അബുദാബി കെഎംസിസി കായിക മാധ്യമ പുരസ്‌കാരം കമാല്‍ വരദൂരിന്

കമാല്‍ വരദൂര്‍

അബുദാബി: പത്ര-ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലെ കായികാവലോകന മികവിന് അബുദാബി കെഎംസിസി നല്‍കുന്ന കായിക മാധ്യമ പുരസ്‌കാരത്തിന് കമാല്‍ വരദൂര്‍ അര്‍ഹനായി.
ടോക്കിയോയില്‍ സമാപിച്ച 32ാമത് ഒളിംപിക്‌സ് ഉള്‍പ്പെടെയുള്ള പോയ വര്‍ഷത്തെ കായിക സംഭവങ്ങളെ അധികരിച്ച് നടത്തിയ അവലോകന മികവ് വിലയിരുത്തി
ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്മാരായ ഐ.എം വിജയന്‍, ജോ പോള്‍ അഞ്ചേരി, കാലിക്കറ്റ് വാഴ്‌സിറ്റി കായിക വിഭാഗം മേധാവി ഡോ. വി.പി സക്കീര്‍ ഹുസൈന്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
50,000 രൂപയും പ്രശസ്തി പത്രവും അബുദാബിയില്‍ ഒരുക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങല്‍, ജന.സെക്രട്ടറി അഡ്വ. കെ.വി മുഹമ്മദ്കുഞ്ഞി, ട്രഷറര്‍ പി.കെ അഹമ്മദ് എന്നിവര്‍ വ്യക്തമാക്കി.
കായിക-മാധ്യമ രംഗങ്ങളില്‍ രണ്ടര ദശകങ്ങളുടെ അനുഭവ സമ്പത്തുള്ള കമാല്‍ നിലവില്‍ ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റര്‍ കൂടിയാണ്. ഇന്ത്യന്‍ കായിക മാധ്യമ പ്രവര്‍ത്തകരില്‍ കമാല്‍ ചിരപരിചിതനാണ്.
മൂന്ന് ഒളിംപിക്‌സ്, രണ്ട് ഫുട്‌ബോള്‍ ലോക കപ്പുകള്‍, മൂന്ന് ഏഷ്യന്‍ ഗെയിംസുകള്‍ ഉള്‍പ്പെടെ നിരവധി രാജ്യാന്തര കായിക മാമാങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ ബിബിസിയുടെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ജൂറി അംഗമാണ്.