കെഎംസിസി കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി കോട്ടക്കല്‍ അല്‍മാസ് ആശുപത്രി

കോട്ടക്കല്‍: ഇന്ത്യനൂര്‍ ഗ്‌ളോബല്‍ കെഎംസിസി മെംബര്‍മാരുടെ കുടുംബത്തിലെ അംഗങ്ങള്‍ക്ക് ചികില്‍സക്കും മറ്റു ആനുകൂല്യങ്ങള്‍ക്കും പ്രത്യേക പരിഗണന ലഭ്യമാകുന്ന കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയുടെ പ്രിവിലേജ് കാര്‍ഡ് പുറത്തിറക്കി. ചികില്‍സ തേടി അല്‍മാസില്‍ എത്തുന്ന കെഎംസിസി കുടുംബങ്ങള്‍ക്ക് ഈ പ്രിവിലേജ് കാര്‍ഡിലൂടെ വലിയ ആശ്വാസമാണ് ലഭിക്കുക. ഇതിനായി ആശുപത്രിയില്‍ പ്രത്യേക കൗണ്ടറും സജ്ജമാക്കുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ആശുപത്രി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സി.വി അഹമ്മദ് നിയാസ് പ്രിവിലേജ് കാര്‍ഡിന്റെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ കെഎംസിസി നേതാക്കളായ സി.കബീര്‍, എം.പി ശാഫി, ഒ.മുനീര്‍, അല്‍മാസ് ആശുപത്രി പ്രതിനിധികളായ രമ്യ, റാഷിദ്, മുഹമ്മദ് ഫൈസല്‍, മുഹമ്മദ് ഖല്‍ഫാന്‍ എന്നിവര്‍ പങ്കെടുത്തു.
കോവിഡിന്റെ ഒന്നാം തരംഗത്തില്‍ വൈറസ് ബാധിതരെ സഹായിക്കാന്‍ അല്‍മാസ് ആശുപത്രിയുമായി കൈ കോര്‍ത്ത് ഇന്ത്യനൂര്‍ ഗ്‌ളോബല്‍ കെഎംസിസി ‘ഒറ്റക്കല്ല, ഒപ്പമുണ്ട് കെഎംസിസി’, ‘ഡോക്ടര്‍ അറ്റ് ഹോം’ എന്നീ പദ്ധതികള്‍ നടപ്പിലാക്കിയിരുന്നു. ഇതിലൂടെ ഒട്ടനവധി കുടുംബങ്ങള്‍ക്ക് ആശ്വാസമേകാന്‍ സാധിച്ചിരുന്നു.