ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആലപ്പുഴ സ്വദേശിക്ക് 1 കോടി രൂപ നഷ്ടപരിഹാരം

41
റിജാസ് മുഹമ്മദ്കുഞ്ഞ്

ദുബൈ: വാഹനാപകടത്തില്‍ പരിക്കേറ്റ ആലപ്പുഴ സ്വദേശി റിജാസ് മുഹമ്മദ് കുഞ്ഞി(41)ന് 6 ലക്ഷം ദിര്‍ഹം (ഏകദേശം 1 കോടി 20 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ദുബൈ കോടതി വിധി. ഒരു വര്‍ഷത്തോളം നടത്തിയ നിയമ വ്യവഹാരത്തിനൊടുവിലാണ് റിജാസിന് അനുകൂലമായ കോടതി ഉത്തരവുണ്ടായിരിക്കുന്നത്. 2020 ജനുവരി 12ന് അല്‍ ഐന്‍-അബുദാബി റോഡില്‍
വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടാവുകയായിരുന്നു. എതിര്‍ വാഹനത്തിന്റെ ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് റിജാസിന്റെ വാഹനവുമായി കൂട്ടിയിടിച്ചതെന്ന് കോടതിക്ക് ബോധ്യപ്പെടുകയും തുടര്‍ന്ന് ട്രാഫിക് ക്രിമിനല്‍ കോടതി ഡ്രൈവര്‍ക്ക് 5000 ദിര്‍ഹം പിഴ വിധിച്ച് വിട്ടയക്കുകയും ചെയ്തു. തുടര്‍ന്ന്, വാഹനാപകടത്തില്‍ ഗുരുതര പരിക്കുകളേറ്റ റിജാസിന് നഷ്ടപരിഹാരം ലഭിക്കാന്‍ റിജാസിന്റെ സഹോദരീ ഭര്‍ത്താവായ തിരുവനന്തപുരം കണിയാപുരം സ്വദേശിയും അല്‍ ഐനിലെ ഇത്തിസാലാത്ത് ജീവനക്കാരനുമായ ഇബ്രാഹിം കിഫയും സഹോദരനും ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയുമായ റിജാം മുഹമ്മദ് കുഞ്ഞും യുഎഇയിലെ നിയമ പ്രതിനിധിയും സാമൂഹിക പ്രവര്‍ത്തകനുമായ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയായിരുന്നു. ശേഷം, അദ്ദേഹത്തിന്റെ ഇടപെടലിലൂടെ ദുബൈ കോടതിയില്‍ സിവില്‍ കേസ് സമര്‍പ്പിച്ചു. ദുബൈയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനം ഇന്‍ഷൂര്‍ ചെയ്ത യുഎഇയിലെ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെയും വാഹനത്തിന്റെ ഡ്രൈവര്‍ക്കെതിരെയുമാണ് നഷ്ടപരിഹാരം ലഭിക്കാനായി കേസ് രജിസ്റ്റര്‍ ചെയ്തത്. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ ശക്തമായ രേഖകളുമായാണ് റിജാസിന്റെ അഭിഭാഷകന്‍ കോടതിയെ സമീപിച്ചത്. കേസ് കോടതിയില്‍ എത്തിയപ്പോള്‍ റിജാസിന് പറ്റിയ പരിക്കുകള്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം സ്ഥിരീകരിച്ചിട്ടില്ലെന്നും ഏറ്റവും പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും, അതുകൊണ്ട് റിജാസ് നല്‍കിയ പരാതി തള്ളണമെന്നുമാണ് ഇന്‍ഷുറന്‍സ് കമ്പനിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍, റിജാസിന്റെ അഭിഭാഷകന്‍
കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ക്കും വാദങ്ങള്‍ക്കും മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ അഭിഭാഷകന് സാധിച്ചില്ല. തെറ്റ് എതിരെ വന്ന വാഹനത്തിന്റെ ഡ്രൈവറുടെ ഭാഗത്താണെന്നും അതുകൊണ്ട് തന്നെ, റിജാസ് നഷ്ടപരിഹാരത്തിന് അര്‍ഹനാണെന്നും കോടതി കണ്ടെത്തി. തുടര്‍ന്ന്, ഇരുവരുടെയും വാദം സൂക്ഷ്മമായി പരിശോധിച്ച കോടതി, റിജാസിന് പറ്റിയ പരിക്കുകള്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം സ്ഥിരീകരിച്ചിട്ടില്ലെന്നും, ആയതിനാല്‍ റിജാസ് നല്‍കിയ പരാതി തള്ളിക്കളയണമെന്നുമുള്ള ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദം ശരിയല്ലെന്നും; 128/ 2008 എന്ന മറ്റൊരു കേസിലെ അപ്പീല്‍ വിധി പ്രകാരം ഒരു പ്രശ്‌നത്തില്‍ ഒരു മെഡിക്കല്‍ റിപ്പോര്‍ട്ടോ, അല്ലെങ്കില്‍ ഒരു അക്കൗണ്ട് എക്‌സ്പര്‍ട്ട് റിപ്പോര്‍ട്ടോ സമര്‍പ്പിച്ചാല്‍ മറ്റൊരു റിപ്പോര്‍ട്ടിന്റെ ആവശ്യമില്ലെന്നും പരിക്കുകള്‍ വിലയിരുത്താന്‍
നിലവില്‍ റിജാസിന്റെ അഭിഭാഷകന്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് മാത്രം മതിയെന്നും കണ്ടെത്തുകയും ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദം പൂര്‍ണമായും തള്ളുകയുമായിരുന്നു. റിജാസിന്റെ അഭിഭാഷകന്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെയും കോടതിയെ ബോധ്യപ്പെടുത്തിയ പരിക്കുകളുടെയും അടിസ്ഥാനത്തില്‍ റിജാസിന് 6 ലക്ഷം ദിര്‍ഹമും അതിന്റെ ഒമ്പത് ശതമാനം നിയമപരമായ അനുപാതവും നല്‍കാന്‍ കോടതി ഉത്തരവിട്ടു.