ദുബൈയിലെ ഏറ്റവും പ്രായം കുറഞ്ഞ യുവ സംരംഭകന്‍ ജാസിം ഫൈസലിന് ഗോള്‍ഡന്‍ വിസ

കോസ്‌മോസ് സ്‌പോര്‍ട്‌സ് ഇന്റര്‍നാഷണല്‍ സിഇഒ ജാസിം ഫൈസല്‍ ദുബൈ ജിഡിആര്‍എഫ്എ ഉദ്യോഗസ്ഥനില്‍ നിന്ന് 10 വര്‍ഷത്തെ യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നു

ദുബൈ: നിക്ഷേപകര്‍ക്ക് യുഎഇ സര്‍ക്കാര്‍ നല്‍കുന്ന 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ ദുബൈയിലെ ഏറ്റവും പ്രായം കുറഞ്ഞ യുവ സംരംഭകന്‍ ജാസിം ഫൈസലിന് ലഭിച്ചു. കോഴിക്കോട് സ്വദേശിയയായ ജാസിം ഫൈസല്‍, സ്‌പോര്‍ട്‌സ് ആന്‍ഡ് ഫിറ്റ്‌നസ് രംഗത്ത് ഇന്ത്യയിലും യുഎഇയലും അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ബ്രാന്‍ഡായ കോസ്‌മോസ് സ്‌പോര്‍ട്‌സ് ഇന്റര്‍നാഷണല്‍ സിഇഒ ആണ്. യുകെയില്‍ നിന്നും ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം നേടിയ ജാസിം ഫൈസല്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ഫിറ്റ്‌നസ് രംഗത്ത് അതി നൂതന ആശയങ്ങള്‍ കൈമുതലാക്കി യുഎഇ യുടെ കായിക മേഖലക്കും കായിക പ്രേമികള്‍ക്കും ഏറ്റവും മുതല്‍ക്കൂട്ടാകുന്ന സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ബൃഹദ് പദ്ധതിയായ കോസ്‌മോസ് സ്‌പോര്‍ട്‌സ് സിറ്റിയുടെ പണിപ്പുരയിലാണിപ്പോള്‍. സ്‌പോര്‍ട്‌സ് ആന്‍ഡ് ഫിറ്റ്‌നസ് രംഗത്ത് ദുബൈയെ ലോകത്തിന്റെ നേട്ടങ്ങളുടെ നെറുകയില്‍ എത്തിച്ചു കൊണ്ടിരിക്കുന്ന ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ജാസിം ഫൈസലിന്റെ റോള്‍ മോഡല്‍. കുറഞ്ഞ കാലത്തിനകം തന്നെ സ്‌പോര്‍ട്‌സ് ആന്‍ഡ് ഫിറ്റ്‌നസ് രംഗത്ത് ആഗോള ബ്രാന്‍ഡുകളുടെ പട്ടികയില്‍ കോസ്‌മോസിനെ മുന്‍നിരയില്‍ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ജാസിം. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് കോര്‍പറേറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.കെ ഫൈസല്‍ പിതാവാണ്. മാതാവ്: നസീറ ഫൈസല്‍. സഹോദരി ജാമിയ ഫവാസ്. ഫൈന്‍ ടൂള്‍സ് ഡയറക്ടര്‍ ഫവാസ് ഷംസുദ്ദീന്‍ സഹോദരീ ഭര്‍ത്താവാണ്.