍ പ്രവര്‍ത്തന നിരതരായും കഴിഞ്ഞ 15 മാസം കോവിഡ് പ്രതിരോധ പ്രവര്‍ത്തന മേഖലയില്‍ മുന്‍നിരയില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളുമായി 250ഓളം അക്കാഫ് വളണ്ടിയര്‍ ഗ്രൂപ്പിന്റെ സന്നദ്ധ ഭടന്മാര്‍ പ്രവര്‍ത്തിക്കുകയായിരുന്നു.
ദുബൈ അല്‍നഹ്ദയിലെ ലാവന്റര്‍ ഹോട്ടലില്‍ ഒരുക്കിയ ചടങ്ങില്‍ അക്കാഫ് വളണ്ടിയര്‍ ഗ്രൂപ്പിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ യുഎഇയിലെ കെഎംസിസി, ഇന്‍കാസ്, ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ, എംഎസ്എസ്, ഓര്‍മ, ഐസിഎഫ്, നോര്‍ക, അന്‍പോട് തുടങ്ങിയ സംഘടനകളെയും കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ ദുബൈയില്‍ മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ചവരെയും മെമെന്റോയും സര്‍ട്ടിഫിക്കറ്റുകളും നല്‍കി ആദരിക്കുകയുണ്ടായി.
ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ വൈസ് കോണ്‍സുല്‍ ഉത്തം ചന്ദ്, ദുബൈ ഹെല്‍ത്ത് അഥോറിറ്റി സിഇഒ സാലിഹ് അല്‍ ഹാഷിമി, ദുബൈ കമ്യൂണിറ്റി ഡെവലപ്‌മെന്റ് അഥോറിറ്റി ലൈസന്‍സിംഗ് സിഇഒ ഡോ. ഉമര്‍ അല്‍ മുഥന്ന, ദുബൈ പൊലീസിലെ ക്യാപ്റ്റന്‍ മുഹമ്മദ് സബീല്‍ മുഹമ്മദ്, വതനി അല്‍ ഇമാറാത്ത് ഫൗണ്ടേഷന്‍ ഈവന്റ് ആന്റ് സ്‌പെഷ്യല്‍ പ്രൊജക്റ്റ്‌സ് ഡയറക്ടര്‍ തമീമ മുഹമ്മദ് അല്‍ നൈസര്‍, സിഡിഎയിലെ അഹ്മദ് അല്‍ സആബി, ലെഫ്.ഫഹദ് മുഹമ്മദ് ഡി അല്‍ ബലൂഷി, മര്‍വാന്‍ ഖലീല്‍ ഇബ്രാഹിം അല്‍ ബലൂഷി (ദുബൈ പൊലീസ്) തുടങ്ങി ഗവണ്‍മെന്റ് വകുപ്പുകളില്‍ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്നവര്‍ നേരിട്ടെത്തിയാണ് അക്കാഫ് വളണ്ടിയര്‍ ഗ്രൂപ് പ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും മറ്റ് സംഘടനകളെയും ആദരിച്ചത്.
പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ജെജെ ജലാല്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ അക്കാഫ് സീനിയര്‍ വളണ്ടിയര്‍ പോള്‍ ടി.ജോസഫ് അധ്യക്ഷത വഹിച്ചു. അക്കാഫ് വളണ്ടിയര്‍ നേതാക്കളായ റാഫി പട്ടേല്‍, വെങ്കിട്ട് മോഹന്‍, സാനു മാത്യു, മച്ചിങ്ങല്‍ രാധാകൃഷ്ണന്‍, ഷൈന്‍ ചന്ദ്രസേനന്‍, ദീപു എ.എസ്, നൗഷാദ് മുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.