യെമനിലെ ദുരിത ബാധിതരായ 1,500 കുടുംബങ്ങള്‍ക്ക് ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് 75 ടണ്‍ ഭക്ഷ്യ കിറ്റുകള്‍ നല്‍കി

32
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സിഎസ്ആര്‍ വിഭാഗം മേധാവി ജലീല്‍ പി.എയുടെ നേതൃത്വത്തിലുള്ള വോളണ്ടിയേഴ്‌സ് ടീം യെമനിലെ ദുരിത ബാധിത മേഖലയില്‍ സഹായമെത്തിച്ചപ്പോള്‍

ഭക്ഷ്യ ദുരിതാശ്വാസ പദ്ധതിയ്ക്ക് ആവശ്യമായ തുക ആസ്റ്റര്‍ ജീവനക്കാരും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറും തുല്യമായി സംഭാവന ചെയ്യുകയായിരുന്നു. കഷ്ടതയനുഭവിക്കുന്ന യെമനിലെ കുടുംബങ്ങള്‍ക്ക് 75 ടണ്‍ അവശ്യവസ്തുക്കള്‍ ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് നേരിട്ട് കൈമാറി.
ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫെയ്‌സ് ക്ലാസിഫിക്കേഷന്റെ (ഐപിസി) ഏറ്റവും പുതിയ പോഷകാഹാരക്കുറവ് റിപ്പോര്‍ട്ടിലെ കണക്കുകള്‍ പ്രകാരം, 5 വയസ്സിന് താഴെയുള്ള 2.3 ദശലക്ഷം കുട്ടികള്‍ ഈ വര്‍ഷം യെമനില്‍ കടുത്ത പോഷകാഹാരക്കുറവ് നേരിട്ടേക്കുമെന്നാണ് സൂചന നല്‍കുന്നത്. ഇവരില്‍ 400,000 പേര്‍ക്ക് അതിരൂക്ഷമായ പോഷകാഹാരക്കുറവ് അനുഭവിക്കാനിടയുണ്ടെന്നും, അടിയന്തിര ചികിത്സ ലഭ്യമായില്ലെങ്കില്‍ ഇവര്‍ക്ക് ജീവഹാനിയുണ്ടായേക്കുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

ഹദര്‍മൗത്ത്/ദുബൈ: ലോകത്തിലെ ഏറ്റവും ദുരിതപൂര്‍ണ്ണമായ മാനുഷിക പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്ന യെമനിലെ ജനങ്ങള്‍ക്ക് റേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യാനായി, സന്നദ്ധ സംഘടനയായ ദാര്‍ അല്‍ ഷിഫ എസ്റ്റാബ്‌ളിഷ്‌മെന്റ്, സൈയൂന്‍-ഹദര്‍മൗത്ത് മേഖലാ ഗവര്‍ണര്‍ എന്നിവരുമായി സഹകരിച്ച് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ആഗോള സിഎസ്ആര്‍ മുഖമായ ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് ദുരിതാശ്വാസ ദൗത്യം ആരംഭിച്ചു.
1,500 കുടുംബങ്ങള്‍ക്ക് 50 കിലോ വീതം തൂക്കമുള്ള റേഷന്‍ കിറ്റുകളാണ് കൈമാറിയത്. ഏകദേശം 360,000 ഭക്ഷണപൊതികള്‍ക്ക് തുല്യമാണിത്. യുഎന്‍എഫ്പിയുടെയും ലോകാരോഗ്യ സംഘടനയുടെയും മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം, കൊച്ചുകുട്ടികളും മുലയൂട്ടുന്ന അമ്മമാരും മറ്റ് മുതിര്‍ന്ന അംഗങ്ങളും അടങ്ങുന്ന മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും സമീകൃതാഹാരം ഉറപ്പു വരുത്തുന്ന
അരി, ഗോതമ്പ് മാവ്, പഞ്ചസാര, പാചക എണ്ണ, ബീന്‍സ്, പാല്‍പ്പൊടി, പയറുവര്‍ഗങ്ങള്‍, മറ്റ് അവശ്യ ഭക്ഷ്യ വസ്തുക്കള്‍ എന്നിവയാണ് റേഷന്‍ കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സിഎസ്ആര്‍ വിഭാഗം മേധാവി ജലീല്‍ പി.എയുടെ നേതൃത്വത്തിലാണ് പുറത്തു നിന്നുള്ള വോളണ്ടിയേഴ്‌സിന്റെ സഹായത്തോടെ ദുരിത ബാധിത മേഖലയിലെ നേരിട്ടുള്ള ദുരിതാശ്വാസ ദൗത്യങ്ങള്‍ ഏകോപിക്കപ്പെട്ടത്. സെയ്‌യൂന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ഹദര്‍ മൗത്ത് മേഖലയിലെ ഉള്‍പ്രദേശങ്ങളിലെ സമൂഹങ്ങള്‍ക്ക് ഈ സംഘം റേഷന്‍ കിറ്റുകള്‍ വിതരണം ചെയ്തു. ഭക്ഷ്യ സുരക്ഷിതത്വമില്ലായ്മ, പോഷകാഹാരക്കുറവ്, ആരോഗ്യ പരിപാലനത്തിലെ അപര്യാപ്തത, കോവിഡ്19 പ്രതിസന്ധി കാരണമുള്ള ലോക്ക്ഡൗണിന്റെ ആഘാതം, വീടുകള്‍ നശിക്കാനും ജീവനോപാധികള്‍ നഷ്ടപ്പെടാനുമിടയാക്കിയ അടുത്തിടെയുണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കം എന്നിവയെല്ലാം സൃഷ്ടിച്ച ദുരിതങ്ങളാല്‍ ഇവിടെ യെമന്‍ ജനത വലിയ പ്രയാസങ്ങളാണ് നേരിട്ടു കൊണ്ടിരിക്കുന്നത്.


ഈ ദൗത്യത്തിലൂടെ ആഗസ്റ്റ് 15 മുതല്‍ സെയ്‌യൂന്‍, താരിം, ഷിബാം പട്ടണങ്ങളില്‍ ഒരുക്കിയ വിതരണ കേന്ദ്രങ്ങളിലൂടെ ഭക്ഷണ കിറ്റുകള്‍ കൈമാറി അയ്യായിരത്തോളം ആളുകളെ പിന്തുണയ്ക്കാന്‍ ആസ്റ്റര്‍ വോളണ്ടിയേഴ്‌സിന് സാധിച്ചു. ആസ്റ്റര്‍ ജീവനക്കാര്‍ സംഭാവന ചെയ്ത തുകയുടെയും തത്തുല്യമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ നല്‍കിയ വിഹിതത്തിന്റെയും സഹായത്തോടെ പ്രാദേശികമായി ഭക്ഷ്യവസ്തുക്കള്‍ സംഭരിച്ചു കൊണ്ടാണ് റിലീഫ് ദൗത്യം സാധ്യമാക്കിയത്.
”വര്‍ഷങ്ങളായി തുടരുന്ന ആഭ്യന്തര യുദ്ധത്തിന്റെ കെടുതികളില്‍ തുടരുകയാണ് യെമന്‍. നിര്‍ഭാഗ്യവശാല്‍ അത് വലിയ ദുരിതങ്ങള്‍ക്കാണ് ഇട വരുത്തിയിരിക്കുന്നത്. അവിടെയുള്ള മനുഷ്യര്‍ അനുഭവിക്കുന്ന ദുരന്തം വലിയ വ്യാപ്തിയുള്ളതാണ്. സംഘര്‍ഷം, പട്ടിണി മരണം എന്നിവയിലൂടെ സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. വാസ്തവത്തില്‍, കുട്ടികളടക്കം ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ ക്ഷാമത്തിന്റെ വക്കിലാണ് യെമനിപ്പോഴുള്ളത്” -ദുരിതാശ്വാസ ദൗത്യത്തെ കുറിച്ച് സംസാരിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. യെമനിലെ ജനങ്ങളെ സാധ്യമായ നിലയിലെല്ലാം സഹായിക്കാനുള്ള ഞങ്ങളുടെ ശ്രമമാണ് ആസ്റ്റര്‍ വോളണ്ടിയേഴ്‌സിന്റെ ഈ ദൗത്യം. അനിശ്ചിതത്വങ്ങളും അപകട സാധ്യതകളും ഏറെയുണ്ടെങ്കിലും ദുരിതം നേരിടുന്ന ആളുകളെ വ്യക്തിപരമായി കണ്ടു മുട്ടാനും അവര്‍ക്ക് സഹായ ഹസ്തം നീട്ടാനുമുള്ള ദൗത്യം ഏറ്റെടുത്ത ടീമിനെ അഭിവാദ്യം ചെയ്യുന്നതായും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.
ലക്ഷ്യമിട്ട അഞ്ച് ജില്ലകളിലെ 1500ഓളം കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റുകള്‍ ലഭ്യമാക്കിയതിന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിനും ദാര്‍ അല്‍ ഷിഫ ഫൗണ്ടേഷനും നന്ദി അറിയിക്കുന്നതായി ഹദര്‍ മൗത്ത് അഫേഴ്‌സ് ഓഫ് ദ വാലി, ആന്റ് ഡെസേര്‍ട്ട് ഡയറക്ടറീസ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി എഞ്ചി.ഹിഷാം മുഹമ്മദ് അല്‍ സൈദി പറഞ്ഞു.
യെമനിലെ ദുരിതബാധിതരും നിര്‍ധനരുമായ പൗരന്മാരെ സഹായിക്കാന്‍ ഒപ്പം നിന്ന ആസ്റ്റര്‍ വോളണ്ടിയേഴ്‌സിന്റെ പങ്കാളിത്തത്തെ ദാര്‍ അല്‍ ശിഫ ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ തലവനായ ഫഹ്മി മുഹമ്മദ് അല്‍ സഖാഫും അഭിനന്ദിച്ചു.
യെമനിലെ പ്രാദേശിക ഡോക്ടര്‍മാര്‍ക്കായി മെഡിക്കല്‍ വിദ്യാഭ്യാസം, പരിശീലനം, പരിചരണ ശേഷി വര്‍ധിപ്പിക്കല്‍ സെഷനുകള്‍ എന്നിവ സംഘടിപ്പിക്കാനും ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് പദ്ധതിയിടുന്നു. പ്രാദേശിക ജനതയുടെ ആരോഗ്യ പരിപാലന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ആവശ്യമായ ഏറ്റവും പുതിയ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഇത് അവരെ സജ്ജമാക്കും.
നാല് ദിവസം നീണ്ട ദൗത്യത്തിനിടെ, ഈ മേഖലയിലെ ജനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ മനസ്സിലാക്കാന്‍ ആസ്റ്റര്‍ വോളണ്ടിയേഴ്‌സിന്റെ പ്രതിനിധി സംഘം, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അക്കാദമിക് വിദഗ്ധര്‍, വിദ്യാര്‍ത്ഥികള്‍, ബിസിനസ്സ് കമ്മ്യൂണിറ്റി അംഗങ്ങള്‍ എന്നിവരെ നേരില്‍ കണ്ട് ആശയവിനിമയം നടത്തി. വരും മാസങ്ങളില്‍, ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് പ്രാദേശിക ചാരിറ്റി സംഘടനകളുമായും, സര്‍ക്കാര്‍ വകുപ്പുകളുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ട് പ്രാഥമികാരോഗ്യ പരിരക്ഷ, ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്ന സമൂഹങ്ങള്‍ക്കിടയിലെ ആരോഗ്യ അവബോധം, വിദ്യാഭ്യാസ മേഖലയിലെ പുനരുദ്ധാരണം എന്നിവയിലുള്‍പ്പെടെ നിരവധി മേഖലകളില്‍ പിന്തുണയും സഹായങ്ങളും നല്‍കും.
ആസ്റ്റര്‍ വോളണ്ടിയേഴ്‌സിന്റെ പ്രകൃതിദുരന്ത ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായാണ് ഭക്ഷ്യ ദുരിതാശ്വാസ ദൗത്യം മുന്നോട്ടുെകാണ്ടുപോകുന്നത്. ഇതിന് മുന്‍പ് കേരളത്തിലുണ്ടായ പ്രളയത്തില്‍ ദുരിതമനുഭവിച്ചവര്‍, ക്ഷാമം നേരിട്ട സോമാലിയന്‍ ജനത, ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍, ജോര്‍ദാനിലെ സതാരി ക്യാമ്പിലെ സിറിയന്‍ അഭയാര്‍ഥികള്‍ എന്നിവര്‍ക്കെല്ലാമുള്‍പ്പെടെ ഇതുവരെ 288,158 പേര്‍ക്ക് വിവിധ ദൗത്യങ്ങളിലൂടെ സഹായ ഹസ്തമെത്തിക്കാന്‍ ആസ്റ്റര്‍ വോളണ്ടിയേഴ്‌സിന് സാധിച്ചിട്ടുണ്ട്.