രാജ്യത്തിന്റെ ഉന്നത മൂല്യങ്ങള്‍ കോണ്‍ഗ്രസ് സംഭാവന: കെ.സുധാകരന്‍ എംപി

ദുബൈ: രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ ഉന്നതമായ മൂല്യങ്ങള്‍ കോണ്‍ഗ്രസ്സിന്റെ സംഭാവനയാണെന്നും വര്‍ഗീയ വിഷം തളിച്ച് അത് ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തിനെതിരെ ജനാധിപത്യ, മതേതര വിശ്വാസികള്‍ ഒറ്റക്കെട്ടായി പോരാടണമെന്നും കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍ എംപി പ്രസ്താവിച്ചു. 75 -ാമത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ദുബൈ ഇന്‍കാസ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് നദീര്‍ കാപ്പാട് അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ബി.എ നാസര്‍ സ്വാഗതം പറഞ്ഞു. ‘വീക്ഷണം’ യുഎഇ ഓണ്‍ലൈന്‍ പതിപ്പിന്റെ ഉദ്ഘാടനം കെപിസിസി പ്രസിഡണ്ട് നിര്‍വഹിച്ചു. അംഗങ്ങള്‍ സ്വാതന്ത്ര്യ ദിന പ്രതിജ്ഞയെടുത്തു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഇ.പി ജോണ്‍സണ്‍ മുഖ്യ പ്രഭാഷണം നടത്തി. യുഎഇ ഇന്‍കാസ് അകറ്റിംഗ് പ്രസിഡണ്ട് ടി.എ രവീന്ദ്രന്‍, ഒഐസിസി ഗ്‌ളോബല്‍ സെക്രട്ടറി അഡ്വ. ഹാഷിഖ് തൈക്കണ്ടി, യുഎഇ കമ്മിറ്റി സീനിയര്‍ വൈസ് പ്രസിഡണ്ട് എന്‍.പി രാമചന്ദ്രന്‍, ജേക്കബ് പത്തനാപുരം, സി.മോഹന്‍ദാസ്, അബുദാബി ഇന്‍കാസ്പ്രസിഡണ്ട് യേശുശീലന്‍, ഷാര്‍ജ പ്രസിഡണ്ട് അഡ്വ. വൈ.എ റഹിം, എസ്.എം ജാബിര്‍, അനൂര മത്തായി, സി.എ ബിജു, നൂറുല്‍ ഹമീദ്, അബ്ദുറഹ്മാന്‍ ഏറാമല, ബി.പവിത്രന്‍, ശിവകുമാര്‍ മേനോന്‍, ബഷീര്‍ നരണിപ്പുഴ, പ്രതീപ് കോശി, സുജിത് മുഹമ്മദ്, റഫീക്ക് മട്ടന്നൂര്‍, ഇഖ്ബാല്‍ ചെക്യാട്, ഉദയ വര്‍മ, അലി കാസര്‍കോട്, ഷൈജു അമ്മാനപ്പാറ, ഷാജി അലവില്‍ പ്രസംഗിച്ചു. സെക്രട്ടറി അഷ്‌റഫ് പലേരി നന്ദി പറഞ്ഞു.