ദുബൈ താമസ വിസക്കാരുടെ കാലാവധി നീട്ടി നല്‍കി ജിഡിആര്‍എഫ്എ

20

ദുബൈ: യുഎഇയിലേക്കുള്ള വിമാന യാത്രാ വിലക്കിനെ തുടര്‍ന്ന് കാലാവധി അവസാനിച്ച ദുബൈ വിസക്കാരുടെ കാലാവധി നീട്ടി നല്‍കിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് ദുബൈ (ജിഡിആര്‍എഫ്എഡി) ഔദ്യോഗികമായി അറിയിച്ചു. ഇത്തരത്തില്‍ കാലാവധി കഴിഞ്ഞ ദുബൈ റെസിഡന്റ് വിസകളെല്ലാം 2021 നവംബര്‍ 10 വരെ നീട്ടി നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി .ഇന്ത്യ, പാകിസ്താന്‍, നേപ്പാള്‍, ശ്രീലങ്ക, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കാലാവധി കഴിഞ്ഞവര്‍ക്ക് വിസാ കാലാവധി നീട്ടി നല്‍കിയിട്ടുണ്ട്
കോവിഡ്19 നിയന്ത്രണം മൂലം യാത്ര ചെയ്യാന്‍ കഴിയാതെ 2021 ഏപ്രില്‍ 20നും 2021 നവംബര്‍ 9നുമിടയില്‍ കാലാവധി കഴിയുന്നതോ, കഴിഞ്ഞതോ ആയ വിസക്കാര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. എന്നാല്‍, ഇത്തരം വിസക്കാര്‍ രാജ്യത്ത് പ്രവേശിച്ചാല്‍ 30 ദിവസത്തിനുള്ളില്‍ അവരുടെ വിസാ സ്റ്റാറ്റസ് മാറ്റുകയോ, അല്ലെങ്കില്‍ വിസ പുതുക്കുകയോ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.
അതിനിടെ, 2020 ഒക്‌ടോബര്‍ 20ന് മുന്‍പ് യുഎഇക്ക് പുറത്ത് താമസിക്കുന്ന ദുബൈ വിസക്കാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ലെന്നും ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു.