കെഎംസിസി വെബിനാര്‍; രാഷ്ട്രീയമായി സംഘടിക്കുന്നതാണ് പ്രായോഗിക മാര്‍ഗം: കെഎം ഷാജി

111

ദുബൈ: രാഷ്ട്രീയമായി സംഘടിച്ച് മുന്നേറുക എന്നതാണ് മുസ്ലിം, ദളിത് വിഭാഗങ്ങള്‍ക്ക് മുമ്പിലുള്ള പ്രായോഗിക മാര്‍ഗമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി അഭിപ്രായപ്പെട്ടു.
രാഷ്ട്രീയത്തില്‍ നിന്നും അകന്ന് നില്‍ക്കുന്ന മുസ്ലിംങ്ങളെയും ദളിതുകളെയും സൃഷ്ടിക്കുക എന്നതാണ് സംഘ്പരിവാര്‍ ലക്ഷ്യമിടുന്നത്. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ സിപിഎമ്മും അത് തന്നെയാണ് ആഗ്രഹിക്കുന്നത്. മുസ്ലിം ലീഗ് മുമ്പോട്ട് വെക്കുന്ന ജനാധിപത്യ മാര്‍ഗത്തിലുള്ള സാമുദായിക രാഷ്ട്രീയത്തെ സ്ഥിരമായി വിമര്‍ശിച്ചിരുന്നവര്‍ പോലും ഇപ്പോള്‍ ലീഗിന്റെ രാഷ്ട്രീയ വഴിയിലാണെന്ന് കെഎം ഷാജി പറഞ്ഞു.
ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘സാമുദായിക രാഷ്ട്രീയത്തിന്റെ അകവും പുറവും’ എന്ന വിഷയത്തിലുള്ള വെബിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ജില്ലാ കെഎംസിസി പ്രസിഡണ്ട് ഇസ്മായില്‍ ഏറാമല അധ്യക്ഷത വഹിച്ചു. ദുബൈ കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു.

 

രാഷ്ട്രീയത്തില്‍ നിന്നും സാമുദായികത മാറ്റി നിര്‍ത്താനാവില്ല:
സണ്ണി എം കപിക്കാട്

ദുബൈ: ഇന്ത്യ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് സാമുദായികതയിലാണെന്നും എന്നാല്‍ ചിലര്‍ സാമുദായികത പറഞ്ഞാല്‍ വര്‍ഗീയതയാവുകയും അതേ കാര്യം വേറെ ചിലര്‍ പറഞ്ഞാല്‍ ദേശീയതയാവുകയും ചെയ്യുന്ന വിരോധാഭാസമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും പ്രമുഖ ദളിത് ആക്ടിവിസ്റ്റ് സണ്ണി എം കപിക്കാട് അഭിപ്രായപ്പെട്ടു.
ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും ഹനിക്കുകയും പിന്നാക്ക ജനതക്ക് ലഭിക്കേണ്ട സാമൂഹ്യ അന്തസ്സ് ഇല്ലാതാക്കുകയും അവരെ നരകതുല്യമായ ജീവിതത്തിലേക്ക് തള്ളിവിടുകയോ ഉന്മൂലനം വരുത്തുകയോ ചെയ്യുന്നതിന് നേതൃത്വം നല്‍കുന്ന ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ പ്രതിരോധത്തിന്റെ പുതിയൊരു രാഷ്ട്രീയാലോചന രൂപപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം , ദളിത് രാഷ്ട്രീയ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും മുസ്ലിം ലീഗിന് ഇക്കാര്യത്തില്‍ കാര്യമായ റോള്‍ നിര്‍വ്വഹിക്കാനാവുമെന്നും സണ്ണി എം കപിക്കാട് പറഞ്ഞു.

സംഘ് പരിവാറിന്റെ ധ്രുവീകരണ അജണ്ടയുടെ പകര്‍പ്പാണ് സിപിഎം നടപ്പാക്കുന്നത്: പി.കെ ഫിറോസ്

ജാതി അധിക്ഷേപവും വര്‍ഗീയതയും സമൂഹത്തിന്റെ സകല തലങ്ങളിലും വ്യാപിച്ചു കൊണ്ടിരിക്കുകയാണെന്നും ഉന്നത സ്ഥാനങ്ങളില്‍ ഇരുന്ന് അധികാരം കയ്യാളിയവര്‍ കാലാവധി കഴിഞ്ഞ് പടിയിറങ്ങുമ്പോള്‍ മുസ്ലിം സമുദായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുക എന്ന ഉദ്ദേശത്തോടെ വിഷം ചീറ്റുന്ന പ്രസ്താവനകള്‍ ഇറക്കുന്നത് പതിവായിരിക്കുകയാണെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. പൊലീസ് തലപ്പത്തിരുന്ന് പിരിയുന്നവര്‍ സംഘ് പരിവാര്‍ അജണ്ടക്കനുസരിച്ച് ഇങ്ങിനെ പെരുമാറുന്നത് ഗൗരവമായി കാണണം. കേരളത്തിന്റെ ഡിജിപി പദവിയില്‍ നിന്നും ഒഴിയുന്ന ലോക്‌നാഥ് ബെഹ്‌റ നടത്തിയ അഭിപ്രായത്തെ കുറിച്ച് മൗനം പാലിക്കുന്ന ഇടതുപക്ഷ സര്‍ക്കാരും സിപിഎമ്മും ഫാസിസ്റ്റുകളുടെ ധ്രുവീകരണ അജണ്ടയുടെ പകര്‍പ്പാണ് കേരളത്തില്‍ നടപ്പാക്കുന്നതെന്ന് പി.കെ ഫിറോസ് പറഞ്ഞു. ഉയര്‍ന്ന വിദ്യാഭ്യാസം നേടുന്ന മുസ്ലിംങ്ങളെ തീവ്രവാദികളാക്കുകയും ദളിതുകളെ മാവോയിസ്റ്റുകളാക്കുകയും ചെയ്യുന്ന ഒരു രീതിയാണ് ഇപ്പോള്‍ കണ്ടു വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമുദായ രാഷ്ട്രീയത്തെ എങ്ങിനെ കൊണ്ടു നടക്കണമെന്ന് കാണിച്ചു തന്ന മാതൃകാ നേതാവായിരുന്നു സി.എച്ച് മുഹമ്മദ് കോയയെന്ന് വെബിനാറില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകന്‍ ആബിദ് അടിവാരം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഹിഡന്‍ അജണ്ട പലപ്പോഴും മുസ്ലിം സമുദായം തിരിച്ചറിയാതെ പോവുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യു.എ.ഇ കെഎംസിസി പ്രസിഡണ്ട് ഡോ. പുത്തൂര്‍ റഹ്മാന്‍ , മുന്‍ പി.എസ്.സി മെംബര്‍ ടി.ടി ഇസ്മായില്‍ എന്നിവരും പ്രസംഗിച്ചു.
മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി എന്‍.പി അബ്ദുസമദ് വിഷയമതരിപ്പിച്ച് സംസാരിച്ചു.
കെഎംസിസി ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി മുഹമ്മദ് സ്വാഗതവും ട്രഷറര്‍ നജീബ് തച്ചംപൊയില്‍ നന്ദിയും പറഞ്ഞു.
കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി മുസ്തഫ തിരൂര്‍, ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഇസ്മായില്‍ അരൂക്കുറ്റി, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ ഇബ്രാഹിം, എന്‍.കെ ഇബ്രാഹിം, സംസ്ഥാന സീനിയര്‍ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍ , ഹംസ പയ്യോളി,
ജില്ലാ സീനിയര്‍ വൈസ് പ്രസിഡണ്ട് നാസര്‍ മുല്ലക്കല്‍, ജില്ലാ ഭാരവാഹികളായ കെ.അബൂബക്കര്‍ മാസ്റ്റര്‍, മൊയ്തു അരൂര്‍, തെക്കയില്‍ മുഹമ്മദ്, എ.പി മൊയ്തീന്‍ കോയ ഹാജി, എം.പി അഷ്‌റഫ്, ഹംസ കാവില്‍ , വി.കെ.കെ റിയാസ്, ഇസ്മായില്‍ ചെരുപ്പേരി, അഹമ്മദ് ബിച്ചി, ഹാഷിം എലത്തൂര്‍, മുഹമ്മദ് പുറമേരി , മുഹമ്മദ് മൂഴിക്കല്‍ , അഷ്‌റഫ് ചമ്പോളി, മൂസ കൊയമ്പ്രം , റാഷിദ് കിഴക്കയില്‍, എം.മുഹമ്മദ് ഷരീഫ്,
മജീദ് കൂനഞ്ചേരി, അഷ്‌റഫ് പള്ളിക്കര സംബന്ധിച്ചു.