അനുഭവം: ഉമ്മക്ക് കാണാന്‍ മാസ്‌ക് താഴ്ത്തി, പിന്നെ നടന്നത് അറിയേണ്ടേ…!

”അറേബ്യന്‍ സംസ്‌കാരവും സ്‌നേഹവും ലാളനയുമൊക്കെ നമുക്കും നാട്ടിലെ നിയമപാലകര്‍ക്കും വലിയ പാഠമാണ്”

 

മുഹമ്മദ് ഇല്യാസ് യു.വി
ബഹ്‌റൈനില്‍പതിവു പോലെ ഡ്യൂട്ടിക്കായി റൂമില്‍ നിന്നും ഭാര്യയോട് സലാം പറഞ്ഞ് ഷോപ്പിലേക്ക് പോകുന്ന വഴിയാണ് വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നത്. ദിവസവും ഏതെങ്കിലും നേരം ഉമ്മയെയോ ഉപ്പയെയോ വിളിക്കുന്ന ശീലം പതിവാണ്. അധിക ദിവസവും ഡ്യൂട്ടിക്ക് പോകുന്ന വഴിയില്‍ നിന്നാണ് വിളിക്കാറ്. ഇന്ന് ഉപ്പയുടെ ഫോണില്‍ വീഡിയോ കോള്‍ ചെയ്തു. വണ്ടി സുഹൃത്ത് കൊണ്ടു പോയതിനാല്‍ നടന്നാണ് പോകുന്നത്. വീഡിയോ കോള്‍ ആയതിനാല്‍ ഉമ്മ ഫോണ്‍ എടുത്തു. ഉമ്മ എടുത്ത ഉടനെ ചോദിച്ചത് ”മോന്റെ മുഖം കാണുന്നില്ലാലോ…” എന്നായിരുന്നു. ഞാന്‍ കരുതി ഫോണ്‍ ക്‌ളിയര്‍ കുറവായത് കൊണ്ടാവാമെന്ന്. ഞാന്‍ കട്ട് ചെയ്ത് ഒന്നു കൂടി വിളിക്കാമെന്ന് ഉമ്മയോട് പറഞ്ഞപ്പോഴാണ് ഉമ്മ മാസ്‌ക് താഴ്ത്താന്‍ ആവശ്യപ്പെട്ടത്.
കേട്ട പാതി ഞാന്‍ ഒന്നും നോക്കാതെ മാസ്‌ക് ഊരി പോക്കറ്റില്‍ വച്ചു. ഉമ്മ സ്‌നേഹത്തോടെ പറഞ്ഞപ്പോള്‍ ഞാന്‍ വേറൊന്നും ചിന്തിച്ചില്ല. അങ്ങനെ വീട് പണിയെ കുറിച്ചൊക്കെ സംസാരിച്ച് കൊണ്ടിരിക്കുമ്പോഴാണ് ഒരു പൊലീസ് വണ്ടി എന്റടുത്ത് നിര്‍ത്തുന്നത്. ഉടന്‍ ഞാന്‍ അറിയാതെ പറഞ്ഞ് പോയി ”അള്ളാഹ്. പടച്ചോനെ, പെട്ടല്ലോ…” കേട്ട ഉടനെ ഉമ്മ ബേജാറായി, ”എന്താ മോനേ പറ്റിയത്” എന്നു ചോദിച്ചു. ”ഒന്നുമില്ല ഉമ്മാ” എന്ന് മറുപടിയും പറഞ്ഞ് ഞാന്‍ പൊലീസ് വണ്ടിക്കടുത്ത് ചെന്നു. പൊലീസ് ഐഡന്റിറ്റി കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടു. നിയമപാലകര്‍ ചോദിച്ചാല്‍ അത് കൊടുക്കണമെന്ന ഉത്തമ ബോധ്യമുള്ളത് കൊണ്ട് തന്നെ ഉടന്‍ പഴ്‌സില്‍ നിന്നും എടുത്ത് അവര്‍ക്ക് കൊടുത്തു.
അവര്‍ മാസ്‌കിടാത്തതിന്റെ പേരില്‍ പിഴയിടുകയാണെന്ന് എന്നോട് പറഞ്ഞു. എനിക്ക് ഒന്നും പറയാന്‍ ഉണ്ടായിരുന്നില്ല. അപ്പോഴാണ് കട്ടാവാതിരുന്ന ഫോണില്‍ നിന്നും ”മോനേ, എന്താ പ്രശ്‌നം” എന്ന് ഉമ്മ ചോദിക്കുന്നത്. പൊലീസ് വന്ന ബേജാറില്‍ ഉമ്മയുടെ ഫോണൊക്കെ ഞാന്‍ മറന്ന് പോയിരുന്നു. ഉടന്‍ ഞാന്‍ മാസ്‌കിട്ട് ഫോണില്‍ ”പിന്നെ വിളിക്കാം ഉമ്മാ” എന്ന് പറഞ്ഞ് കട്ടാക്കാന്‍ തുനിഞ്ഞപ്പോള്‍ ഉമ്മ ഫോണ്‍ വെക്കുന്നില്ല. ”എന്താണ് കാര്യമെന്ന് പറ മോനേ” എന്ന ഉമ്മയുടെ ചോദ്യത്തിനൊപ്പമായിരുന്നു പൊലീസുകാരന്റെയും ചോദ്യം, ”ആരാണ് ഫോണില്‍”? തല്‍ക്കാലം ഫോണ്‍ കട്ടാക്കാനും ആവശ്യപ്പെട്ടു. ധൈര്യം സംഭരിച്ചു കൊണ്ട് പൊലീസുകാരനോട് ഞാന്‍ പറഞ്ഞു, ”സാര്‍, ഞാന്‍ എന്റെ ഉമ്മയെ വിളിക്കുകയായിരുന്നു. ഉമ്മ ആവശ്യപ്പെട്ടത് കൊണ്ടാണ് ഞാന്‍ മാസ്‌ക് അഴിച്ചത്”. പൊലീസുകാരന്‍ ഉടന്‍ ഫോണ്‍ കാണിക്കാന്‍ ആവശ്യപ്പെട്ടു.
ഫോണില്‍ എന്റെ പ്രിയപ്പെട്ട ഉമ്മയുടെ മുഖം കണ്ടതും കാര്യം മനസ്സിലാക്കിയ പൊലീസുകാരന്‍ ഐഡി കാര്‍ഡ് തിരിച്ചു തന്ന ശേഷം ഫോണില്‍ നോക്കി അറബിയില്‍ ”സംഹ മാമാ” (ക്ഷമിക്കണം ഉമ്മാ) എന്നു പറഞ്ഞു. പുഞ്ചിരിയോട് കൂടി സലാം പറഞ്ഞാണ് അവര്‍ പോയത്.ഇപ്പുറത്ത് ബേജാറോടെ നിറകണ്ണുകളോടെ ഒരു പിടിയും കിട്ടാതെ ഉമ്മ ഉണ്ടായിരുന്നു. കാര്യം പറഞ്ഞ് മനസ്സിലാക്കിയപ്പോഴാണ് ഉമ്മക്ക് ആശ്വാസമായത്. പറഞ്ഞു വന്നത്, നാട്ടിലെ പല വീഡിയോകളും കാണുമ്പോള്‍ ഇവിടത്തെ അറേബ്യന്‍ സംസ്‌കാരവും സ്‌നേഹവും ലാളനയുമൊക്കെ നമുക്കും നാട്ടിലെ നിയമപാലകര്‍ക്കുമൊക്കെ വലിയൊരു പാഠമാണെന്നാണ്.
(എഫ്ബി പോസ്റ്റ്)