പ്രവാസികള്‍ക്കായുള്ള ഇടപെടല്‍: പി.എ റഹ്മാന്‍ പുരസ്‌കാരം ടി.എന്‍ പ്രതാപന്‍ എംപിക്ക്

75
ടി.എന്‍ പ്രതാപന്‍ എംപി

222,222 രൂപയും ഫലകവും സമ്മാനിക്കും

അബുദാബി: യുഎഇയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ഗ്രീന്‍ വോയ്‌സ് ഏര്‍പ്പെടുത്തിയ പി.എ റഹ്മാന്‍ സ്മാരക പുരസ്‌കാരത്തിന് ടി.എന്‍ പ്രതാപന്‍ എംപി തെരഞ്ഞെടുക്കപ്പെട്ടു. 222,222 രൂപയും ഫലകവുമടങ്ങുന്ന പുരസ്‌കാരം നവംബറില്‍ ദുബൈയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
പ്രവാസി വിഷയങ്ങള്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കുകയും നിരന്തരം പ്രവാസികള്‍ക്കു വേണ്ടി ശബ്ദിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന പ്രതാപന്റെ സേവനം കണക്കിലെടുത്താണ് അവാര്‍ഡിനായി തെരഞ്ഞെടുത്തതെന്ന് ഗ്രീന്‍ വോയ്‌സ് ചെയര്‍മാന്‍ സി.എച്ച് ജാഫര്‍ തങ്ങള്‍, ജന.കണ്‍വീനര്‍ അഷ്‌റഫ് നജാത്ത്, ട്രഷറര്‍ ഫസല്‍ കല്ലറ എന്നിവര്‍ വ്യക്തമാക്കി.
യു.അബ്ദുല്ല ഫാറൂഖി, ജലീല്‍ പട്ടാമ്പി, റസാഖ് ഒരുമനയൂര്‍, കെ.പി മുഹമ്മദ് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
കഴിഞ്ഞ 16 വര്‍ഷമായി ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും സാമൂഹിക-സാംസ്‌കാരിക മേഖലകളിലും നിരവധി പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഗ്രീന്‍ വോയ്‌സ് ശ്രദ്ധേയമാണ്.
നാദാപുരം കേന്ദ്രമാക്കിയുള്ള ഗ്രീന്‍ വോയ്‌സ് ‘സ്‌നേഹപുരം’ എന്ന പേരില്‍ ഓരോ വര്‍ഷവും നല്‍കി വരുന്ന മാധ്യമ പുരസ്‌കാരം, ഹരിതാക്ഷര പുരസ്‌കാരം, കര്‍മശ്രീ പുരസ്‌കാരം തുടങ്ങിയവ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉള്‍പ്പെടെ കേരളത്തിലെ പ്രഗത്ഭരായ മാധ്യമ-സാഹിത്യ മേഖലകളിലുള്ളവര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ ദത്തെടുക്കുക വഴി ഡോക്ടര്‍ പദവി ഉള്‍പ്പെടെ നിരവധി പേരെ ഉന്നതിയിലെത്തിക്കാന്‍ സംഘടനക്ക് കഴിഞ്ഞിട്ടുണ്ട്.
വിവിധ ജില്ലകളിലായി മുപ്പതോളം പേര്‍ക്ക് സൗജന്യമായി ഭവന നിര്‍മാണം, നൂറുകണക്കിനാളുകള്‍ക്ക് ചികിത്സാ സഹായം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ ഒട്ടേറെ പേര്‍ക്ക് ആശ്വാസമായി മാറിയിട്ടുണ്ട്.
‘കനിവ് തിരുവള്ളൂരു’മായി ചേര്‍ന്ന് നടപ്പാക്കുന്ന പൂക്കോയ തങ്ങള്‍ സ്മാരക റിഹാബിലിറ്റേഷന്‍ സെന്ററിനു വേണ്ടിയുള്ള മൂന്നു നില കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ചെയര്‍മാന്‍ ജാഫര്‍ തങ്ങള്‍ പറഞ്ഞു.