വിപിഎസ് ഗ്രൂപ് തുണയായി; മരിച്ച പ്രവാസിയുടെ കുടുംബത്തിന് ആശ്വാസം

ഷാര്‍ജ: കോവിഡ്19 ബാധിച്ച ശേഷം മറ്റസുഖങ്ങള്‍ കാരണമായി മരിച്ച പ്രവാസിയുടെ ചികിത്സാചെലവുകള്‍ ആശുപത്രി ഏറ്റെടുത്തത് നിസ്സഹായരായ ബന്ധുക്കള്‍ക്ക് തുണയായി. കൊല്ലം സ്വദേശി നിസാം മുത്തനീഫയാണ് കോവിഡ് ബാധിച്ച ശേഷമുണ്ടായ അസുഖങ്ങള്‍ മൂലം ഷാര്‍ജയിലെ ബുര്‍ജീല്‍ ആശുപത്രിയില്‍ മരിച്ചത്. രണ്ടാഴ്ചയിലേറെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശേഷമാണ് നിസാം മരിച്ചത്. ആശുപത്രി ബില്ലടക്കാന്‍ നിര്‍വാഹമില്ലാതെ ബന്ധുക്കള്‍ യുഎഇ കെഎംസിസിയെ സമീപിച്ചു. കെഎംസിസിയുടെ അപേക്ഷയില്‍ വിപിഎസ് ഹെല്‍ത് കെയര്‍ ചെയര്‍മാനും എംഡിയുമായ ഡോ. ഷംഷീര്‍ വയലില്‍ ഇടപെട്ടാണ് ആശുപത്രി ചെലവുകള്‍ ഒഴിവാക്കിയത്.
ആശുപത്രിയില്‍ അടക്കേണ്ട ഒരു ലക്ഷം ദിര്‍ഹം വരുന്ന ബില്ലില്‍ ബന്ധുക്കളെക്കൊണ്ട് പറ്റുന്ന പങ്ക് കിഴിച്ച് ബാക്കി തുക മുഴുവന്‍ ബുര്‍ജീല്‍ അധികൃതര്‍ ഒഴിവാക്കി നല്‍കിയതോടെ മൃതദേഹം വിട്ടു വിട്ടാനും സംസ്‌കരണ ചടങ്ങുകള്‍ വേഗത്തിലാക്കാനും ബന്ധുക്കള്‍ക്ക് സാധിച്ചു. മരിച്ച നിസാമിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ എന്തു ചെയ്യണമെന്ന നിസ്സഹായാവസ്ഥായിലാണ് ബന്ധുക്കള്‍ കെഎംസിസിയെ സമീപിച്ചത്. ”കെഎംസിസിയുടെ സഹായം തേടി നിസാമിന്റെ കുടുംബം ഞങ്ങളെ ബന്ധപ്പെട്ടപ്പോള്‍ ഞങ്ങളും ഒരു നിമിഷം നിസ്സഹായരായി. വലിയൊരു തുക ചികില്‍സക്കായി ചെലവഴിച്ചിരുന്ന ബന്ധുക്കളുടെ കൈവശം ബില്ലടക്കാനുള്ള മുഴുവന്‍ പണവും ഇല്ലായിരുന്നു. ഉടന്‍ തന്നെ ആശുപത്രി ബില്ലടക്കാനുള്ള വഴിയുണ്ടാക്കിയാലേ മൃതദേഹം വിട്ടുകിട്ടൂവെന്ന കാര്യം നിറകണ്ണുകളോടെയാണവര്‍ പറഞ്ഞത്. കെഎംസിസി നേതാക്കള്‍ ഉടന്‍ ഡോ. ഷംഷീറിനെ ബന്ധപ്പെട്ടു. ഷംഷീര്‍ ബാക്കിയുള്ള തുക ഒഴിവാക്കാന്‍ ആശുപത്രി മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കിയതോടെ നിസാമിന്റെ ബന്ധുക്കള്‍ക്ക് ആശ്വാസമായെന്ന് യുഎഇ കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് പുത്തൂര്‍ റഹ്മാനും ജന.സെക്രട്ടറി അന്‍വര്‍ നഹയും പറഞ്ഞു.
ആരോഗ്യ സേവന രംഗത്തെ പ്രധാന ഗ്രൂപ്പായ വിപിഎസിന്റെ അമരക്കാരനെന്ന നിലയില്‍ മാത്രമല്ല, പ്രവാസി വോട്ടവകാശം ഉള്‍പ്പെടെയുള്ള പൊതു താല്‍പര്യങ്ങള്‍ക്കായി നിലകൊള്ളുന്ന പോരാളിയെന്ന നിലയിലും ജനഹൃദയങ്ങളില്‍ ഡോ. ഷംഷീര്‍ പ്രവാസി സമൂഹത്തിന്റെ അഭിമാനമാണ്. മഹാമാരി കാലത്ത് വിപിഎസ് ഗ്രൂപ് ഇവിടെയും നാട്ടിലും ചെയ്ത ആതുര സേവനങ്ങള്‍ എണ്ണിയാല്‍ തീരില്ല. ജനഹിതമറിഞ്ഞ് ഇടപെടലുകള്‍ നടത്തുന്ന ഡോ. ഷംഷീര്‍ സാമൂഹിക സംഘടനകളുടെ ഭാരവാഹികളായ ഞങ്ങള്‍ക്ക് നല്‍കുന്ന പ്രചോദനം വലുതാണ്” -നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.