ഡബ്‌ള്യുഎംസി കോവിഡ് 19 മുന്‍നിര പോരാളികളെ ആദരിച്ചു

52

മന്ത്രി വീണാ ജോര്‍ജ്, ഡോ. ആസാദ് മൂപ്പന്‍ പങ്കെടുത്തു

ഷാര്‍ജ: ലോക മലയാളീ കൂട്ടായ്മ (ഡബ്‌ള്യുഎംസി) സംഘടിപ്പിച്ച കോവിഡ് 19 മുന്‍നിര പോരാളികളെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. സന്നദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട വ്യക്തികളെയും സംഘടനകളെയും കേരള ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദനങ്ങള്‍ അറിയിച്ചതിനോടൊപ്പം, ചോദ്യോത്തര വേദിയില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തു. കോവിഡ് മൂന്നാം ഘട്ട നിലയിലേക്ക് പോയിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് മുന്നിലുള്ളതെന്നും കൂടുതല്‍ ജാഗ്രത പാലിച്ച് മുന്നോട്ട് പോകണമെന്നും മന്ത്രി നിര്‍ദേശിച്ചു. സൂമില്‍ ക്രമീകരിച്ച പരിപാടിയില്‍ വിവിധ പ്രോവിന്‍സുകളെ പ്രതിനിധീകരിച്ച് അറുനൂറില്‍ പരം അംഗങ്ങളാണ് പങ്കെടുത്തത്. മന്ത്രി വീണ മുഖ്യാതിഥിയും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ മുഖ്യ പ്രഭാഷകനുമായിരുന്നു.
‘പ്രവാസാനന്തര കോവിഡ് കേരളവും പ്രവാസിയും’ വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ ഡോ. ആസാദ് മൂപ്പന്‍ കേരളത്തില്‍ ആരോഗ്യ മേഖലയിലെ സമകാലിക വിഷയങ്ങളെ കുറിച്ച് പ്രതിപാദിച്ചു. ഭൂപ്രകൃതി കേരളത്തിന് നല്‍കിയ അനുഗ്രഹങ്ങളെ പ്രയോജനപ്പെടുത്താനുള്ള സാധ്യതകള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്താനും അദ്ദേഹം ശ്രമിച്ചു. പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ ഗ്‌ളോബല്‍ അഡൈ്വസറി ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ഡബ്‌ള്യുഎംസി സര്‍ക്കാറിനോടൊപ്പം ചേര്‍ന്ന് കേരളത്തിനു വേണ്ടി ചെയ്തു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമായി തുടര്‍ന്നും ഉണ്ടാകുമെന്നും ഉറപ്പ് നല്‍കി. വിവിധ മേഖലകളില്‍ ആരോഗ്യ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച 67 പേരെയും മിഡില്‍ ഈസ്റ്റില്‍ മികച്ച സാമൂഹിക പ്രവര്‍ത്തനം നടത്തിയ 7 സംഘടനകളെയും ചടങ്ങില്‍ ആദരിച്ചു.
സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ് ഡബ്‌ള്യുഎംസി നിര്‍വഹിച്ചു വരുന്നതെന്ന് മിഡില്‍ ഈസ്റ്റ് പ്രസിഡന്റ് ഷാഹുല്‍ ഹമീദ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ചടങ്ങില്‍ ജന.സെക്രട്ടറി സന്തോഷ് കേട്ടേത്ത് സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ ടി.കെ വിജയന്‍, വൈസ് പ്രസിഡന്റ് അഡ്മിന്‍ വിനേഷ് മോഹന്‍, ട്രഷറര്‍ രാജീവ് കുമാര്‍, സെക്രട്ടറി സി.എ ബിജു, ഗ്‌ളോബല്‍ ചെയര്‍മാന്‍ ജോണി കുരുവിള, പ്രസിഡന്റ് ടി.പി വിജയന്‍, വൈസ് പ്രസിഡന്റുമാരായ സി.യു മത്തായി, മിഡില്‍ ഈസ്റ്റ് ചുമതലയുള്ള ചാള്‍സ് പോള്‍, മിഡില്‍ ഈസ്റ്റ് സോഷ്യല്‍ മീഡിയ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് മാട്ടുവയില്‍, വനിതാ വിഭാഗത്തില്‍ നിന്നും എസ്തര്‍ ഐസക്, ഷീലാ റെജി, റാണി ലിജേഷ്, രേഷ്മ റെജി, സ്മിതാ ജയന്‍ സംസാരിച്ചു.
അഷ്‌റഫ് താമരശ്ശേരി, ഒ.വി മുസ്തഫ, അബൂബക്കര്‍ സൈനുദ്ദീന്‍, ജാബിര്‍ പി.എം, നാസ് വക്കം, എം.എം നാസര്‍ എന്നിവരെ അനുമോദിച്ചു. മിഡില്‍ ഈസ്റ്റിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച സംഘടനകളായ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍, അക്കാഫ് യുഎഇ, സാന്ത്വനം കുവൈത്ത്, ഐഎസ്‌സി അബുദാബി, എകെഎംജി യുഎഇ, ഐഎസ്‌സി അല്‍ ഐന്‍, ബികെഎസ്എഫ് ബഹ്‌റൈന്‍ എന്നിവയെ ചടങ്ങില്‍ ആദരിച്ചു. ജോ.ട്രഷറര്‍ വൈശാഖ് നന്ദി പറഞ്ഞു. ഏറെ ശ്രദ്ധേയമായിരുന്നു പരിപാടിയെന്ന് മിഡില്‍ ഈസ്റ്റ് മീഡിയ ചെയര്‍മാന്‍ വി.എസ് ബിജു കുമാര്‍ അറിയിച്ചു.