സിബിഎസ്ഇ പരീക്ഷയില്‍ നൂറു മേനി വിജയം ആവര്‍ത്തിച്ച് ഗള്‍ഫ് ഏഷ്യന്‍ ഇംഗ്‌ളീഷ് സ്‌കൂള്‍

ഷാര്‍ജ: സിബിഎസ്ഇ പത്താം തരം പരീക്ഷയില്‍ നൂറു മേനി വിജയം ആവര്‍ത്തിച്ച് ഗള്‍ഫ് ഏഷ്യന്‍ ഇംഗ്‌ളീഷ് സ്‌കൂള്‍. ഇത്തവണ പരീക്ഷ എഴുതിയ 108 ആണ്‍കുട്ടികളും 121 പെണ്‍കുട്ടികളും ഉള്‍പ്പടെ 229 കുട്ടികള്‍ മികച്ച വിജയത്തോടെ ഉന്നത പഠനത്തിന് യോഗ്യത നേടി. 36 വിദ്യാര്‍ത്ഥികള്‍ 90 ശതമാനതിന് മുകളില്‍ മാര്‍ക്ക് നേടി. 115 പേര്‍ ഡിസ്റ്റിംഗ്ഷനോടെയും 80 പേര്‍ ഫസ്റ്റ് ക്‌ളാസോടെയും പാസായി. 98.2 ശതമാനം മാര്‍ക്ക് നേടി നന്ദന മേനോന്‍.പി സ്‌കൂള്‍ ടോപറായി. 98 ശതമാനം മാര്‍ക്കോടെ സോനെല്‍ സാജു സെക്കന്‍ഡ് ടോപറും 97.4 ശതമാനം മാര്‍ക്കോടെ പ്രഗ്യ ശേഖര്‍ തേഡ് ടോപറുമായി. ഐടി, കണക്ക് വിഷയങ്ങളില്‍ നന്ദന മേനോന്‍.പി, സാമൂഹിക ശാസ്ത്രത്തില്‍ സോണല്‍ സാജു, പ്രഗ്യ ശേഖര്‍ എന്നിവര്‍ ഫുള്‍ മാര്‍ക്ക് കരസ്ഥമാക്കി.


നന്ദന മേനോന്‍.പി, സോനെല്‍ സാജു, പ്രഗ്യ ശേഖര്‍, ആലിറ്റ ആലിസ് ബിനു, അഥിത കല്ലായി മുരളി, ശ്രേയ സഞ്ജയ്.സി, അഫീറ ഫിര്‍ദൗസ്, അഫ്‌ലഹ അബ്ദുല്‍ സത്താര്‍ എന്നിവര്‍ മുഴുവന്‍ വിഷയങ്ങളിലും എ വണ്‍ സ്വന്തമാക്കി. പ്രതിസന്ധികളുടെ കാലത്തും മികച്ച പ്രയത്‌നത്തിലൂടെ ഉജ്വല വിജയം നേടിയ വിദ്യാര്‍ത്ഥികളെ പേസ് ഗ്രൂപ് ചെയര്‍മാന്‍ ഡോ. പി.എ ഇബ്രാഹിം ഹാജി, സ്‌കൂള്‍ ഡയറക്ടര്‍ സുബൈര്‍ ഇബ്രാഹിം, പ്രിന്‍സിപ്പല്‍ ഡോ. നസ്‌റീന്‍ ബാനു ബി.ആര്‍ എന്നിവര്‍ അഭിനന്ദിച്ചു.