ഇന്ത്യയടക്കം രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക് നേരിട്ട് വിമാന സര്‍വീസ് 26 മുതല്‍

56

മുഷ്താഖ് ടി. നിറമരുതൂര്‍
കുവൈത്ത് സിറ്റി: ഇന്ത്യ, ബംഗ്‌ളാദേശ്, നേപ്പാള്‍, പാകിസ്താന്‍, ശ്രീലങ്ക, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കുവൈത്ത് മന്ത്രിസഭ കഴിഞ്ഞ വ്യാഴാഴ്ചയെടുത്ത തീരുമാന പ്രകാരം കുവൈത്ത് ഡിജിസിഎ സര്‍ക്കുലര്‍ പുറത്തിറക്കി. മന്ത്രിസഭാ തീരുമാനത്തെ തുടര്‍ന്ന് കുവൈത്ത് ജിഡിസിഎ ഇതുസംബന്ധിച്ച് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
വ്യാഴാഴ്ചയോടെ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നാണ് സൂചനകള്‍. ആദ്യ ദിനം ഒരു വിമാനം ഈജിപ്തില്‍ നിന്നും രണ്ട് വിമാനങ്ങള്‍ ഇന്ത്യയില്‍ നിന്നും കുവൈത്തിലെത്തും.
കുവൈത്തില്‍ അംഗീകാരമുള്ള വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്കാണ് (ഫൈസര്‍, ഓക്‌സ്ഫര്‍ഡ്, മൊഡേണ, ജോണ്‍സണ്‍ & ജോണ്‍സണ്‍) പ്രവേശനാനുമതി. സിനോഫാം, സിനോവാക്, സ്പുട്‌നിക് എന്നീ വാക്‌സിനുകളുടെ രണ്ട് ഡോസ് സ്വീകരിച്ചവര്‍, കുവൈത്തില്‍ അംഗീകാരമുള്ള വാക്‌സിനുകളുടെ ഒരു ഡോസെങ്കിലും സ്വീകരിച്ചാലും പ്രവേശനം അനുവദിക്കും.
വാക്‌സിനേഷന്‍ ചെയ്തവരില്‍ കുവൈത്തിന് പുറത്ത് നിന്ന് വാക്‌സിനേഷന്‍ നടത്തിയവര്‍, കുവൈത്തില്‍ നിന്ന് വാക്‌സിനേഷന്‍ നടത്തിയവര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തരം തിരിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
കുവൈത്തില്‍ നിന്നും വാക്‌സിനേഷന്‍ സ്വീകരിച്ച് നാട്ടിലേക്ക് പോയവര്‍ കുവൈത്ത് ഇമ്യൂണ്‍ ആപ്പിലും മൊബൈല്‍ ഐഡി ആപ്പിലും ഇവ ഡൗണ്‍ലോഡ് ചെയ്ത് ഇവയുടെ സ്റ്റാറ്റസ് പച്ച നിറമായി കാണിക്കണം. വിദേശത്ത് നിന്ന് വാക്‌സിന്‍ സ്വീകരിച്ചവരുടെ പേപ്പര്‍ രൂപത്തിലുള്ള വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം.


മറ്റു നിബന്ധനകള്‍ നാല് വിഭാഗങ്ങളായി താഴെ പറയുന്ന പ്രകാരമാണ് തരം തിരിച്ചിരിക്കുന്നത്

വിഭാഗം 1: വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ സ്വദേശികളും സാധുവായ താമസ രേഖയുള്ള വിദേശികളും:
72 മണിക്കൂര്‍ സാധുതയുള്ള പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്.
ശ്‌ളോനിക് ആപ്പ് രജിസ്‌ട്രേഷന്‍
ഏഴുദിവസത്തെ ഹോം ക്വാറന്റീന്‍
3 ദിവസത്തിനു ശേഷം ഇവര്‍ക്ക് പിസിആര്‍ പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റൈന്‍ അവസാനിപ്പിക്കാവുന്നതാണ്.

വിഭാഗം 2: വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ പുതിയ വിസയില്‍ എത്തുന്നവര്‍, സിവില്‍ ഐഡി നമ്പര്‍ ലഭിക്കാത്തവര്‍:
കുവൈത്തില്‍ എത്തിയാല്‍ 24 മണിക്കൂറിനകം പിസിആര്‍ പരിശോധനക്ക് വിധേയരാവണം.
72 മണിക്കൂര്‍ സാധുതയുള്ള പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്
കുവൈത്തില്‍ എത്തിയാല്‍ കുവൈത്തിനെ മൊബൈല്‍ സിം കാര്‍ഡ് എടുത്ത് ശ്‌ളോനിക് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുമെന്ന സത്യവാംങ്മൂലം.
ഏഴു ദിവസത്തെ ഹോം ക്വാറന്റൈന്‍
മൂന്നു ദിവസത്തിന് ശേഷം പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റൈന്‍ അവസാനിപ്പിക്കാം.

വിഭാഗം 3: വാക്‌സിനേഷന്‍ സ്വീകരിക്കാത്ത, പ്രത്യേക ഇളവ് ലഭിച്ചവര്‍:
72 മണിക്കൂര്‍ സാധുതയുള്ള പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്.

ശ്‌ളോനിക് ആപ്പ് രജിസ്‌ട്രേഷന്‍
ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍
7 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ അവസാനിച്ച ശേഷം ഏഴു ദിവസത്തെ ഹോം ക്വാറന്റൈന്‍ കുവൈത്തിലെത്തി 24 മണിക്കൂറിനകം ആദ്യ പിസിആര്‍ പരിശോധന, ആറാം ദിവസം രണ്ടാമത്തെ പിസിആര്‍ പരിശോധന. ഇവയുടെ ചെലവ് കുവൈത്തില്‍ എത്തുന്നതിന് മുന്‍പായി കുവൈത്ത് മുസാഫിര്‍ ആപ്പ് വഴി അടക്കണം.

വിഭാഗം 4: ഗാര്‍ഹിക വിസയില്‍ എത്തുന്നവര്‍:
ഇവര്‍ ബില്‍സലാമ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുകയും മറ്റു യാത്രാ നിബന്ധനകള്‍ പൂര്‍ത്തിയാക്കുകയും ചെയ്യുക.